ബാറ്റർമാർ അത്ര പോര; തോൽവിക്കു പിന്നാലെ മുന്നറിയിപ്പുമായി ‘17 പന്തിൽ 11 റൺസെടുത്ത’ ക്യാപ്റ്റൻ

Mail This Article
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിലും മുംബൈ ഇന്ത്യൻസ് തോറ്റതോടെ ബാറ്റർമാർക്കു മുന്നറിയിപ്പുമായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ബാറ്റർമാര്‍ അവസരത്തിനൊത്ത് ഉയരാത്തതാണു പ്രശ്നമെന്നും ബോളർമാരും അത്ര മികച്ചതായിരുന്നില്ലെന്നും പാണ്ഡ്യ കുറ്റപ്പെടുത്തി. ‘‘മുംബൈ ഇന്ത്യൻസ് താരങ്ങളുടെ പിഴവിൽ 20–25 റൺസ് വരെ വിട്ടുകൊടുക്കേണ്ടിവന്നു. ട്വന്റി20യിൽ അതൊരു വലിയ സ്കോറാണ്. ഗുജറാത്ത് ഓപ്പണർമാർ മികച്ച രീതിയിലാണു ബാറ്റു ചെയ്തത്. കൂടുതൽ റിസ്കി ഷോട്ടുകൾ കളിക്കാതെ തന്നെ അവർ നന്നായി റൺസ് കണ്ടെത്തി.’’– പാണ്ഡ്യ മത്സര ശേഷം പ്രതികരിച്ചു.
‘‘തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ഐപിഎൽ തുടങ്ങിയതേയുള്ളൂ. അതുകൊണ്ടു തന്നെ ഇനിയും സമയമുണ്ട്. ബാറ്റർമാർ അവസരത്തിനൊത്ത് ഉയരണം, അവർ ഉടൻ തന്നെ അങ്ങനെയാകുമെന്നു പ്രതീക്ഷിക്കുന്നു. ഇവിടെ സ്ലോ ബോളുകൾ നേരിടുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. മുംബൈ ബാറ്റർമാരെ ബുദ്ധിമുട്ടിലാക്കാൻ ഗുജറാത്ത് ബോളർമാർക്കു സാധിച്ചു.’’– പാണ്ഡ്യ പ്രതികരിച്ചു. ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യൻസിന്റെ ഓപ്പണർമാരായ രോഹിത് ശർമ (എട്ട് റൺസ്), റയാൻ റിക്കിള്‍ട്ടൻ (ആറ്) എന്നിവർക്കു തിളങ്ങാൻ സാധിച്ചിരുന്നില്ല. മുഹമ്മദ് സിറാജിന്റെ പന്തിലാണ് ഇരുവരും പുറത്തായത്.
അതേസമയം നിർണായക സമയത്ത് ബാറ്റിങ്ങിലെ മെല്ലെപ്പോക്കിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെയും ആരാധക രോഷം ഉയരുന്നുണ്ട്. 17 പന്തുകളിൽ 11 റൺസ് മാത്രമാണ് പാണ്ഡ്യ ഗുജറാത്തിനെതിരെ നേടിയത്. ഒരു ഫോര്‍ മാത്രം ബൗണ്ടറി കടത്തി പാണ്ഡ്യ പുറത്തായി. മത്സരത്തിൽ 36 റൺസ് വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തപ്പോൾ, മുംബൈയുടെ മറുപടി ആറു വിക്കറ്റ് നഷ്ടത്തിൽ 160 റൺസിൽ അവസാനിച്ചു.