വിൽസ്‌മിത്ത് ഷോയുടെ ചിത്രീകരണത്തിനിടെ പുതിയ അനാക്കോണ്ടയെ കണ്ടെത്തി; ആമസോണിലെ ഏറ്റവും വലുത്

Mail This Article
ലോകത്ത് ഏറ്റവും അപൂർവമായ ജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് ആമസോൺ മഴക്കാടുകള്‍. ഇപ്പോൾ ഏറ്റവും വലിയ അനാക്കോണ്ടയെ ഇവിടെനിന്നും കണ്ടെത്തിയിരിക്കുകയാണ്. ഹോളിവുഡ് നടൻ വിൽസ്മിത്തിന്റെ പുതിയ ഷോയുടെ ചിത്രീകരണത്തിനിടെയാണ് കൂറ്റൻ അനാക്കോണ്ടയെ കണ്ടെത്തിയത്.
ബൈഹുവേരി വയോറാനി എന്ന മനുഷ്യവാസമില്ലാത്ത പ്രദേശത്ത് ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ പ്രഫസർ ബ്രയാൻ ഫ്രൈയുടെ നേതൃത്വത്തിൽ നടൻ വിൽസ്‌മിത്ത് അടക്കമുളള സംഘം ഷോയുടെ ചിത്രീകരണത്തിനായി പോവുകയായിരുന്നു. തദ്ദേശീയരായ വയോറാനി വേട്ടക്കാരുടെ സഹായത്തോടെയായിരുന്നു യാത്ര. ഇവിടെനിന്നും ഗ്രീൻ അനാക്കോണ്ട ഇനത്തിലെ പുതിയ ഇനത്തെ കാണുകയായിരുന്നു..'യൂനെക്റ്റസ് അകായിമ' എന്ന് പേരിട്ടിരിക്കുന്ന ഈ അനാക്കോണ്ടകൾ കൂടുതൽ വലുപ്പം വയ്ക്കുന്നവയാണെന്ന് പറയപ്പെടുന്നു. ഇതിലൊന്നിന്റെ നീളം 24 അടിയോളമാണെന്ന് വിദഗ്ധർ പറയുന്നു.
ആവാസവ്യവസ്ഥയിലെ വലിയ വേട്ടക്കാരായ അനാക്കോണ്ടകൾ, ജലജീവികളുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നവരാണ്. പുതിയ അനാക്കോണ്ടയുടെ കണ്ടെത്തൽ ആമസോൺ ഭൂപ്രദേശത്തെ ജന്തുജാലങ്ങളെക്കുറിച്ചുളള കൂടുതൽ ഗവേഷണങ്ങൾക്ക് സഹായകമാകുമെന്ന് കരുതുന്നു.