പിണക്കമെല്ലാം മാറി! നാട്ടുകാർ നൽകിയ വെള്ളംകുടിച്ച് മധ്യപ്രദേശിലെ ചീറ്റകൾ

Mail This Article
ആഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളും നാട്ടുകാരുമായി ഊഷ്മളമായ ബന്ധം ഉടലെടുക്കുന്നതിന് സാക്ഷ്യം വഹിക്കുകയാണ് മധ്യപ്രദേശിലെ ഷോപുർ ജില്ല. ആഴ്ചകൾക്കു മുൻപ് ജ്വാല എന്ന ചീറ്റയും അതിന്റെ 4 കുഞ്ഞുങ്ങളും കൂടി ഗ്രാമത്തിൽ കടന്നുകയറി 6 ആടുകളെ കൊന്നിരുന്നു. ഇതെത്തുടർന്ന് അന്ന് ഗ്രാമവാസികൾ ഇവയ്ക്ക് നേരെ കല്ലെറിഞ്ഞു.
എന്നാൽ ദിവസങ്ങൾക്കുശേഷം ഇതേ ചീറ്റകൾക്ക് നാട്ടുകാർ വെള്ളം കുടിക്കാനായി പാത്രത്തിൽ വച്ചശേഷം ഇവയെ വിളിക്കുന്നതിന്റെയും വിളി കേട്ട് ചീറ്റകൾ വന്നു വെള്ളം കുടിക്കുന്നതിന്റെയും വിഡിയോയാണ് ഇപ്പോൾ പ്രചരിച്ചിരിക്കുന്നത്. നാട്ടുകാർ ചീറ്റകളുമായി ഇടപഴകുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.
1952ൽ ആണ് ചീറ്റകൾ ഇന്ത്യയിൽ വംശനാശം വന്നുപോയത്. ലോകത്തിലെ ഏറ്റവും വേഗമുള്ള ജീവികളായ ചീറ്റകൾക്ക് മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ ഓടാൻ സാധിക്കും. വംശനാശ ഭീഷണിയുള്ള ജീവികളായി ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ കണക്കാക്കുന്ന ചീറ്റകളിൽ വെറും 7000 എണ്ണം മാത്രമാണ് ഇന്ന് ലോകത്തുള്ളത്.
2022ൽ ആണ് ഇന്ത്യയിലേക്ക് ആദ്യമായി ചീറ്റകൾ എത്തിയത്. മധ്യപ്രദേശിലെ കുനോ–പാൽപുർ ദേശീയോദ്യാനത്തിലാണു പാർപ്പിച്ചത്. ചീറ്റകൾക്ക് ജീവിക്കാൻ സാധ്യമായ പരിതസ്ഥിതിയും ഭൂഘടനയുമുള്ളതാണ് കുനോ–പാൽപുർ ദേശീയോദ്യാനം. ചീറ്റകളിലെ ഒരു വിഭാഗമായ ഏഷ്യാട്ടിക് ചീറ്റപ്പുലികളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ വംശനാശം സംഭവിച്ചുപോയ ഒരേയൊരു ജീവിവിഭാഗമാണ് ചീറ്റകൾ. ഏഷ്യാട്ടിക് ചീറ്റകൾ അറേബ്യൻ ഉപദ്വീപ് മുതൽ അഫ്ഗാനിസ്ഥാൻ വരെയുള്ളിടങ്ങളിൽ പണ്ട് കാണപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഇറാനിൽ മാത്രമാണ് ഇവയുള്ളത്. അവിടെയും 12 എണ്ണം മാത്രമാണ് ശേഷിക്കുന്നത്.
മുൻപ് തന്നെ ഇന്ത്യയിൽ ചീറ്റകളെ തിരിച്ചെത്തിക്കാനായി ശ്രമങ്ങളുണ്ടായിരുന്നു. എഴുപതുകളിൽ ഇറാനിൽ നിന്ന് കുറച്ചു ചീറ്റയെ ഇന്ത്യയിലെത്തിക്കാൻ ഊർജിത ശ്രമം നടന്നു. അന്ന് ഇറാനിൽ 300 ചീറ്റകളുണ്ടായിരുന്നു. എന്നാൽ ഷാ ഭരണകൂടം അധികാരത്തിൽ നിന്നു നിഷ്കാസിതരായതോടെ ഈ പദ്ധതി മുടങ്ങി.