സമാധാനം, യോഗ, നല്ല ഭക്ഷണം... ഗോവയില്‍ രഞ്ജിനിയുടെ വെക്കേഷന്‍

Mail This Article
തെക്കന്‍ ഗോവയില്‍ അവധി ദിനങ്ങള്‍ ആസ്വദിച്ച് രഞ്ജിനി ഹരിദാസ്. ‘‘സമാധാനവും നിശ്ശബ്ദതയും യോഗയും നല്ല ഭക്ഷണവുമൊക്കെ ആസ്വദിക്കാന്‍ ഇങ്ങോട്ട് വരൂ...’’ എന്നു രഞ്ജിനി എഴുതി. കനകോണയിലുള്ള പാലോലം ബീച്ചിലാണ് രഞ്ജിനിയുടെ വെക്കേഷന്‍. തെക്കൻ ഗോവയിലെ ഏറ്റവും മനോഹരമായ ബീച്ചുകളില്‍ ഒന്നാണിത്. സൗന്ദര്യം നിറഞ്ഞ പ്രകൃതിയും ശാന്തമായ പരിസരങ്ങളും അതിരിടുന്ന പാലോലം ബീച്ചിൽ ഓരോ വര്‍ഷവും എത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

തെങ്ങുകൾ നിറഞ്ഞ ഒരു കാടുപോലെയാണ് പാലോലം ബീച്ചിന്‍റെ തീരഭാഗം. ഏകദേശം ഒന്നര കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഈ ബീച്ച്, ചന്ദ്രക്കലയുടെ ആകൃതിയിലാണ്. രണ്ട് അറ്റത്തുനിന്നും മുഴുവൻ ബീച്ചും കാണാൻ കഴിയും. ബീച്ചിന്‍റെ രണ്ട് അറ്റത്തും കടലിലേക്കു തള്ളിനിൽക്കുന്ന പാറകളാണ്. വടക്കേ അറ്റത്തുള്ള ആഴം കുറഞ്ഞ ഭാഗം, നീന്താന്‍ സുരക്ഷിതമാണ്.
നവംബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. നീന്തൽ, മീൻപിടുത്തം, പാരാസെയിലിങ്, ബോട്ട് സവാരി പോലുള്ള സാഹസികവിനോദങ്ങള്‍ ഇവിടെ ആസ്വദിക്കാം. 2018 ൽ ഇന്ത്യയിലെ അഞ്ചാമത്തെ മികച്ച ബീച്ചായി ട്രിപ്പ്അഡ്വൈസർ പാലോലം ബീച്ചിനെ തിരഞ്ഞെടുത്തിരുന്നു. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ സിനിമയായ ' ദി ബോൺ സുപ്രമസി' യിലും പ്രത്യക്ഷപ്പെട്ടതോടെ വിദേശ വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമാണ് പാലോലം.
വേനലിലെ ഗോവ
ഇന്ത്യൻ, പോർച്ചുഗീസ് സംസ്കാരങ്ങളുടെ അതിശയകരമായ മിശ്രണമാണ് ഗോവ. വിശാലമായ ബീച്ചുകളും മനോഹരമായ കുന്നിന്‍പ്രദേശങ്ങളും ജല കായിക വിനോദങ്ങളും രാത്രി പാര്‍ട്ടികളും രുചികരമായ ഭക്ഷണവുമെല്ലാമായി ജീവിതത്തിന്‍റെ ലഹരി വഴിഞ്ഞൊഴുകുന്ന ഇടം. എന്നാല്‍ വേനല്‍ക്കാലം ഗോവ യാത്രയ്ക്ക് അത്ര അനുയോജ്യമല്ല എന്നതാണ് സത്യം.
ഗോവയിലെ വേനൽക്കാലം ഏപ്രിൽ മുതൽ ജൂൺ വരെ നീണ്ടുനിൽക്കും. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളില്‍ ഗോവയില്‍ ചൂട് കൂടുതലാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പകൽ താപനില ഏകദേശം 33 ഡിഗ്രി സെൽഷ്യസും രാത്രി താപനില ഏകദേശം 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഗോവയിലെ ഏറ്റവും ചൂടേറിയ മാസമാണ് മേയ്, താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം.
എന്നാല്‍ കുറഞ്ഞ ചെലവില്‍ ഗോവ കാണാന്‍ വേനല്‍ക്കാലമാണ് നല്ലത്. ഓഫ്‌ബീറ്റ് സീസണായതിനാൽ ഈ സമയത്ത് കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകളും ആഡംബര താമസ സൗകര്യങ്ങളും ലഭിക്കും. കൂടാതെ, ഈ സീസണിൽ, വടക്കൻ, തെക്കൻ ഭാഗങ്ങളിലെ മിക്ക ബീച്ചുകളിലും തിരക്കും കുറവാണ്. സാഹസിക ജല കായിക വിനോദങ്ങൾ മേയ് വരെ സജീവമായിരിക്കും.
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങൾ ഗോവയിൽ സീസൺ മാസങ്ങളാണ്. ഈ കാലയളവിൽ വിമാനക്കമ്പനികളുടെ നിരക്കുകളും ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയും നിരക്കുകളും ക്രമാതീതമായി ഉയരും.