ADVERTISEMENT

വേനലവധിയില്‍ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ഊട്ടിയിലേക്കോ കൊടൈക്കനാലിലേക്കോ യാത്രയ്ക്ക് പ്ലാന്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക! തമിഴ്‌നാട് സര്‍ക്കാര്‍ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള സ്വകാര്യ വാഹന യാത്രകള്‍ ഇ പാസ് മൂലം നിയന്ത്രിച്ചിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ വരെയാണ് നിയന്ത്രണം. സഞ്ചാരികള്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കിയതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 

അവധിക്കാലത്ത് ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള സഞ്ചാരികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നത് പരിസ്ഥിതി മലിനീകരണം വലിയ തോതില്‍ കൂട്ടുമെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 13നായിരുന്നു ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള സ്വകാര്യ സഞ്ചാരികളുടെ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കോടതി ഉത്തരവിട്ടത്. ഊട്ടിയില്‍ സാധാരണ ദിവസങ്ങളില്‍ 6,000 വാഹനങ്ങളും അവധി ദിവസങ്ങളില്‍ 8,000 വാഹനങ്ങളുമാണ് കടത്തിവിടുക. കൊടൈക്കനാലില്‍ ഇത് യഥാക്രമം 4,000 വാഹനങ്ങളും 6,000 വാഹനങ്ങളുമാണ്. ഇ പാസുണ്ടെങ്കില്‍ മാത്രമാണ് സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്രാ അനുമതി ലഭിക്കുക.

ഊട്ടിയിലെ വിവിധ കൃഷിയിടങ്ങൾ. (File Photo: FAHAD MUNEER / MANORAMA)
ഊട്ടിയിലെ വിവിധ കൃഷിയിടങ്ങൾ. (File Photo: FAHAD MUNEER / MANORAMA)

അതേസമയം ഊട്ടിയിലേയും കൊടൈക്കനാലിലേയും തദ്ദേശീയര്‍ക്ക് യാത്ര ചെയ്യാന്‍ തടസങ്ങളുണ്ടാവില്ല. പ്രദേശത്തെ കാര്‍ഷിക ഉത്പന്നങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ടാവില്ല. ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ അവസാനം വരെയാണ് കോടതി ഇ പാസ് വഴി സഞ്ചാരികളെ നിയന്ത്രിച്ചിരിക്കുന്നത്. ഇത് വിനോദ സഞ്ചാരത്തിന് പ്രാധാന്യമുള്ള ഊട്ടിയിലേയും കൊടൈക്കനാലിലേയും ജനജീവിതത്തേയും വരുമാനത്തേയും ദോഷകരമായി ബാധിക്കുമെന്ന് കാണിച്ചാണ് തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഐഐടി-എമ്മിലേയും ഐഐഎംബിയിലേയും വിദഗ്ധര്‍ അടങ്ങിയ സമിതി ഊട്ടി, കൊടൈക്കനാല്‍ മേഖലയിലെ അമിതമായ വാഹനങ്ങളുടെ സഞ്ചാരം പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് വിശദമായി പഠനം നടത്തുന്നുണ്ട്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പിക്കുന്നതിന് ഒമ്പതു മാസത്തെ സമയംകൂടി ഈ വിദഗ്ധ സമിതി കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വ്യക്തമായ പഠനം നടത്താതെ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയുടേയും കൊടൈക്കനാലിന്റേയും സമ്പദ് വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ആശങ്ക.

കൊടൈക്കനാലിൽനിന്നുള്ള കാഴ്ച. (Photo: Shutterstock / Lalu369)
കൊടൈക്കനാലിൽനിന്നുള്ള കാഴ്ച. (Photo: Shutterstock / Lalu369)

നിയന്ത്രണങ്ങള്‍ക്കിടയിലും ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഇ പാസ് സ്വന്തമാക്കിയാല്‍ യാത്ര ചെയ്യാനാവും. ഇതിനായുള്ള ശ്രമങ്ങള്‍ യാത്രക്കായി പദ്ധതിയിടുമ്പോള്‍ തന്നെ ആരംഭിക്കാം. ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും എത്തുന്ന വാഹനങ്ങളുടെ എണ്ണം കൃത്യമായി അറിയുക കൂടിയാണ് ഇ പാസിന്റെ ലക്ഷ്യം. ഒപ്പം യാത്രികരുടേയും നാട്ടുകാരുടേയും സുരക്ഷയും ഒരുപോലെ ഉറപ്പിക്കുന്നു. ഊട്ടി, കൊടൈക്കനാല്‍ യാത്രക്കു മുമ്പ് എങ്ങനെ ഇ പാസ് എടുക്കാമെന്ന് നോക്കാം.

1. ആദ്യം തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ഇ പാസ് വെബ് സൈറ്റിലെത്തി അക്കൗണ്ട് റജിസ്റ്റര്‍ ചെയ്യണം.

2. പേരും യാത്രയുടെ സമയക്രമവും വാഹന റജിസ്‌ട്രേഷന്‍ നമ്പറും മറ്റു അനുബന്ധ വിവരങ്ങളും നല്‍കണം.

3. വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, യാത്ര ചെയ്യുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും നല്‍കേണ്ടി വരും.

4. നല്‍കുന്ന അപേക്ഷകള്‍ അധികൃതര്‍ പരിശോധിച്ച ശേഷമാണ് ഇപാസ് അനുവദിക്കുക.

English Summary:

Ooty & Kodaikanal E-Pass Mandatory: All You Need to Know

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com