അതിതാപനിലയുടെ നഗരദ്വീപ്! ഹൈദരാബാദ് ‘അർബൻ ഹീറ്റ് ഐലൻഡ്’: എന്താണത്?

Mail This Article
ദക്ഷിണേന്ത്യയുടെ പ്രധാന നഗരങ്ങളിലൊന്നായ ഹൈദരാബാദ്, അർബൻ ഹീറ്റ് ഐലൻഡ് എന്ന പ്രത്യേക കാലാവസ്ഥാസ്ഥിതിവിശേഷമുള്ള സ്ഥലങ്ങളുടെ ഗണത്തിലാകുകയാണെന്ന് റിപ്പോർട്ട്. തെലങ്കാന സർക്കാർ പുറത്തിറക്കിയ സോഷ്യോ ഇക്കണോമിക് ഔട്ട്ലുക്ക് 2025 റിപ്പോർട്ടിലാണ് ഇത് ചൂണ്ടിക്കാട്ടപ്പെടുന്നത്. ചുറ്റുമുള്ള ഗ്രാമമേഖലയെക്കാൾ നഗരത്തിൽ ചൂടേറി വരുന്നതാണ് ഇത്തരമൊരു അവസ്ഥയ്ക്കു കാരണം. മനുഷ്യപ്രവർത്തനങ്ങൾ, മരങ്ങളുടെ എണ്ണം കുറയുന്നത്, മലിനീകരണം തുടങ്ങിയവയാണ് ഈ അവസ്ഥയിലേക്ക് നഗരങ്ങളെ നയിക്കുന്ന ഘടകങ്ങൾ.
ഹൈദരാബാദിൽ തണുപ്പുകാലം കഴിഞ്ഞ കുറച്ചുവർഷങ്ങളായി ചൂടേറിയതാണെന്നു ജനങ്ങൾ പരാതിപ്പെട്ടിരുന്നു. ശാസ്ത്ര, പരിസ്ഥിതി കേന്ദ്രം ഹൈദരാബാദിനെപ്പറ്റി വിശദമായി റിപ്പോർട്ടും ഇക്കാര്യത്തിൽ പുറത്തിറക്കിയിരുന്നു. തുടർന്നാണ് സർക്കാർ ഇക്കാര്യം അംഗീകരിച്ചു മുന്നോട്ടു വന്നത്. കഴിഞ്ഞ പത്തു വേനൽക്കാലങ്ങളിൽ രാത്രിയിലെ താപനില കുറയുന്നതിൽ 2 ഡിഗ്രിയോളം കുറവ് വന്നു. വേനൽക്കാല രാത്രികൾ കൂടുതൽ ഉഷ്ണമുള്ളതായെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. അമിതോഷ്ണമുള്ള രാത്രികളും പ്രശ്നമുള്ളവയാണ്.

അർബൻ ഹീറ്റ് ഐലൻഡുകൾ ആഗോള പരിസ്ഥിതി മേഖലയിൽ തന്നെ ചർച്ച ചെയ്യപ്പെടുന്നവയാണ്. നഗരത്തിൽ പലവിധ കെട്ടിടങ്ങൾ, റോഡുകൾ, മറ്റു നിർമിതികൾ തുടങ്ങിയവയുടെ എണ്ണവും സാന്ദ്രതയും കൂടുതലാണ്. നിർമിതികൾ കൂടുതൽ ചൂടിനെ ആഗിരണം ചെയ്യുന്നതും ഈ പ്രതിഭാസത്തിനൊരു ശക്തമായ കാരണമാണ്. ആരോഗ്യത്തെയും ജലനിലവാരത്തെയും ഈ പ്രതിഭാസം ബാധിക്കാം. ആഗോളതാപനത്തിനു കാര്യമായ സംഭാവനകൾ നൽകുന്നതുമാണ് ഈ പ്രതിഭാസം.