ഒരു കിലോ തിലാപ്പിയയ്ക്ക് 1000 രൂപ! ഞെട്ടണ്ട, സംഗതി സത്യമാണ്; മീൻ ഇങ്ങനായാൽ പണം പോക്കറ്റിലെത്തും

Mail This Article
ഒരു കിലോ തിലാപ്പിയയ്ക്ക് 1000 രൂപ! അതായത് ഒരു ഗ്രാമിന് ഒരു രൂപ! കേൾക്കുമ്പോൾ അതിശയം തോന്നുമല്ലേ? കർഷകർ 200 രൂപയ്ക്കു പോലും വിൽക്കാൻ കഷ്ടപ്പെടുന്ന ഇക്കാലത്ത്, 1000 രൂപയ്ക്ക് തിലാപ്പിയ വിൽക്കാമെന്നു കേൾക്കുമ്പോൾ വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടാണ്. എങ്കിലും, സംഗതി സത്യമാണ്. എങ്ങനെയെന്നല്ലേ... അതാണ് പറഞ്ഞുവരുന്നത്...
ഫാം ഫ്രഷ് ഉൽപന്നങ്ങൾ വിപണിയിൽ എന്നും പ്രിയമുണ്ട്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവർ പ്രധാനമായും നല്ലതു കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ അത്തരം വിപണികൾ കണ്ടെത്താൻ ശ്രമിച്ചാൽ വിൽപന എളുപ്പമാകും. അതുപോലെ കുളത്തിൽനിന്ന് പിടിച്ച് ജീവനോടെ വിൽക്കുന്നതു കൂടാതെ മൂല്യവർധന നടത്തി വിൽക്കാൻ കഴിഞ്ഞാൽ വരുമാനം കൂടും. വൃത്തിയാക്കാൻ ബുദ്ധിമുട്ടാണ് എന്നതാണ് പലരും വളർത്തുമത്സ്യങ്ങളെക്കുറിച്ച് പറയുന്നത്. അതുകൊണ്ടുതന്നെ വൃത്തിയാക്കി റെഡി ടു കുക്ക് എന്ന രീതിയിൽ ഉപഭോക്താക്കൾക്കു നൽകാൻ കഴിഞ്ഞാൽ അതും നല്ലതാണ്. പക്ഷേ, മുകളിൽ സൂചിപ്പിച്ചത് ഇതിനെക്കുറിച്ചൊന്നുമല്ല. പറഞ്ഞു വരുന്നത് ഫിഷ് ഫില്ലറ്റിനെക്കുറിച്ചാണ്.
കേരളത്തിൽ അധികമാരും കൈവയ്ക്കാത്ത മേഖലയാണ് വളർത്തുമത്സ്യങ്ങളിലെ വാല്യു അഡിഷൻ. മീൻ അച്ചാറും ചമ്മന്തിയുമൊക്കെ വിപണിയിലുണ്ടെങ്കിലും വളർത്തുമത്സ്യങ്ങളുടെ ഫില്ലെറ്റ് അധികം ശ്രദ്ധ നേടിയിട്ടില്ല. ഫില്ലറ്റ് തയാറാക്കാൻ ഏറ്റവും അനുയോജ്യമായ മത്സ്യമാണ് തിലാപ്പിയ. റെഡി ടു കുക്ക് ഇഷ്ടപ്പെടുന്നവരുള്ള ഇക്കാലത്ത് ഫില്ലെറ്റിന് അൽപമൊന്നു ശ്രമിച്ചാൽ വിപണി കണ്ടെത്താവുന്നതേയുള്ളൂ. ടൂറിസം മേഖലയിലും ടൗണുകളിലുമൊക്കെ സാധ്യത കൂടും.
നൂൽ എന്നർഥം വരുന്ന ഫിലറ്റ് എന്ന ഫ്രഞ്ച് പദത്തിൽനിന്നാണ് ഫില്ലറ്റ് രൂപപ്പെട്ടത്. നട്ടെല്ലിന് സമാന്തരമായി മാംസം നീളത്തിൽ മുറിച്ചെടുക്കുന്നതാണ് ഫില്ലറ്റ്. ഒരു മുള്ളുപോലും ഫില്ലറ്റിൽ ഉണ്ടാവില്ല.
വളർത്തുമത്സ്യക്കൃഷിയിൽ വാളയും തിലാപ്പിയയുമാണ് പ്രധാനമായും ഫിഷ് ഫില്ലറ്റ് തയാറാക്കാൻ നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്നത്. വളർത്തുമത്സ്യങ്ങളിൽ ഭീമന്മാരായ ജയന്റ് ഗൗരാമിയും ഫില്ലറ്റായി ഉപയോഗിക്കാൻ കഴിയും.

തിലാപ്പിയ ഫില്ലറ്റ്
350–400 ഗ്രാം തൂക്കമുള്ള തിലാപ്പിയ മത്സ്യങ്ങളാണ് ഫില്ലറ്റിന് യോജ്യം. 3 കിലോ മത്സ്യത്തിൽനിന്ന് ഒരു കിലോ ഫില്ലറ്റ് ലഭിക്കും. വലുപ്പം അനുസരിച്ച് 20–16 കഷണങ്ങളാണ് ഒരു കിലോയ്ക്ക് വേണ്ടിവരിക. ശുദ്ധജലത്തിൽ മത്സ്യങ്ങളെ സൂക്ഷിച്ചശേഷം വേണം ഫില്ലറ്റിനായി പിടിക്കേണ്ടത്. മത്സ്യങ്ങളുടെ അംസച്ചിറക്, മുതുചിറക്, ഗുദച്ചിറക് എന്നിവ മുറിച്ചുമാറ്റി, മുതുകിനും വയറിനടിയിലും കത്തികൊണ്ട് വരഞ്ഞശേഷം തൊലിപൊളിച്ചു മാറ്റണം. തുടർന്ന് ഇരു വശത്തെയും മാംസം മൂർച്ചയേറിയ കത്തി ഉപയോഗിച്ച് ചെത്തിയെടുക്കണം. ഇങ്ങനെ മാറ്റിയ മാംസത്തിൽ മുള്ളുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം. പായ്ക്ക് ചെയ്ത് ആവശ്യക്കാരിൽ എത്തിക്കാം. സൂപ്പർമാർക്കറ്റുകൾ, ടൂറിസം കേന്ദ്രങ്ങളിലെ മുൻനിര ഹോട്ടലുകൾ എന്നിവ വഴി വിൽപന നടത്താം. ഇത്തരത്തിൽ ഫിഷ് ഫില്ലറ്റ് ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കുന്ന യുവ സംരംഭകന്റെ സംസ്കരണ–വിപണന രീതികൾ ഏപ്രിൽ ലക്കം കർഷകശ്രീ മാസികയിൽ വായിക്കാം.