കോളയും തേങ്ങയുമായി സെന്റിനൽ ദ്വീപിൽ, അമേരിക്കന് പൗരൻ അറസ്റ്റിൽ; എന്താണ് ഇവിടെ ഒളിഞ്ഞിരിക്കുന്ന രഹസ്യം?

Mail This Article
ദുരൂഹതയുണർത്തുന്ന ദ്വീപാണ് ആൻഡമാനിലെ സെന്റിനൽ. ഇവിടെ ഒരുകൂട്ടം മനുഷ്യർ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നു. ആരെങ്കിലും തങ്ങളെ തേടിയെത്തുന്നത് അവർ ആഗ്രഹിക്കുന്നില്ല. അവിടേക്ക് മറ്റുള്ളവർ പോകുന്നത് സർക്കാർ വിലക്കിയിട്ടുമുണ്ട്. വിലക്കു ലംഘിച്ച വിദേശ പൗരൻ അറസ്റ്റിലായതോടെ ഇതാ വീണ്ടും ആ നിഗൂഢ സ്ഥലം വാർത്തകളിൽ നിറയുന്നു.
മൈഖൈലോ വിക്ടോറോവിച്ച് പോളിയാക്കോവ് (24) എന്നയാളാണ് ക്യാമറയുൾപ്പെടെയുള്ള സന്നാഹങ്ങളോടെ ദ്വീപിലേക്കെത്തിയത്. മാർച്ച് 26 ന് പോർട്ട് ബ്ലെയറിൽ എത്തിയ യുഎസ് ടൂറിസ്റ്റ് കുർമ ദേര ബീച്ചിൽ നിന്ന് നോർത്ത് സെന്റിനൽ ദ്വീപിലേക്ക് പോകുകയായിരുന്നത്രെ.കൈവശം കരുതിയിരുന്ന തേങ്ങയും കോള ടിന്നും ഇയാൾ അവിടെ ഉപേക്ഷിക്കുകയും ചെയ്തതായി ഗോപ്രോ വിഡിയോയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടുകൾ വരുന്നു.
ആൻഡമാൻ – നിക്കോബാർ ദ്വീപസമൂഹങ്ങളിൽ വളരെ പ്രത്യേകതകൾ പുലർത്തുന്ന ദ്വീപാണു സെന്റിനൽ. ബംഗാൾ ഉൾക്കടലിൽ ആൻഡമാനിൽ ഉൾപ്പെട്ട ദ്വീപാണു സെന്റിനൽ. ഇതിനു തെക്കായി തെക്കൻ സെന്റിനൽ എന്ന ദ്വീപ്. കപ്പലുകൾക്കു തീരത്ത് അടുക്കാനാകാത്ത വിധം പ്രകൃതി തന്നെ ദ്വീപിനു ചുററും ഒരു സുരക്ഷാമേഖല ഒരുക്കിയിട്ടുണ്ട്. പവിഴപ്പുറ്റുകൾ നിറഞ്ഞ ഒരു മേഖല. ദ്വീപിനു കുറുകെ ഹെലികോപ്റ്ററുകളും പറത്താറില്ല.
ബ്രിട്ടീഷുകാരും കടന്നുകയറിയില്ല

നിബിഡവനം നിലനിൽക്കുന്ന ദ്വീപിലെ മനുഷ്യവാസം ആദ്യമായി കണ്ടെത്തിയത് ബ്രിട്ടിഷ് പര്യവേക്ഷകനായ ജോൺ റിച്ചിയാണ്.60000 വർഷങ്ങൾക്കു മുൻപേ ഇവിടെ ആളുകൾ താമസിച്ചിരുന്നെന്ന് വിദഗ്ധർക്കിടയിൽ അഭ്യൂഹമുണ്ട്. 1880ൽ ബ്രിട്ടിഷ് ഉദ്യോഗസ്ഥനായ മോറിസ് പോർട്മാൻ ഇവിടെ ആദ്യമായി കാലുകുത്തി. . അന്ന് സെന്റിനലുകാര്‍ വലിയ അത്ഭുതമായിരുന്നില്ല. കാരണം ഇതേ രീതിയിൽ ജീവിക്കുന്ന ധാരാളം ഗോത്ര വർഗക്കാർ ഉണ്ടായിരുന്നു.
ബ്രിട്ടീഷുകാർക്ക് ഈ ദ്വീപുകളിൽ വലിയ താൽപര്യമില്ലായിരുന്നു. പിൽക്കാലത്തും ദ്വീപിലേക്കു മറ്റുളളവർ അധികം എത്തിയില്ല. അതിനാൽ തന്നെ ദ്വീപുനിവാസികൾ തങ്ങളുടെ തനതുരീതികൾ നിലനിർത്തി.നൂറ്റാണ്ട് കഴിയുമ്പോഴും അതേ രീതിയിൽ ജീവിക്കുന്നതോടെയാണ് ഈ ഗോത്ര വർഗക്കാർ അദ്ഭുതമായിരിക്കുന്നത്.
എഴുപതുകളിൽ ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ ദ്വീപുകളിലേക്കു പര്യവേക്ഷണയാത്രകൾ തുടങ്ങി. സെന്റിനലീസ് ഗോത്രത്തെക്കുറിച്ച് കുറെ വിവരങ്ങൾ ലഭിച്ചു. എന്നാലും പൂർണമായി ഇവരെ മനസ്സിലാക്കാൻ സാധിച്ചില്ല എന്നതാണു സത്യം. ആൻഡമാനിലെ മറ്റുഗോത്രക്കാരെക്കാൾ ഉയരം കൂടിയവരാണു സെന്റിനലുകൾ.
ദ്വീപസമൂഹത്തിൽ സെന്റിനലുകൾ ഉൾപ്പെടുന്ന 'നെഗ്രിറ്റോ' വംശജർ ആഫ്രിക്കയിൽനിന്നുള്ള കുടിയേറ്റത്തിൽ (ഔട്ട് ഓഫ് ആഫ്രിക്ക തിയറി) ദ്വീപിലെത്തിയവർ ആകാമെന്നാണു നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായം.ഗ്രേറ്റ് ആൻഡമാനീസ്, ഓംഗി, ജരാവ എന്നീ മറ്റു നെഗ്രിറ്റോ ഗോത്രങ്ങളുടെ ജനിതകഘടനയുടെ പരിശോധന ഇതു സാധൂകരിക്കുന്നു. ഇതേ സാമ്യം സെന്റിനലുകളിലുമുണ്ടാകാം.
ദ്വീപിലെത്തുന്നവരെ അമ്പെയ്തു കൊല്ലുന്നവർ
സെന്റിനലീസുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ജോൺ ചൗ എന്നയാൾ 2018 നവംബറിൽ കൊല്ലപ്പെട്ടിരുന്നു. അതിനാൽ ദ്വീപിലെത്തുന്നവരെ അമ്പെയ്തു കൊല്ലുന്നവരായിട്ടാണു സെന്റിനലുകളെ കണക്കാക്കുന്നത്. എന്നാൽ ഇവരുടെ ആക്രമണം ഒരുപക്ഷേ സ്വയരക്ഷയിലുള്ള പേടിമൂലമാകാമെന്നു ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഡയറക്ടർ ഡോ എം. ശശികുമാർ അഭിപ്രായപ്പെട്ടിരുന്നു.