ഐപിഎലിൽ ആർക്കും വേണ്ട,‘ കാമിയോ റോളിൽ’ പണം വാരി ഡേവിഡ് വാർണർ; പ്രതിഫലം കോടികൾ

Mail This Article
ഹൈദാരാബാദ്∙ തെലുങ്ക് സിനിമയിൽ കാമിയോ റോൾ ചെയ്യുന്നതിന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ വാങ്ങിയത് കോടികളെന്നു റിപ്പോർട്ട്. നിതിനും ശ്രീലീലയും പ്രധാന വേഷങ്ങളിലെത്തുന്ന ‘റോബിൻഹുഡ്’ എന്ന സിനിമയിലാണ് ഡേവിഡ് വാർണര്‍ ചെറിയ റോളിൽ പ്രത്യക്ഷപ്പെടുന്നത്. ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഏറെ ആരാധകരുടെ വാർണർ ഈ സിനിമയിൽ അഭിനയിക്കാൻ വാങ്ങിയ പ്രതിഫലം മൂന്നു കോടി രൂപയാണ്.
2024 ഐപിഎല്ലിന്റെ സമയത്താണ് സിനിമയിൽ വാർണറുടെ ഭാഗങ്ങൾ ചിത്രീകരിച്ചത്. 2024ൽ തന്നെ റിലീസ് ചെയ്യാനിരുന്ന സിനിമ സാങ്കേതിക കാരണങ്ങളാൽ വൈകി, 2025 മാർച്ച് 28നാണു റിലീസ് ചെയ്തത്. നേരത്തേ തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ നായകനായ പുഷ്പ 2 വിൽ ഡേവിഡ് വാർണർ ചെറിയ വേഷത്തിൽ അഭിനയിച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുഷ്പയിൽ വാർണര്‍ ഉണ്ടായിരുന്നില്ല.
സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ താരലേലത്തിൽ ഡേവിഡ് വാർണറെ ആരും വാങ്ങിയിരുന്നില്ല. ഇതോടെ താരം പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കാൻ തീരുമാനിച്ചിരുന്നു. പിഎസ്എല്ലിൽ കറാച്ചി കിങ്സ് ടീമിന്റെ ക്യാപ്റ്റനാണു വാർണർ. പാക്കിസ്ഥാൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ഷാൻ മസൂദിനെ മാറ്റിയാണ് കറാച്ചി കിങ്സ് വാർണറെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.