പേരും പെരുമയുമെല്ലാം ധോണി കളയുകയാണ്, 2023 ൽ വിരമിക്കണമായിരുന്നു: വിമർശിച്ച് മുൻ ഇന്ത്യൻ താരം

Mail This Article
ചെന്നൈ∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ കീപ്പർ എം.എസ്. ധോണിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. വർഷങ്ങളായി എം.എസ്. ധോണി ഉണ്ടാക്കിയെടുത്ത ബഹുമാനം മുഴുവൻ ഐപിഎലിൽ കളിച്ച് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് മനോജ് തിവാരി തുറന്നടിച്ചു. 2023 ൽ ചെന്നൈ സൂപ്പർ കിങ്സിനെ കിരീടത്തിലെത്തിച്ചതിനു പിന്നാലെ ധോണി വിരമിക്കുന്നതായിരുന്നു നല്ലതെന്നും തിവാരി ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. 43 വയസ്സുകാരനായ ധോണിയാണ് ഇപ്പോഴും ചെന്നൈയുടെ പ്രധാന വിക്കറ്റ് കീപ്പർ.
വിക്കറ്റിനു പിന്നിൽ ഗംഭീര പ്രകടനം തുടരുമ്പോഴും ബാറ്റിങ്ങിൽ തിളങ്ങാൻ ധോണിക്കു സാധിക്കുന്നില്ല. ‘‘ധോണിക്ക് വിരമിക്കാൻ പറ്റിയ സമയം 2023 ആയിരുന്നു. ഐപിഎൽ ട്രോഫി വിജയിച്ചപ്പോൾ തന്നെ അതു ചെയ്യണമായിരുന്നു. ക്രിക്കറ്റിൽ അദ്ദേഹം നേടിയ പേരും പെരുമയും ബഹുമാനവുമെല്ലാം കഴിഞ്ഞ രണ്ടു വർഷങ്ങളിലെ മോശം കളികൾ കാരണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആരാധകർക്കു ധോണിയെ ഇങ്ങനെ കാണാൻ താൽപര്യമില്ല. ചെന്നൈയുടെ അവസാന മത്സരത്തിനു ശേഷം റോഡിലിറങ്ങിയ ആരാധകർ ധോണിക്കെതിരെ മാധ്യമങ്ങളിലൂടെ സംസാരിക്കുകയാണ്. അതുതന്നെ ഒരു സൂചനയാണ്.’’– മനോജ് തിവാരി ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘ധോണിക്ക് പത്തോവറിൽ കൂടുതൽ ബാറ്റു ചെയ്യാൻ സാധിക്കില്ലെന്നാണ് ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് പറയുന്നത്. എന്നാൽ അദ്ദേഹം 20 ഓവർ ഫീൽഡ് ചെയ്യുന്നുണ്ടല്ലോ. ടീമിനു വേണ്ടിയുള്ള തീരുമാനങ്ങളല്ല ചെന്നൈയിൽ എടുക്കുന്നത്. ധോണിയുടെ കാര്യത്തിൽ ശക്തമായ തീരുമാനം ഉണ്ടാകണം. എന്നാൽ അതു സംഭവിക്കാൻ പോകുന്നില്ല.’’– തിവാരി വ്യക്തമാക്കി. ഡൽഹി ക്യാപിറ്റൽസിനെതിരെ 26 പന്തുകൾ ബാറ്റു ചെയ്ത ധോണി 30 റൺസാണു നേടിയത്. മത്സരത്തിൽ ഡൽഹി 25 റൺസിനു വിജയിച്ചതോടെയാണു ധോണിക്കെതിരായ വിമർശനം ശക്തമായത്. ആദ്യം ബാറ്റു ചെയ്ത ഡൽഹി ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്.