ഷെയ്ൻ വോണിന്റെ മൃതദേഹത്തിനു സമീപം ലൈംഗിക ഉത്തേജക മരുന്ന്? ഉന്നതരുടെ നിർദേശ പ്രകാരം നീക്കിയെന്നു വെളിപ്പെടുത്തൽ

Mail This Article
മെൽബൺ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകൾ പുറത്ത്. ഷെയ്ൻ വോണിനെ മരിച്ച നിലയിൽ കണ്ടെത്തിയ തായ്‍ലൻഡിലെ മുറിയിൽനിന്ന് ഒരു മരുന്നു കുപ്പി നീക്കിയതായി പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ലൈംഗിക ഉത്തേജക മരുന്നിന്റെ കുപ്പിയാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മാറ്റിയതെന്നു പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. 2022 മാര്‍ച്ചിലാണ് ഷെയ്ൻ വോണിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണകാരണം.
ഷെയ്ൻ വോണിന്റെ മൃതദേഹത്തിന് അടുത്തായാണ് മരുന്നിന്റെ കുപ്പിയും കണ്ടെത്തിയത്. ഇത് ഉപയോഗിച്ചതാണോ ക്രിക്കറ്റ് ഇതിഹാസത്തിന്റെ മരണത്തിലേക്കു നയിച്ചതെന്നു വ്യക്തമല്ല. മരുന്നു കണ്ടെത്തിയ കാര്യം പൊലീസ് ഉദ്യോഗസ്ഥർ റിപ്പോർട്ടിൽനിന്നും ബോധപൂര്‍വം ഒഴിവാക്കി. ‘‘ഉന്നത ഉദ്യോഗസ്ഥന്റെ ഉത്തരവ് ഞങ്ങൾക്ക് അനുസരിക്കേണ്ടിവന്നു. ഓസ്ട്രേലിയയിലുള്ള ചില ഉന്നത ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.’’– പേരു വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥൻ രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചു.
‘‘ഓസ്ട്രേലിയയുടെ ഏറ്റവും പ്രശസ്തനായ ഒരാൾ ഇങ്ങനെ മരണപ്പെടാൻ അവിടത്തെ ആളുകളും താൽപര്യപ്പെടില്ല. അതുകൊണ്ടായിരിക്കണം അവിടെനിന്നുള്ള ഉദ്യോഗസ്ഥരും ഇടപെട്ടത്. ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു റിപ്പോർട്ടിൽ. എന്നാൽ അതിലേക്കു നയിച്ചത് എന്താണെന്ന് എവിടെയും ഇല്ലായിരുന്നു. ഈ സംഭവത്തിനു പിന്നിൽ ശക്തമായ കരങ്ങളാണുള്ളത്.’’– പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.