ഞങ്ങളുടെ ‘പട്ടാളം ബാബുരാജ്’

Mail This Article
‘ജെന്റിൽമാൻ ഡിഫൻഡർ’– ബാബുരാജിനെ ഞാൻ അങ്ങനെയാണ് വിശേഷിപ്പിക്കുക. അനാവശ്യ ഫൗളില്ല, ചീത്തവിളിയില്ല. മാന്യവും അതേസമയം കണിശതയുമുള്ള കളി. 1984ൽ ആണ് പൊലീസ് ടീമിനു തുടക്കമാകുന്നത്. അന്നു മുതൽ ഞാൻ അംഗമായിരുന്നു. അധികം വൈകാതെ ബാബുരാജും എത്തി. എന്റെ യഥാർഥ പൊസിഷൻ റൈറ്റ് വിങ്ങാണ്. ബാബുരാജിന് കുറച്ചുകൂടി കളിക്കാൻ നല്ലത് റൈറ്റ് വിങ്ങാണെന്നു തോന്നിയതോടെ പരിശീലകൻ എന്നോട് ഇടതു വിങ്ങിലേക്കു മാറാൻ പറഞ്ഞു. അങ്ങനെ ഞാൻ ഇടതു വിങ്ങിലും ബാബുരാജ് വലതു വിങ്ങിലുമായി പൊലീസ് ടീമിൽ ഏറെക്കാലം കളിച്ചു. 100% വിശ്വസിക്കാനാകുന്ന പ്രതിരോധ താരമായിരുന്നു ബാബുരാജ്.
ഗോളിയിൽനിന്നു പ്രതിരോധത്തിലേക്ക്, അവിടെനിന്നു മധ്യനിരയിലേക്ക്, പിന്നീട് സ്ട്രൈക്കറിലേക്ക് എന്നിങ്ങനെ കളി മെനഞ്ഞെടുക്കുന്ന രീതിയായിരുന്നു അന്ന് കേരള പൊലീസിന്റേത്. അതിനു പറ്റിയ താരമായിരുന്നു ബാബുരാജ്. പരിശീലനം വൈകിട്ട് 4.30ന് ആണെന്നു പറഞ്ഞാൽ, 4.15ന് തന്നെ ബൂട്ടൊക്കെ പോളിഷ് ചെയ്ത് ബാബു ഗ്രൗണ്ടിൽ ഇരിപ്പുണ്ടാകും. അത്രയ്ക്കു ചിട്ടയാണ്. ‘പട്ടാളം ബാബുരാജ്’ എന്നാണ് ഞങ്ങൾ ബഹുമാനത്തോടെ അദ്ദേഹത്തെ വിളിച്ചിരുന്നത്.