ബ്ലെസിയുടെ യാത്രകൾക്ക് സ്കോഡ എസ്യുവിയുടെ സുരക്ഷ

Mail This Article
കാമ്പുള്ള കഥകൾ തിരശീലയിൽ എത്തിച്ച് മലയാളി പ്രേക്ഷകരുടെ കയ്യടി നേടുന്ന പ്രിയസംവിധായകൻ ബ്ലെസിയുടെ യാത്രകൾക്ക് പുതിയൊരു കൂട്ട്. സ്‌കോഡയെന്ന പ്രീമിയം ബ്രാൻഡിൽ നിന്നും സാധാരണക്കാർക്കായി ഇറങ്ങിയ കൈലാഖ് എന്ന കുഞ്ഞൻ എസ് യു വി ആണ് ബ്ലെസി തന്റെ യാത്രകൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. മകനും ഭാര്യയ്ക്കുമൊപ്പമെത്തിയാണ് പുതിയ വാഹനത്തിന്റെ ഡെലിവറി സംവിധായകൻ സ്വീകരിച്ചത്. ടൊർണാഡോ റെഡ് എന്ന നിറമാണ് കൈലാഖിനായി ബ്ലെസിയും കുടുംബവും തിരഞ്ഞെടുത്തത്. ഇവിഎം സ്കോഡയിൽ നിന്നാണ് സംവിധായകൻ പുതിയ വാഹനം സ്വന്തമാക്കിയത്.
പുറത്തിറങ്ങിയ നാൾ മുതൽ തന്നെ ഇന്ത്യൻ വാഹനവിപണിയിൽ പുതുചരിത്രമെഴുതുകയാണ് കൈലാഖിലൂടെ സ്കോഡ. അത്രയേറെ ജനപ്രീതിയാണ് ഈ വാഹനത്തിനു രാജ്യത്തു നിന്നും ലഭിക്കുന്നത്. വിലയിൽ കുറവെങ്കിലും ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ കാലാകാലങ്ങളായി നിലനിർത്തിപോരുന്ന ക്വാളിറ്റി അതേപടി തന്നെ പിന്തുടർന്നുകൊണ്ടാണ് കൈലാഖിന്റെയും നിർമിതി. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് കൈലാഖ് പുറത്തിറങ്ങുന്നത്. 7.89 ലക്ഷം, 9.59 ലക്ഷം, 11.40 ലക്ഷം, 13.35 ലക്ഷം എന്നിങ്ങനെയാണ് മാനുവൽ പതിപ്പിന് യഥാക്രമം വില വരുന്നത്. മൂന്ന് വേരിയന്റുകളിൽ പുറത്തിറങ്ങുന്ന ഓട്ടമാറ്റിക്കിനു എക്സ് ഷോറൂം വില 10.59 ലക്ഷം, 12.40 ലക്ഷം, 14.40 ലക്ഷം എന്നിങ്ങനെയാണ്.
1.0 ലീറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് കൈലാഖിനു കരുത്തേകുന്നത്. 999 സിസി എന്‍ജിന്‍ 115 എച്ച്പി കരുത്തും 178എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍/6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് 10.5 സെക്കന്‍ഡില്‍ കുതിച്ചെത്തും. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടിയ എസ്‍യുവിയാണ് സ്‌കോഡ കൈലാഖ്. കുട്ടികളുടെ സുരക്ഷയില്‍ സാധ്യമായ 32ല്‍ 30.88 പോയിന്റും(97%) മുതിര്‍ന്നവരുടെ സുരക്ഷയില്‍ 49ല്‍ 45 പോയിന്റും(92%) നേടിക്കൊണ്ടാണ് കൈലാഖ് 5 സ്റ്റാര്‍ നേടിയിരിക്കുന്നത്.