ഹിമാലയമെന്ന അദ്ഭുതക്കാഴ്ച; ബഹിരാകാശത്ത് നിന്ന് ഇന്ത്യയുടെ കാഴ്ച വിവരിച്ച് സുനിത വില്യംസ്

Mail This Article
ഒൻപതു മാസത്തോളം നീണ്ട ബഹിരാകാശ ജീവിതത്തിനുശേഷം തിരിച്ചെത്തി നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ബഹിരാകാശ ജീവിതത്തിലെ അദ്ഭുതക്കാഴ്ചകൾ വിവരിച്ച് സുനിത വില്യംസ്. 400 കിലോമീറ്ററോളം അകലെനിന്നുള്ള ഇന്ത്യൻ ഭൂപ്രകൃതിയുടെ കാഴ്ച സുനിത വില്യംസിനെ എങ്ങനെ അത്ഭുതപ്പെടുത്തിയെന്ന് വിശദീകരിച്ചത് ഇങ്ങനെ:
'ഇന്ത്യ അത്ഭുതകരമാണ്. ഹിമാലയത്തിന് മുകളിലൂടെ പോകുമ്പോഴെല്ലാം, ബുച്ച് വിൽമോർ അമ്പരപ്പിക്കുന്ന ചിത്രങ്ങൾ എടുത്തു, അത് അതിശയകരമായിരുന്നു'
ഇന്ത്യയുടെ ഭൂപ്രകൃതിയിലെ വൈവിധ്യമാർന്ന നിറങ്ങൾ അത്ഭുതപ്പെടുത്തിയതായി സുനിത വില്യംസ് പറഞ്ഞു ഗുജറാത്തിലെ തീരപ്രദേശത്തെ മത്സ്യബന്ധന കപ്പലുകളുടെ കാഴ്ചയും അവർ എടുത്തുപറഞ്ഞു.
രാത്രിയിലെ നഗരങ്ങളിലെ വെളിച്ചങ്ങൾ വളരെ ആകർഷണീയമായി തോന്നിയെന്നും സുനിത വില്യംസ് പറഞ്ഞു.
ഹിമാലയത്തിന്റെ ഭംഗി സുനിത പ്രത്യേകം പരാമർശിച്ചു. ഹിമാലയം ഇന്ത്യയിലേക്ക് 'ഇറങ്ങിച്ചെല്ലുന്ന' കാഴ്ച അതിമനോഹരമാണെന്ന് അവർ പറഞ്ഞു.ഇന്ത്യൻ വംശജയായ സുനിത വില്യംസ് തന്റെ ഇന്ത്യൻ വേരുകളെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്.
ഇന്ത്യയെ കാണുന്നത് അകലെ ഒരു വീട് കാണുന്നതുപോലെ ആയിരുന്നുവെന്നാണ് സുനിത വിശദീകരിച്ചത്.ഗുജറാത്തിലെ ജുലാസന്‍ (Jhulasan) പ്രദേശത്തു നിന്നാണ് സുനിതയുടെ പൂര്‍വികർ അമേരിക്കയിലേക്ക് കുടിയേറിയത്. ജുലാസന്‍ വാസികള്‍ക്കും സുനിതയുടെ പേര് അഭിമാനം പകരുന്ന ഒന്നാണ്.
സുനിതയുടെ അച്ഛനും, മുത്തശ്ശിയും മുത്തശനും ഒക്കെ ഇവിടത്തുകാരാണ്. ഇവര്‍ മുമ്പ് മൂന്നു തവണ തിരിച്ച് ഗ്രാമം സന്ദര്‍ശിച്ചിട്ടുണ്ട്-1972, 2007, 2013 വര്‍ഷങ്ങളില്‍.ഐഎസ്എസില്‍ തങ്ങിപ്പോയ സുനിതയെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി പ്രദേശവാസികള്‍ ദിവസവും പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. കെടാവിളക്ക് സൂക്ഷിച്ചിരുന്നു.
ഏകദേശം 7000 പേരാണ് ജുലാസന്‍ ഗ്രാമത്തിലുള്ളത്. സുനിതയുടെ മുത്തച്ഛന്റെയും മുത്തശിയുടെയും പേരില്‍ ഇവിടെ ഒരു ലൈബ്രറിയുമുണ്ട്. സുനിതയുടെ അച്ഛന്‍ ദീപക് പാണ്ഡ്യ ഒരു ന്യൂറോസയന്റിസ്റ്റ് ആയിരുന്നു 2020ല്‍ അദ്ദേഹം അന്തരിച്ചു.
1984ൽ, ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശയാത്രികനായ രാകേഷ് ശർമ്മ ബഹിരാകാശത്ത് നിന്ന് തന്റെ മാതൃരാജ്യത്തെ നോക്കി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തോട് ചോദിച്ചു: ബഹിരാകാശത്ത് നിന്ന് ഇന്ത്യ എങ്ങനെ കാണപ്പെടുന്നുവെന്ന്, സാരേ ജഹാംസെ അച്ചാ എന്ന ഒരു വരിയിലൂടെ മറുപടി ലഭിച്ചു. നാല് പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ, രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ISS) 286 ദിവസം ചെലവഴിച്ച ശേഷം അടുത്തിടെ തിരിച്ചെത്തിയ ഇന്ത്യൻ വംശജയായ നാസ ബഹിരാകാശയാത്രിക സുനിത വില്യംസും സമാനമായ ചോദ്യം നേരിട്ടു.