കടുകെണ്ണ, ഉപ്പ്, മഞ്ഞൾ എന്നിവയ്ക്ക് ദന്തരോഗങ്ങൾ തടയാൻ സാധിക്കുമോ? | Fact Check
Mail This Article
ഉപ്പും മഞ്ഞളും രണ്ട് തുള്ളി കടുകെണ്ണയും ചേർത്ത് വിരലുകൊണ്ട് പല്ലു തേച്ചാൽ ദന്തരോഗങ്ങൾ ഉണ്ടാവില്ലെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണിതിന്റെ വാസ്തവമെന്നറിയാം.

∙ അന്വേഷണം
കടുകെണ്ണ, ഉപ്പ്, മഞ്ഞൾ എന്നിവ പല്ലുകളെ ഫലപ്രദമായി വൃത്തിയാക്കുമോ?
വായയുടെ ശുചിത്വവുമായി ബന്ധപ്പെട്ട് കടുകെണ്ണ, ഉപ്പ്, മഞ്ഞൾ എന്നിവ ചേർത്തുപയോഗിക്കുന്നതിന് ചില ഗുണങ്ങളുണ്ട്. പക്ഷേ, പ്രചരിക്കുന്നതുപോലെ പല്ലുകൾ വൃത്തിയാക്കാൻ ഇതൊരു പൂർണ്ണ പരിഹാരമല്ല. കടുകെണ്ണയ്ക്കും മഞ്ഞളിനും ബാക്ടീരിയെ നശിപ്പിക്കാനുള്ള ഗുണങ്ങളുണ്ട്. പല്ലുകളിൽ രൂപം കൊള്ളുന്ന ബാക്ടീരിയയുടെ ഒരു പശിമയുള്ള പടലമാണ് പ്ലാക്ക്. മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തത്തിന്റെ ആന്റിമൈക്രോബിയൽ ഗുണങ്ങൾ പല്ലിലെ പ്ലാക്ക് കുറയ്ക്കാനും മോണയുടെ വീക്കം കുറയ്ക്കാനും സഹായിക്കുമെന്ന് 2024ലെ ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കടുകെണ്ണയ്ക്കും ചില ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ട്. പല്ലിന്റെ ഉപരിതലത്തിലെ അവശിഷ്ടങ്ങൾ ഉരച്ച് നീക്കം ചെയ്യാൻ ഉപ്പും സഹായകമാണ്. എന്നിരുന്നാലും, പ്ലാക്ക് നീക്കം ചെയ്യുന്നതിന് വിരലുകൊണ്ട് പല്ല് തേക്കുന്നത് ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നതിന്റെയത്ര ഫലപ്രദമല്ല.
ടൂത്ത് പേസ്റ്റുകളിൽ ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ട്, അത് ഇനാമലിനെ ശക്തിപ്പെടുത്തുകയും ദന്തക്ഷയം തടയുകയും ചെയ്യുന്നു. പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്ന മിശ്രിതത്തിന് ഇത് സാധ്യമല്ല. ഈ രീതിയെ മാത്രം ആശ്രയിക്കുന്നത് പ്ലാക്ക് അവശേഷിപ്പിക്കുകയും കാലക്രമേണ പല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യും.
ദന്തരോഗങ്ങൾക്ക് പരിഹാരമായി പോസ്റ്റിൽ പറയുന്നതുപോലെ നിർമിച്ച പേസ്റ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിദഗ്ധ അഭിപ്രായത്തിനായി എയിംസിലെ സെന്റർ ഫോർ കമ്മ്യൂണിറ്റി മെഡിസിനിലെ ഡോ. സഞ്ജീവ് കുമാറിനെ സമീപിച്ചു. അദ്ദേഹം വ്യക്തമാക്കിയ കാര്യങ്ങൾ ഇതാണ്: “ശരിയായി വായ ശുചീകരിക്കുന്നതിന് ദിവസത്തിൽ രണ്ടുതവണ ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ലുതേയ്ക്കുക, പല്ലുകൾക്കിടയിൽ വൃത്തിയാക്കാൻ ദിവസവും ഫ്ലോസ് ചെയ്യുക, പ്ലാക്ക് ഫലപ്രദമായി നീക്കം ചെയ്യുന്നതിന് ഒരു ടൂത്ത് ബ്രഷ് ഉപയോഗിക്കുക എന്നിവ ആവശ്യമാണ്. ആരോഗ്യമുള്ള പല്ലുകളും മോണകളും നിലനിർത്തുന്നതിന് ഇത് ആവശ്യമാണ്. കൂടാതെ കടുകെണ്ണ, ഉപ്പ്, മഞ്ഞൾ തുടങ്ങിയ പരമ്പരാഗത മിശ്രിതങ്ങൾ ഇതിന് പകരമാവില്ല.”
അതുപോലെ, മഞ്ഞൾ, ബേക്കിംഗ് സോഡ, നാരങ്ങ എന്നിവ ഉപയോഗിക്കുന്നത് എല്ലാ ദന്തരോഗങ്ങളെയും ഭേദമാക്കുമെന്ന് ചിലർ നിർദ്ദേശിക്കാറുണ്ട്. ഇതും തെറ്റാണ്.
എല്ലാ ദന്തരോഗങ്ങളും തടയാൻ ഈ മിശ്രിതത്തിന് കഴിയുമോ?
ഇല്ല, "ഒരു ദന്തരോഗവും ഉണ്ടാകില്ല" എന്ന് അവകാശപ്പെടുന്നത് അതിശയോക്തിയാണ്. പല്ലിലെ കേട്, മോണരോഗം തുടങ്ങിയ ദന്തരോഗങ്ങൾ മോശം വായ് ശുചിത്വം, മധുരം കഴിക്കുന്നതിന്റെ ഉയർന്ന തോത്, ഫ്ലൂറൈഡിന്റെ അഭാവം തുടങ്ങിയ നിരവധി ഘടകങ്ങളാൽ ഉണ്ടാകുന്നതാണ്. മഞ്ഞൾ, കടുകെണ്ണ എന്നിവയ്ക്ക് ചില ദോഷകരമായ ബാക്ടീരിയകളെ കുറയ്ക്കാൻ കഴിയുന്ന ആന്റിബാക്ടീരിയൽ ഗുണങ്ങളുണ്ടെങ്കിലും, ദന്തരോഗങ്ങളുടെ എല്ലാ കാരണങ്ങളെയും അവയ്ക്ക് നേരിടാൻ കഴിയില്ല.
ഉദാഹരണത്തിന്, ബാക്ടീരിയകൾ ഉത്പാദിപ്പിക്കുന്ന ആസിഡ് ഇനാമലിനെ ക്ഷയിപ്പിക്കുമ്പോഴാണ് പല്ലിൽ സുഷിരം അധവ തുളയുണ്ടാകുന്നത്. ഫ്ലൂറൈഡിന് ഈ പ്രക്രിയയെ പ്രതിരോധിക്കാൻ കഴിയും. പോസ്റ്റിൽ പറയുന്ന മിശ്രിതത്തിൽ ഇത് ഇല്ല. ദന്തരോഗങ്ങൾ തടയാൻ ദിവസവും രണ്ടു തവണ ഫ്ലൂറൈഡ് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുക, ഫ്ലോസ് ചെയ്യുക, പതിവായി ഡെന്റിസ്റ്റിനെ കണ്ട് ചെക്ക് അപ്പ് നടത്തുക എന്നിവ വളരെ പ്രധാനമാണെന്ന് നാഷണൽ ഹെൽത്ത് സർവീസ് ഊന്നിപ്പറയുന്നു. 2024ലെ ഒരു പഠനവും പല്ല് കേടാവാനുള്ള അപകടസാധ്യത കുറയ്ക്കാൻ ഫ്ലൂറൈഡ് നിർണായകമാണെന്ന് എടുത്തുകാട്ടുന്നു.
അതുപോലെ, മഞ്ഞളും വെളിച്ചെണ്ണയും ഉപയോഗിക്കുന്നത് പല്ലിലെ കേട് സ്വാഭാവികമായി മാറ്റുമെന്ന് അവകാശപ്പെടുന്ന മറ്റൊരു പോസ്റ്റുണ്ട്. ഇതും ഒരു തെറ്റിദ്ധാരണയാണ്.
ഈ മിശ്രിതം ഉപയോഗിച്ച് വിരലുകൊണ്ട് പല്ല് തേക്കുന്നത് സുരക്ഷിതവും ഫലപ്രദവുമാണോ?
അല്ല. ഒരു ടൂത്ത് ബ്രഷിന്റെ രോമങ്ങൾ പല്ലുകൾക്കിടയിലും പല്ലിന്റെ അടിവശത്തുനിന്നും പ്ലാക്ക്, ഭക്ഷണകണങ്ങൾ എന്നിവ നീക്കം ചെയ്യുന്നു. മറുവശത്ത്, ഒരു വിരലിന് ഇതിന്റെയത്ര കൃത്യതയും ഉരയ്ക്കാനുള്ള ശേഷിയുമില്ല. ഇത് പല്ലുകൾ ദ്രവിക്കാനും മോണരോഗത്തിനും കാരണമായേക്കാം. കൂടാതെ, ഉപ്പ് പല്ലിന്റെ സംരക്ഷണ പാളിയായ ഇനാമലിനെ ക്ഷയിപ്പിക്കുകയും സെൻസിറ്റിവിറ്റിക്ക് കാരണമാവുകയും ചെയ്യും. മഞ്ഞൾ പൊടിയുടെ മഞ്ഞ നിറം കാലക്രമേണ പല്ലുകളിൽ കറപിടിപ്പിക്കുകയും ചെയ്യാം. വായിൽ സാധാരണയായി ഉപയോഗിക്കാത്ത കടുകെണ്ണ മോണയിൽ അലർജിക്ക് കാരണമാവുകയും ചെയ്യും. ഇനാമൽ നാശവും മറ്റ് സങ്കീർണതകളും ഒഴിവാക്കാൻ, പരിശോധിച്ച് തെളിഞ്ഞിട്ടില്ലാത്ത ഇത്തരം പരിഹാരങ്ങളേക്കാൾ ഡെന്റിസ്റ്റ് അംഗീകരിച്ച ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു.
വീട്ടുവൈദ്യത്തെ കുറിച്ച് ജാർഖണ്ഡിലെ വാനൻചൽ ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ ഡോ. സ്നിഗ്ധയുടെ വിദഗ്ധ അഭിപ്രായത്തിൽ: "ഏത് മിശ്രിതം ഉപയോഗിച്ചാലും, വിരൽ ഉപയോഗിച്ച് പല്ലു തേക്കുന്നത് ദന്താരോഗ്യത്തിന് സുരക്ഷിതമോ ഫലപ്രദമോ അല്ല. പ്ലാക്ക്, ഭക്ഷണകണങ്ങൾ എന്നിവ നീക്കം ചെയ്യാൻ പല്ലുകൾക്കിടയിലും പല്ലിന്റെ അടിവശത്തും എത്തുന്ന തരത്തിലാണ് ടൂത്ത് ബ്രഷ് പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിരലുകൾക്ക് ആവശ്യമായ കൃത്യത, സമ്മർദ്ദം, ഉരയ്ക്കാനുള്ള പ്രവർത്തനം എന്നിവയില്ലാത്തതിനാൽ ദോഷകരമായ ബാക്ടീരിയകളെ നീക്കം ചെയ്യില്ല. ഇത് കാലക്രമേണ പല്ല് ദ്രവിക്കുന്നതിനും മോണരോഗത്തിനും വായ്നാറ്റത്തിനും സാധ്യത വർധിപ്പിക്കുന്നു."
∙ വാസ്തവം
കടുകെണ്ണ, ഉപ്പ്, മഞ്ഞൾ എന്നിവയ്ക്ക് എല്ലാ ദന്തരോഗങ്ങളെയും തടയാൻ കഴിയുമെന്ന അവകാശവാദം തെറ്റാണ്. ഈ മിശ്രിതത്തിന് ചില ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ടാകാം എങ്കിലും, ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്യുക, ടൂത്ത് ബ്രഷ് ഉപയോഗിക്കുക തുടങ്ങിയ ശരിയായ ദന്ത ശുചിത്വ രീതികൾക്ക് ഇത് പകരമാവില്ല.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി തിപ്പ് പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)