പൊതുമധ്യത്തിൽ വാശിയിൽ കരയുന്ന കുട്ടികൾ; പോം വഴി ഇത്ര ഈസിയായിരുന്നോ?

Mail This Article
കുട്ടികളുടെ സ്വഭാവം പലപ്പോഴും മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത രീതിയിലാണ്. നിനച്ചിരിക്കാത്തപ്പോൾ കരച്ചിലും വാശിയും ബഹളവും ഒക്കെയായി ഒരു വരവായിരിക്കും. മറ്റ് ചിലപ്പോൾ പ്രക്ഷുബ്ധമായ അവസ്ഥ പ്രതീക്ഷിച്ചാൽ അതോടു ഉണ്ടാകുകയുമില്ല. എന്നിരുന്നാലും പൊതുമധ്യത്തിൽ കുട്ടികൾ വാശിപിടിച്ചു കരയുന്ന രീതി പലപ്പോഴും മാതാപിതാക്കളെ ആശയക്കുഴപ്പത്തിൽ ആക്കും. എങ്ങനെ ഈ അവസരത്തിൽ കുട്ടികളെ കൈകാര്യം ചെയ്യണം, എങ്ങനെ പ്രതികരിക്കണം എന്നതിൽ പലർക്കും ഒരു ധാരണയുണ്ടാകാറില്ല എന്നതാണ് പ്രധാന പ്രശ്നം.
ചിലപ്പോൾ കളിപ്പാട്ടങ്ങൾക്ക് വേണ്ടി, ചിലപ്പോൾ ചോക്ലേറ്റ് പോലുള്ള വസ്തുക്കൾക്ക് വേണ്ടി, മറ്റ് ചിലപ്പോൾ വീട്ടിൽ പോകണം എന്ന വാശിപ്പുറത്തായിരിക്കും ഈ കരച്ചിൽ. ഇത്തരം അവസ്ഥയിൽ സമാധാനപരമായി പെരുമാറുക എന്നതാണ് പ്രധാനം. ഒരിക്കലും കുട്ടികളോട് അമിതമായ ദേഷ്യം കാണിക്കുകയോ ശകാരിക്കുകയോ ചെയ്യരുത്. കാരണം, വളർച്ചയുടെ ഘട്ടത്തിൽ തികച്ചും സ്വാഭാവികമായ ചൈൽഡ് ടാൻട്രം മാത്രമാണ് ഇത്. യുക്തിയോടെ ഇത് കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം. കുട്ടികൾ ഇത്തരത്തിൽ അമിതമായി വാശിപിടിക്കുന്നതും വഴക്കിടുന്നതും മാതാപിതാക്കളുടെ പിഴവോ കുട്ടിയുടെ പിഴവോ അല്ല.
എന്ത് കൊണ്ട് ആൾകൂട്ടത്തിൽ കുട്ടി ഇങ്ങനെ പെരുമാറുന്നു ?
എന്തുകൊണ്ട് ആൾകൂട്ടത്തിൽ കുട്ടി ഇങ്ങനെ പെരുമാറുന്നു എന്ന ചോദ്യത്തെ യുക്തിസഹമായി നേരിടുകയാണ് ആദ്യം ചെയ്യേണ്ടത്. പരിചയമില്ലാത്ത ആളുകൾ ചുറ്റും കൂടി നിൽക്കുന്ന അവസ്ഥയിൽ അനുഭവപ്പെടുന്ന വലിയ ശബ്ദങ്ങൾ, ലൈറ്റുകൾ എന്നിവ കുട്ടികളെ ചിലപ്പോൾ അസ്വസ്ഥരാക്കിയേക്കാം. കുട്ടികൾക്ക് ആവശ്യമായ വിശ്രമം കിട്ടാതെ വരിക, ഉറക്കം വരിക തുടങ്ങിയ അവസ്ഥകളിൽ തങ്ങൾക്ക് അനുഭവപ്പെടുന്ന അവസ്ഥ വ്യക്തമാക്കുന്നതിനായും കുട്ടികൾ ഇത്തരത്തിൽ ബഹളം വയ്ക്കാം. വിശപ്പ്, ദാഹം എന്നിവ മൂലവും കുട്ടികൾ അമിതമായി വാശി കാണിച്ചേക്കാം. ആഗ്രഹിച്ച വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, യാത്രകൾ. മധുരപലഹാരങ്ങൾ എന്നിവയെല്ലാം കിട്ടാതെ പോകുന്ന അവസ്ഥയിലും ചൈൽഡ് ടാൻട്രം ഉണ്ടാകുക സ്വാഭാവികമാണ്. ഇത്തരത്തിൽ കുട്ടികളിലുണ്ടാകുന്ന ഇമോഷനുകൾ പുറമെ പ്രകടിപ്പിക്കാനുള്ള അവരുടെ മാർഗമാണ് അമിതമായ വാശിയും ദേഷ്യവും. യദാർഥത്തിൽ ഇതൊരു ഡെവെലപ്‌മെന്റൽ മാറ്റമാണ്. എന്നാൽ ഈ അവസ്ഥയിൽ മാതാപിതാക്കളെടുക്കുന്ന തീരുമാനങ്ങളാണ് കുട്ടിയിൽ ഇത്തരം വാശികളെ ഒരു സ്വഭാവവൈകൃതമാക്കി മാറ്റുന്നത്.
മാതാപിതാക്കൾ വരുത്തുന്ന തെറ്റുകൾ?
കുട്ടികളുടെ വാശിക്ക് മുന്നിൽ വഴങ്ങിക്കൊടുക്കുകയും അവർ ആവശ്യപ്പെടുന്ന സാധനങ്ങൾ അപ്പോൾ തന്നെ വാങ്ങി നൽകുകയും ചെയ്യുന്നത് ഇവ വീണ്ടും ആവർത്തിക്കാൻ കുട്ടികളെ പ്രേരിപ്പിച്ചേക്കാം. കുട്ടികൾ കിടന്നു കരഞ്ഞോട്ടെ, കുറച്ചു കഴിയുമ്പോൾ സ്വയം നിർത്തും എന്ന് കരുതുന്ന മാതാപിതാക്കളുമുണ്ട്. അത്തരം സമീപനവും അപകടമാണ്. മാതാപിതാക്കൾ ഗൗനിക്കാതിരിക്കുമ്പോൾ കുട്ടികൾ അവരുമായി മാനസികമായി അകലാനുള്ള വഴിയൊരുക്കുന്നു. കുട്ടികളെ ചീത്ത പറയുന്നതും, അമിതമായ ശകാരിക്കുന്നതും ശിക്ഷിക്കും എന്ന് പറയുന്നതും അവരുടെ ഉളിൽ ഭയം നിറയ്ക്കും.
പരിഹാരമുണ്ട്, വിഷമിക്കേണ്ട
കുട്ടികളുമായി പുറത്തേക്ക് പോകുമ്പോൾ ഇത്തരം അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നു മുൻകൂട്ടി മനസിലാക്കുക. തങ്ങൾ എവിടേക്കാണ് പോകുന്നത്, അവിടുത്തെ സാഹചര്യം എന്തായിരിക്കും എപ്പോൾ മടങ്ങിയെത്തും തുടങ്ങിയ കാര്യങ്ങൾ കുട്ടികളോട് പറയുക. കുട്ടികൾക്ക് അധികഭാരം ആകാത്ത രീതിയിൽ ബ്രേക്കുകളോട് കൂടിയ യാത്രകൾ വിഭാവനം ചെയ്യുക. ക്ഷമ കൈവിടാതിരിക്കുക, ഏത് അവസ്ഥയിലും ശാന്തതയോടെ മാത്രം പെരുമാറുക. കുട്ടികളെ കുട്ടികളായി കാണുക, അവരോട് തുറന്ന സൗഹൃദം സൂക്ഷിക്കുക. ഇതെല്ലാമാകുമ്പോൾ തന്നെ ഏത് വാശിക്കുടുക്കയും കൂടെ നിൽക്കും.