ഇൻജറി ടൈം ഗോളുമായി ഛേത്രി രക്ഷകനായി; രണ്ടാം പാദത്തിൽ തോറ്റിട്ടും ബെംഗളൂരു ഐഎസ്എൽ ഫൈനലിൽ- വിഡിയോ

Mail This Article
മഡ്ഗാവ്∙ രണ്ടാം പാദ സെമിയിൽ എഫ്‍സി ഗോവയോട് അവരുടെ തട്ടകത്തിൽ തോറ്റിട്ടും, ഇൻജറി ടൈമിൽ തകർപ്പൻ ഹെഡർ ഗോളുമായി രക്ഷകനായ വെറ്ററൻ താരം സുനിൽ ഛേത്രിയുടെ മികവിൽ ബെംഗളൂരു എഫ്‍സി ഐഎസ്എൽ ഫൈനലിൽ. ആവേശകരമായ രണ്ടാം പാദ സെമിയിൽ 2–1ന് തോറ്റ ബെംഗളൂരു, ആദ്യ പാദത്തിലെ 2–0 വിജയത്തിന്റെ ബലത്തിൽ ഇരുപാദങ്ങളിലുമായി 3–2ന്റെ ലീഡ് നേടിയാണ് ഫൈനലിലേക്ക് മുന്നേറിയത്.
കലാശപ്പോരിൽ മോഹൻ ബഗാൻ – ജംഷഡ്പുർ എഫ്‍സി രണ്ടാം സെമിഫൈനൽ വിജയികളാകും ബെംഗളൂരുവിന്റെ എതിരാളികൾ.
മത്സരത്തിന്റെ നിശ്ചിത സമയത്ത് എഫ്‍സി ഗോവ 2–0ന് മുന്നിലായിരുന്നു. ബോർഹ ഹെരേര (49), അർമാൻഡോ സാദികു (88) എന്നിവരാണ് ഗോവയ്ക്കായി ലക്ഷ്യം കണ്ടത്. ഇതോടെ ഇരുപാദങ്ങളിലുമായി മത്സരം 2–2 സമനിലയിലായി.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുമെന്ന് ഉറപ്പിച്ചിരിക്കെ, ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിൽ സുനിൽ ഛേത്രി ബെംഗളൂരുവിന്റെ രക്ഷകനായി. ഛേത്രിയുടെ തകർപ്പൻ ഹെഡർ ഗോളോടെ സ്കോർ 2–1. ഇതോടെയാണ് ഇരുപാദങ്ങളിലുമായി 3–2ന്റെ ആധിപത്യം ഉറപ്പിച്ച് ബെംഗളൂരു ഫൈനലിലേക്ക് മാർച്ച ചെയ്തത്.