കേരളത്തിൽ മറ്റാരും ചെയ്യാത്തത്, ‘വേസ്റ്റ് ടു വെൽത്ത്’ അഥവാ വേസ്റ്റ് ബിന്നിൽ പ്രോട്ടീൻ ഫാക്ടറി

Mail This Article
ജൈവ മാലിന്യം വളമാക്കാമെന്നു നമുക്ക് അറിയാം എന്നാൽ അടുക്കളമാലിന്യത്തിൽനിന്നു വളത്തിനു പുറമേ, വിപണിമൂല്യമേറെയുള്ള പ്രോട്ടീൻ പൗഡർ, കൈറ്റിൻ, കൈറ്റോസാൻ എന്നിവയും കിട്ടുമെന്നായാലോ? ‘വേസ്റ്റ് ടു വെൽത്ത്’ എന്ന ആശയം അക്ഷരാർഥത്തിൽ നടപ്പാക്കുകയാണ് കോഴിക്കോട് കട്ടങ്ങലിലെ കെ.സി.അനൂപിന്റെ ‘ബ്ലാക് ഫ്ലൈ ടെക്നോളജീസ്’ കമ്പനി.
കോഴിവളർത്തലിൽനിന്നു വേസ്റ്റ് മാനേജ്മെന്റിലേക്കും പ്രോട്ടീൻ സ്റ്റാർട്ടപ്പിലേക്കും വളർന്ന കഥയാണ് അനൂപിന്റേത്. ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുമ്പോൾതന്നെ വീട്ടിൽ കരിങ്കോഴികളെ വളർത്തിയിരുന്ന അനൂപ് വിദേശ രാജ്യങ്ങൾക്കുപോലും താൽപര്യമുള്ള ഒരു സ്റ്റാർട്ടപ് സംരംഭത്തിലേക്ക് തന്റെ ആദ്യ ചുവടുവയ്പാണ് അതെന്ന് അന്നു തിരിച്ചറിഞ്ഞില്ല. കെൽട്രോണിലും ഒഎൻജിസിയിലുമൊക്കെ പ്രവർത്തിക്കുമ്പോഴും കോഴിക്കോട് കട്ടങ്ങലിലെ വീട്ടിൽ അനൂപിനു കോഴിവളർത്തലുണ്ടായിരുന്നു.
കരിങ്കോഴികളുടെ വിപണി ഇടിഞ്ഞപ്പോള്‍ തീറ്റച്ചെലവ് കുറയ്ക്കാനായാണ് പട്ടാള ഈച്ചക്കളുടെ പുഴുക്കളെ (ബ്ലാക് സോൾജ്യർ ഫ്ലൈ ലാർവ അഥവാ ബിഎസ്എഫ് ലാർവ) അനൂപ് വളർത്തിത്തുടങ്ങിയത്. കൊറോണക്കാലം വരെ കരിങ്കോഴിക്കച്ചവടം ഉഷാറായി നടന്നു. 500 രൂപ വില കിട്ടുന്ന ആയിരത്തോളം കരിങ്കോഴികളാണ് ഓരോ ബാച്ചിലും ഇറക്കിയിരുന്നത്. എന്നാൽ കൊറോണയ്ക്കു ശേഷം അവയ്ക്കു പ്രിയം തീരെ കുറഞ്ഞു. ഒരു കരിങ്കോഴിക്ക് 100 രൂപയായി വില താഴ്ന്നു. കാറിന്റെ ഡിക്കിയിലാക്കി വീടു തോറും എത്തിച്ചിട്ടും വാങ്ങാൻ ആളില്ല. ലാഭക്ഷമത നിലനിര്‍ത്താന്‍ തീറ്റച്ചെലവ് കുറച്ചേ മതിയാവൂ. വീട്ടിലെ മാലിന്യം ഒഴിവാക്കുന്നതിനൊപ്പം കോഴികളുടെ തീറ്റച്ചെലവ് കുറയ്ക്കുന്ന ബിഎസ്എഫ് സാങ്കേതികവിദ്യ അനൂപിനെ ആകർഷിച്ചു. പട്ടാളയീച്ചപ്പുഴുക്കള്‍ക്കൊപ്പം കോഴികൾക്ക് വില കുറഞ്ഞ ധാന്യാവശിഷ്ടങ്ങൾ കൂടി നല്‍കിയാല്‍ മതിയെന്നും അനൂപ് മനസ്സിലാക്കി. മികച്ച പ്രോട്ടീൻ സ്രോതസായ ഈ ലാർവകൾ കോഴികൾക്ക് എറെ ഇഷ്ടമായി. വളർത്തുപക്ഷികൾക്കും മത്സ്യങ്ങൾക്കുമൊക്കെയുള്ള തീറ്റയായി വാണിജ്യാടിസ്ഥാനത്തിൽ ബിഎസ്എഫ് ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്റ്റാർട്ടപ്പ് സംരംഭത്തിനു തുടക്കമിട്ടത്. കോഴിക്കോട് എൻഐടിയുടെ ടെക്നോളജി ബിസിനസ് ഇൻകുബേഷൻ (ടിബിഐ) സെന്റർ അനൂപിനു തുണയായി.

ഉറവിടമാലിന്യ സംസ്കരണത്തിനു പുതു മാതൃകയായി ബിഎസ്എഫ് സാങ്കേതികവിദ്യ വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. ബിഎസ്എഫ് പുഴുക്കളെ വലിയ തോതിൽ ഉൽപാദിപ്പിക്കാനും അവയെ ഉണക്കി പ്പൊടിച്ച് സൂക്ഷിക്കാനുമുള്ള സാങ്കേതികവിദ്യയാണ് ആദ്യം രൂപപ്പെടുത്തിയത്. അടുത്ത ഘട്ടത്തില്‍ ഈ പൊടിയിൽനിന്ന് പ്രോട്ടീൻ സമ്പന്ന ഓയിൽ വേർതിരിച്ചു. ഇപ്രകാരം ഉൽപാദിപ്പിക്കുന്ന പ്രോട്ടിൻ ഓയിൽ ലീറ്ററിന് 1000 രൂപ വരെ വിലയുണ്ടത്രെ. മറ്റു തീറ്റവസ്തുക്കളുമായി ഇത് കൂട്ടിക്കലർത്തിയാണ് കോഴിത്തീറ്റയും മത്സ്യത്തീറ്റയുമൊക്കെ തയാറാക്കുക. സസ്യജന്യമെന്ന പേരിൽ ചൈനയിൽനിന്നും മറ്റും ഇറക്കുമതി ചെയ്യാറുള്ള പ്രോട്ടിൻ ഓയിലിന്റെ സിംഹഭാഗവും ഇപ്രകാരം പുഴുക്കളിൽനിന്നും പ്രാണികളിൽനിന്നും തയാറാക്കുന്നതാണെന്ന് അനൂപ് ചൂണ്ടിക്കാട്ടി.
കോഴിക്കോട് എൻഐടിയിലെ ഒരു സ്റ്റാർട്ടപ് സംരംഭമെന്ന നിലയിൽ ഇസ്രയേൽ സന്ദർശിക്കാൻ അവസരം ലഭിച്ചത് അനൂപിന്റെ ജീവിതത്തിൽ വഴിഞ്ഞിരിവായി. മികച്ച പ്രോട്ടീൻ സ്രോതസെന്ന നിലയിൽ കീടങ്ങളെ പ്രയോജനപ്പെടുത്തുന്നതിനുള്ള ഗവേഷണം ഇസ്രയേലിലെ ഗലീലി സർവകലാശാലയിൽ മുന്നേറുന്നത് കണ്ടപ്പോഴാണ് തന്റെ പ്രവർത്തനം ശരിയായ ദിശയിലാണെന്ന് അനൂപിനു ബോധ്യമായത്. മികച്ച ജോലി ഉപേക്ഷിച്ച് പുഴുവളർത്തലുമായി നടക്കുന്ന തനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് ആശങ്കപ്പെട്ടിരുന്ന അനൂപിന് അതോടെ ആത്മവിശ്വാസമായി. 30 ശതമാനം മാത്രം പ്രോട്ടീനുള്ള, വെട്ടുക്കിളികളിൽനിന്നുള്ള ജെല്ലിമിഠായിയാണ് ഇസ്രയേലിന്റെ പട്ടാളക്കാർ യുദ്ധമുന്നണിയിൽ ആഹാരമായി ഉപയോഗിക്കുന്നത്. രാവിലെ ഇത് കഴിച്ചാൽ പിന്നെ പകൽ മുഴുവൻ വിശപ്പോ ക്ഷീണമോ തോന്നില്ല. അങ്ങനെയെങ്കിൽ 40 ശതമാനം പ്രോട്ടീനുള്ള ബിഎസ്എഫ് പുഴുക്കൾക്ക് എന്തെല്ലാം സാധ്യതകളുണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു. ഇതു സംബന്ധിച്ച തുടർഗവേഷണത്തിൽ ഇസ്രായേലിന്റെ പിന്തുണ അനൂപ് ഉറപ്പാക്കിക്കഴിഞ്ഞു.
വാണിജ്യാടിസ്ഥാനത്തിൽ ബി എസ് എഫ് പുഴുക്കളെ വളർത്താനും മൂല്യവർധിത ഉൽപന്നങ്ങൾ വിപണി യിലെത്തിക്കാനുമുള്ള ശ്രമത്തിലാണ് അനൂപ്. കേന്ദ്രസർക്കാരിന്റെ നിധിപ്രയാസ് പദ്ധതി പ്രകാരം ഫണ്ട് ലഭിച്ചു. മൈക്രോബയോളജി ഗവേഷകർ ഉൾപ്പെടുന്ന ടീമാണ് ഈ സ്റ്റാർട്ടപ് സംരംഭത്തിൽ പ്രവർത്തിക്കു ന്നത്. അധികൃതരുടെ പ്രോത്സാഹനം കിട്ടിയാൽ നാടിനു മാതൃകയായി ബിഎസ്എഫ് മാലിന്യ സംസ്കരണം മാറ്റാമെന്ന് അനൂപ് പറയുന്നു. 3 മാസമായി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഇവരാണ് സംസ്കരിക്കുന്നത്. കേവലം 4 ഡബിൾ റിങ് കംപോസ്റ്റിങ് ബിന്നുകൾ ഉപയോഗിച്ച് ശാസ്ത്രീയമായി കംപോസ്റ്റിങ് നടത്താൻ കഴിയുന്നുണ്ടെന്ന് അനൂപ് ചൂണ്ടിക്കാട്ടി.
ബിഎസ്എഫ് മാലിന്യ സംസ്കരണ സംവിധാനം ഫ്ലാറ്റുകളിലും റിസോർട്ടുകളിലും മറ്റു സ്ഥാപനങ്ങളിലും സ്ഥാപിച്ചു നൽകാനും അനൂപിന്റെ ബ്ലാക് ഫ്ലൈ ടെക്നോളജീസ് തയാർ. വയനാട്ടിലെ ഒരു റിസോർട്ടിലും കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് വക ടവറിലും ഈ സംവിധാനം 2 വർഷമായി ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. ഒരു കാർ പാർക്ക് ചെയ്യാനുള്ളത്ര സ്ഥലത്ത് ഒരു ടൺ സംസ്കരണശേഷയുള്ള 2 യൂണിറ്റുകൾ വയ്ക്കാം. ഒരു യൂണിറ്റിന് ഒരു ലക്ഷം രൂപ ചെലവ് വരും. തീരെ മണമില്ലെന്നതും മാലിന്യ ശേഖരം ഇടയ്ക്ക് ഇളക്കിമറിക്കേണ്ടെന്നതും ഈ സംവിധാനത്തിന്റെ മേന്മകള്‍. ഉപോല്‍പന്നമായി ബിഎസ്എഫ് പുഴുക്കൾക്കു പുറമേ ഒന്നാം തരം ജൈവവളവും ലഭിക്കും. പുഴുക്കള കമ്പനി തിരികെയെ ടുക്കുകയും ചെയ്യും.
വെല്ലുവിളികൾക്കു നടുവിൽ
നാടിന് ഉപകാരപ്പെടുന്ന സംരംഭമാണെങ്കിലും തുടക്കം മുതൽ വലിയ വെല്ലുവിളികൾക്കു നടുവിലായിരുന്നു ബ്ലാക് ഫ്ലൈ ടെക്നോളജീസ്. നിയമപ്രകാരം വേണ്ടത്ര സുരക്ഷാസംവിധാനങ്ങളോടെ പുഴുക്കളെ വളർത്താൻ ശ്രമിച്ചപ്പോൾ അയൽക്കാരൻ കീടശല്യം, ദുർഗന്ധം തുടങ്ങിയ പരാതികളുമായി വന്നു. 4 വർഷം ഒരു പരാതിയുമില്ലാതെ പ്രവർത്തിച്ച യൂണിറ്റിൽ, പുഴുക്കളാണ് സംസ്കരണം നടത്തുന്നതെന്നു കേട്ടയുടൻ അയാൾ പരാതിപ്പെടുകയായിരുന്നു. ലൈസൻസിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയപ്പോൾ പട്ടാളയീച്ചയുടെ പുഴുക്കളെക്കുറിച്ചു പരാമർശിച്ചതാണ് വിനയായത്. അതുവരെ അത്തരമൊരു പരാതി ആർക്കുമില്ലായിരുന്നു. പുഴുക്കൾ എന്നു കേൾക്കുമ്പോഴുള്ള അറപ്പും മുൻവിധികളുമാണ് എതിര്‍പ്പിനു കാര ണമെന്ന് അനൂപ് ചൂണ്ടിക്കാട്ടി.
ഒറ്റപ്പെട്ട മലയോരങ്ങളിലെ പന്നിക്കർഷകർപോലും ബിഎസ്എഫ് യൂണിറ്റ് പ്രവർത്തിപ്പിക്കാൻ വലിയ തുക വാടക ചോദിച്ചതോടെ അനൂപ് മറ്റ് മാർഗങ്ങൾ അന്വേഷിച്ചു. അങ്ങനെയാണ് ജൈവമാലിന്യത്തിൽനിന്നു ആവശ്യാനുസരണം ബിഎസ്എഫ് പുഴുകളെ ഉൽപാദിപ്പിക്കാമെന്ന പ്രതീക്ഷയില്‍ കോഴിക്കോട് കോർപറേഷൻ വക ഞെളിയൻപറമ്പിലെ മാലിന്യസംസ്കരണശാലയുടെ പ്രവർത്തനം ഏറ്റെടുത്തത്. ദുർഗന്ധരഹിതമായി ഇതു നടത്തുന്നതിനുവേണ്ട അനുബന്ധ സങ്കേതങ്ങൾ ബ്ലാക് ഫ്ലൈ ടെക്നോളജീസ് വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ സംസ്കരണത്തിനായി കോർപറേഷൻ ഒരുക്കേണ്ട അടിസ്ഥാനസൗകര്യങ്ങളൊന്നും ഇനിയുമായിട്ടില്ല. നിലവിൽ ഇവിടെ കംപോസ്റ്റ് നിർമാണത്തിനുള്ള ഷെഡ് അപകടാവസ്ഥയിലാണ്. അതുകൊണ്ടുന്നെ ജൈവവളം നിർമാണത്തിനു ലൈസൻസ് കിട്ടുന്നില്ല. 40,000 ചതുരശ്രയടിയിൽ പുതിയ ഷെഡ് നിർമിച്ചു നൽകാമെന്ന കോർപറേഷന്റെ വാഗ്ദാനം നടപ്പായാൽ ലൈസൻസ് നേടി ഉൽപാദനം തുടങ്ങാനാകുമെന്ന് അനൂപ് ചൂണ്ടിക്കാട്ടി.
കൗൺസിൽ അംഗീകരിച്ചിട്ടു 10 മാസം പിന്നിടുമ്പോഴും നിർമാണം തുടങ്ങാത്ത സാഹചര്യത്തിൽ ലാർവ കംപോസ്റ്റിങ് നടത്താനാവുന്നില്ല. ജൈവവളം ഉൽപാദനത്തിലൂടെ സ്റ്റാർട്ടപ്പിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാമെന്നു കരുതിയ അനൂപ് ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. തന്റെ സമ്പാദ്യവും സ്വത്തുമൊക്കെ ലാർവ കംപോസ്റ്റിങ് സംരംഭത്തിനായി മുടക്കിയ ഇദ്ദേഹം വലിയ കടബാധ്യ തയിലുമാണ്.
ഫോൺ: 8921736884