കേന്ദ്രം പറഞ്ഞപ്പോൾ കേരളം കേട്ടില്ല; ഒന്നാം ക്ലാസിലെത്താൻ എന്തിന് 6 വയസ്സ്? 5-3-3-4 ഇതിലുണ്ട് ഉത്തരം

Mail This Article
സംസ്ഥാനത്തെ കുട്ടികള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ മൂന്നാം വയസ്സില്‍ പഠനം തുടങ്ങുമെങ്കിലും ആറാം വയസ്സിലേ ഒന്നിലെത്തൂ. 2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള (The National Education Policy- എന്‍ഇപി) നിര്‍ദേശങ്ങളാണ് 2026-27 അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തു നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2020 എന്‍ഇപി പ്രകാരവും 2009ലെ സൗജന്യ, നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 2024-25 അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം 6 വയസ്സ് ആക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇതു നടപ്പാക്കിയിരുന്നില്ല. സ്കൂള്‍ പ്രവേശനം നടത്തുന്ന കുട്ടികള്‍ വലിയതോതില്‍ കൊഴിഞ്ഞുപോകുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത്. 6-8 ക്ലാസുകളിലെ മൊത്ത പ്രവേശന നിരക്ക് (Gross Enrolment Ratio- ജിഇആര്‍) 90.9 ശതമാനമാണെങ്കില്‍ 9-10 ക്ലാസില്‍ 79.3 ശതമാനവും 11-12 ക്ലാസില്‍ എത്തുമ്പോള്‍ അത് 56.5 ശതമാനവുമായി കുറയുകയാണ്. കൊഴിഞ്ഞുപോക്കിന്റെ ഗുരുതരമായ സ്ഥിതിയാണ് ഇതു വ്യക്തമാക്കുന്നത്. 2017-18ല്‍ ദേശീയ സാംപിള്‍ സര്‍വേ ഓഫിസ് നടത്തിയ പഠനം പ്രകാരം 6 മുതല്‍ 17 വയസ്സു വരെയുള്ള 3.22 കോടി കുട്ടികളാണ് സ്കൂളുകളില്‍നിന്നു കൊഴിഞ്ഞുപോയത്. ഇത് ഒഴിവാക്കി 2030ല്‍ മൊത്ത പ്രവേശന നിരക്ക് 100 ശതമാനമാക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമാക്കുന്നത്.