'സർക്കാർ ഓഫിസ് കയറി മടുത്തോ? വേഗം പരിഹാരം'! ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകരുത്

Mail This Article
ഉരൽ കുഴിക്കാനുണ്ടോ? അമ്മി കൊത്താനുണ്ടോ?
കഴിഞ്ഞ നൂറ്റാണ്ടിൻ്റെ അവസാന കാലത്ത് വരെ നമ്മുടെ നാട്ടിലൊക്കെ വഴിയിലൂടെ നടന്ന് വിളിച്ചു ചോദിച്ചിരുന്ന മറുനാട്ടുകാരുടെ ശബ്ദമായിരുന്നു ഇത്.അക്കാലത്തെ പ്രധാന അടുക്കള ഉപകരണങ്ങളായ അരയ്ക്കാനുള്ള അമ്മിക്കല്ലും പൊടിക്കാനുള്ള ഉരലും 'അറ്റകുറ്റപ്പണി' നടത്താനായി വരുന്ന പണിക്കാരായിരുന്നു ഇവർ.
ഇതിപ്പോൾ ഓർക്കാൻ കാരണം കേരളത്തിലെ പലയിടത്തും വലിച്ചു കെട്ടിയ ബാനറുകളായിട്ടും മതിലുകളിൽ പോസ്റ്ററുകളായും എന്തിന് സമൂഹമാധ്യമങ്ങളിൽ വരെ കണ്ട ചില പരസ്യങ്ങളാണ്.
" സർക്കാർ ഓഫിസുകളിൽ അപേക്ഷകൾ നടപടിയെടുക്കാതിരിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ സഹായിക്കാം "
"ഭൂമി തരം മാറ്റം വരുത്തുന്നതിനായി സമീപിക്കുക "
" കെട്ടിട നിർമാണ പെർമിറ്റുകൾ എളുപ്പത്തിൽ നടത്തിത്തരുന്നു "
ഇങ്ങനെയുള്ള പരസ്യവാചകങ്ങളിൽ കണ്ണുടക്കിയപ്പോൾ ഒരു സർക്കാർ ഓഫിസിലെ ജീവനക്കാരൻ എന്ന നിലയിൽ ഇതേപ്പറ്റി ഒന്നന്വേഷിക്കാമെന്നു വച്ചു.
പരസ്യം നൽകിയവരുടെ വാഗ്ധോരണി ഗംഭീരം. വിളിക്കുമ്പോൾ ആദ്യം തന്നെ സർക്കാർ ഓഫിസുകളിലെ ആളില്ലായ്മയെ കുറച്ചും ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിനെ കുറിച്ചും ഒക്കെയുള്ള പഠനക്ലാസെടുക്കലാണ്. സാധാരണക്കാരൻ നടന്നു വലയുന്നതിൻ്റെ രോഷപ്രകടനവും കേൾക്കാം.കുറച്ചു കഴിഞ്ഞാൽ പ്രതിവിധിയും അവർ തന്നെ നിർദ്ദേശിക്കും
നിങ്ങൾ പോയാൽ ഒന്നും കാര്യം നടക്കില്ല ഞങ്ങൾ വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ് തുടങ്ങി സെക്രട്ടറിയേറ്റ് വരെ നിങ്ങൾക്കു വേണ്ടി ഞങ്ങൾ പോയി കാര്യം നടത്തിത്തരും . അതിൻ്റെ 'നടപടിക്രമ'ങ്ങളെല്ലാം ഞങ്ങൾ നോക്കിക്കോളാം.
അപേക്ഷ തയാറാക്കുന്നതു മുതൽ ആവശ്യമായ രേഖകൾ സംഘടിപ്പിക്കുന്നതും ഓഫിസുകളിൽ സമർപ്പിക്കലും തുടങ്ങി സ്ഥലപരിശോധനയ്ക്കുള്ള ഉദ്യോഗസ്ഥരെ കൊണ്ടു വരുന്നതും വരെ ഇവർ ചെയ്യുമത്രേ ......
അപ്പോൾ ഇതിനൊക്കെക്കൂടിയുള്ള ഫീസ് ?
അപ്പോഴും അടുത്ത സ്‌റ്റഡി ക്ലാസ് ആരംഭിക്കും. സർക്കാർ ഓഫിസുകളിലെ വാഹനമില്ലായ്മ, ഉദ്യോഗസ്ഥ ദൗർലഭ്യം തുടങ്ങി ആവലാതികൾ. ഒടുവിൽ അതൊന്നും സാരമില്ല, തങ്ങൾക്ക് ഇങ്ങനെ പോയി പരിചയമുള്ളതിനാൽ ഉദ്യോഗസ്ഥർ സമയം പോലെ ( ഓഫിസ് സമയത്തിന് പുറമേ പോലും ) എത്തിക്കോളും.
അവർക്കുള്ള വാഹനക്കൂലി വരും കേട്ടോ എന്നൊരു ഉപദേശവും.
അപ്പോ ഇതിനുള്ള ഫീസ് ? ......
കൺസൾട്ടൻസി ഫീസായി 30,000 മുതൽ 50,000 വരെ വരാം. പിന്നെ അപേക്ഷാ ഫീസും, മറ്റ് 'ചെലവു'കളും.. ഇനി ഒരു മാസത്തിനുള്ളിൽ അപേക്ഷ തീർപ്പാക്കിയില്ലെങ്കിൽ നമുക്കു കോടതിയിൽ പോകാം, കോടതി ഉത്തരവ് കിട്ടും , അല്ല മുൻഗണനാ ക്രമം മറികടന്ന് നടപടി സ്വീകരിക്കാൻ കോടതി പറയുമോ എന്ന ചോദ്യത്തിൽ അപകടം മണത്ത ഉപദേശി ഗിയർ ഡൗൺ ചെയ്തു.
അല്ല അങ്ങനെയല്ല ഇത്ര നാളുകൾക്കുള്ളിൽ നടപടി സ്വീകരിക്കാനാണ് കോടതി പറയുക.
അപ്പോൾ നൂറു അപേക്ഷയുടെ പുറകിലാണ് നമ്മുടെ അപേക്ഷ എങ്കിൽ കോടതി ഉത്തരവുണ്ടായാലും നൂറ് അപേക്ഷകളും തീർപ്പാക്കിയാലല്ലേ നമ്മുടെ അപേക്ഷ പരിഗണിക്കാൻ കഴിയൂ എന്ന ചോദ്യത്തിന് വളരെ താഴ്ന്ന ഗിയറിൽ അല്ല ശബ്ദത്തിൽ അതേ എന്ന മറുപടി. മുൻഗണനാ ക്രമം മറി കടക്കാനുള്ള 'നടപടി' അറിയാമെങ്കിലും തൽക്കാലം വിശദീകരിക്കാൻ മടിച്ചതാണെന്ന് ശബ്ദമാറ്റത്തിൽ നിന്നും മനസിലായി.
ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ അപേക്ഷയുടെ പേരിൽ അവരുടെ കൺസൾട്ടൻസി ഫീസും, വണ്ടിക്കൂലി , ഓഫിസ് ചെലവ് എന്ന പേരുകളിലൊക്കെയായി നല്ലൊരു തുകയും വാങ്ങിയെടുക്കും.
ജലദോഷത്തിന് മരുന്നു കഴിച്ചാൽ ഒരാഴ്ച കൊണ്ട് മാറുന്നത് മരുന്നു കഴിച്ചില്ലെങ്കിൽ ഏഴു ദിവസം കഴിഞ്ഞേ മാറൂ എന്ന പോലെയാണി കഥ , അതായത് നമ്മുടെ ഫയൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മാത്രമേ തീർപ്പാകൂ. എന്നാൽ ഇത്തരക്കാരെ സമീപിച്ചാൽ നിങ്ങളുടെ പണം നഷ്ടപ്പെടാം എന്നതു മാത്രമല്ല അതിനേക്കാൾ അപകടം മറ്റു ചിലതാണ്.
നിങ്ങളുടെ അപേക്ഷ സംബന്ധമായ എല്ലാ രേഖകളും അവർക്ക് നൽകേണ്ടിവരും. പകർപ്പുകൾ, സൂഷ്മപരിശോധന, ചിപ്പോൾ ഒറിജിനൽ രേഖകൾ , ആധാരത്തിന്റെ വരെ ഇത്തരക്കാരുടെ കൈവശം നൽകേണ്ടി വരും ....... ഇത്തരം രേഖകൾ ദുരുപയോഗപ്പെടുത്തില്ല എന്നതിൽ എന്തെങ്കിലും ഉറപ്പുണ്ടോ ? .യാതൊരുറപ്പുമില്ല.. കാരണം ഇത്തരം അനധികൃത ഏജൻ്റുമാരെ സർക്കാർ പ്രോൽസാഹിപ്പിക്കുന്നില്ലെന്നു മാത്രമല്ല അനാവശ്യമായ ഫയൽ വച്ചു താമസിപ്പിക്കലുകൾക്കെതിരേ കൃത്യമായ നടപടി എടുക്കുന്നുമുണ്ട് .അതിനാൽ സർക്കാർ സേവനങ്ങൾക്കായി അംഗീകൃത ഏജൻസിയായ അക്ഷയ കേന്ദ്രങ്ങളെ മാത്രം സമീപിക്കുക
സർക്കാർ ഓഫിസുകളിലെ നടപടികൾ വേഗത്തിലാക്കിത്തരാം എന്ന് പറഞ്ഞ് സമീപിക്കുകയോ ഉദ്യോഗസ്ഥർക്ക് നൽകാനായി പണമോ പാരിതോഷികമോ ആവശ്യപ്പെട്ടാൽ സംസ്ഥാന വിജിലൻസിനെ വിവരമറിയിക്കാം . വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പറായ 1064 ൽ അറിയിച്ചാൽ മതി. ദയവായി കുറുക്കു വഴികൾ തേടാതിരിക്കുക. നേരായ വഴിയിൽ സമീപിക്കുക ...
***
ലേഖകൻ തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയറാണ്
jubeeshmv @gmail.com