വീണ പ്രതിയായ കേസ്: കേരള ഘടകത്തിന്റെ നിലപാടിനൊപ്പം പിബി

Mail This Article
മധുര∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയും അവരുടെ കമ്പനിയും പ്രതിയായ സിഎംആർഎൽ പണമിടപാട് കേസിൽ സിപിഎം കേരള ഘടകത്തിന്റെ നിലപാടിനെ പിന്തുണയ്ക്കാൻ പൊളിറ്റ്ബ്യൂറോയിൽ ധാരണ. വിഷയം പാർട്ടി കോൺഗ്രസിൽ ചർച്ചയാകുന്നതു തടയുകയെന്ന ഉദ്ദേശ്യവും ഈ ധാരണയ്ക്കു കാരണമായെന്നാണു സൂചന.
കേസിന്റെ പശ്ചാത്തലത്തിൽ പിണറായി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നു പാർട്ടി കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് പാർട്ടി കോ–ഓഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞത്. എന്നാൽ, കേസിലെ കക്ഷികളാണ് കേസു നടത്തേണ്ടതെന്ന് പിബി അംഗങ്ങളായ മുഹമ്മദ് സലീമും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പറഞ്ഞതോടെ വിഷയത്തിൽ പിബിയിലുള്ള അഭിപ്രായ ഭിന്നത വ്യക്തമായി.
വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നു കേരളത്തിലെ കോടതികൾ പറഞ്ഞതാണെന്നും അഴിമതിക്കു തെളിവില്ലെന്നുമുള്ള കേരള ഘടകത്തിന്റെ വാദമാണ് പിബി ഇപ്പോൾ അംഗീകരിക്കുന്നത്.
കേസ് മുഖ്യമന്ത്രിയെ ഉന്നംവച്ചുള്ളതാണെന്നു വാദിച്ചാണു സംസ്ഥാന ഘടകം പ്രതിരോധത്തിനിറങ്ങിയത്. അതേ സമീപനം പിബിയും സ്വീകരിക്കുന്നുവെന്നു വിലയിരുത്താം. ആരോപണഘട്ടമേ ആയിട്ടുള്ളു, കോടതി ശിക്ഷിച്ചിട്ടില്ല എന്ന ന്യായീകരണവും പിബിക്കുണ്ടെന്നാണ് സൂചന.
എസ്എഫ്ഐഒയുടെ അന്വേഷണങ്ങൾ കുറ്റപത്ര ഘട്ടത്തിലെത്തിയിട്ടും വിജിലൻസ് അന്വേഷണ ആവശ്യം തള്ളിയെന്ന വാദത്തിൽ പിടിച്ചുനിൽക്കാനുള്ള കേരള ഘടകത്തിന്റെ ശ്രമത്തെ പിബി പിന്തുണയ്ക്കുന്നുവെന്നത് ശ്രദ്ധേയം. സിഎംആർഎലിൽനിന്നു പണം കൈപ്പറ്റിയവരെ സംബന്ധിച്ച അന്വേഷണ ഏജൻസികളുടെ പട്ടികയിൽ ബിജെപി ഉൾപ്പെടെ മറ്റു പാർട്ടികളിലെ നേതാക്കളുടെയും പേരുകളുണ്ടെങ്കിലും, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമാണ് കേസെന്ന വ്യാഖ്യാനം തുടരാനാണ് പിബി താൽപര്യപ്പെടുന്നത്.