ADVERTISEMENT

സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് താനും ഭാര്യ സൈറയും സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ഷാൻ റഹ്മാൻ. പരിപാടിയുടെ ഡയറക്ടർ നിജുരാജ് സാമ്പത്തികമായി തങ്ങളെ വഞ്ചിച്ചെന്നും സത്യം മനസ്സിലാക്കാതെ പലരും തനിക്കെതിരെ ആരോപണങ്ങൾ പടച്ചുവിടുകയാണെന്നും ഷാൻ റഹ്മാൻ പറഞ്ഞു. 

‘എന്റെയും ഭാര്യയുടെയും സംയുക്തമായ സംരഭമാണ് ഇറ്റേണൽ റീ പ്രൊഡക്‌ഷൻസ്. ഞങ്ങൾ കഴിഞ്ഞ വർഷം ദുബായിൽ ഉയരെ എന്ന പേരിൽ ഒരു ഷോ ചെയ്തിരുന്നു. അത് ഹിറ്റ് ആയതോടെ കൊച്ചിയിലും അതുപോലെ ഒന്ന് ചെയ്യാൻ ഞങ്ങൾ പദ്ധതിയിട്ടു. അതിനു വേണ്ടി പ്രോഡക്‌ഷൻ കമ്പനികളിൽ നിന്ന് നമ്മൾ ക്വട്ടേഷൻ എടുക്കണം. അക്കൂട്ടത്തിൽ വന്ന ഒരു കമ്പനിയാണ് ഉദയ പ്രോ. അതിന്റെ സിഇഒ ആയ നിജുരാജ് എബ്രഹാം എന്നെ സമീപിച്ചു. അങ്ങനെ ഞങ്ങൾ പരിപാടി നടത്താൻ തീരുമാനിച്ചു. എന്നാൽ പ്രതീക്ഷിച്ചതുപോലെ സ്പോൺസേഴ്സിനെ കിട്ടിയില്ല. ആ സമയത്ത് ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും എൻക്വയറി വന്നതോടെ ഈ വലിയ ഷോ വേണ്ടെന്നുവച്ച് ചെറിയ രീതിയിൽ പരിപാടി നടത്താൻ ഞങ്ങൾ തീരുമാനിച്ചു. ഇക്കാര്യം നിജുവിനെ അറിയിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം പറഞ്ഞു, തങ്ങൾക്ക് അറോറ എന്റർടെയിൻമെന്റ്സ് എന്ന പേരിൽ ഒരു സ്ഥാപനമുണ്ടെന്നും അവർ പരിപാടിക്കായി 25 ലക്ഷം ഇൻവസ്റ്റ് ചെയ്യാമെന്നു പറഞ്ഞു. ലാഭത്തിന്റെ 70 ശതമാനമാണ് നിജു ആവശ്യപ്പെട്ടത്. ഞങ്ങൾ അത് സമ്മതിക്കുകയും ചെയ്തു. ഷോ അനൗൺസ് ചെയ്ത ശേഷം, നിജുവിന്റെ ഭാഗത്തു നിന്നും യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടായില്ല. ജനുവരി പകുതിയോടെ നിജു 5 ലക്ഷം രൂപ എന്റെ കമ്പനിയുടെ അക്കൗണ്ടിലേക്കിട്ടു. 

ഷോയുടെ തലേദിവസം അവിടെ എത്തിയപ്പോഴാണ് ഉദയപ്രോ അല്ല, പ്രൊഡക്‌ഷൻ ചെയ്യുന്നതെന്ന്. അനുവാദം കൂടാതെ അവിടെ ഡ്രോൺ പറത്തിയതിന് അറസ്റ്റിലായ നിജുവിനെ എന്റെ സംഘാംഗങ്ങളാണ് ജാമ്യത്തിലിറക്കിയത്. അതിനു ശേഷം, നിജു 51 ലക്ഷത്തിന്റെ ബില്ലുമായി എന്നെ സമീപിച്ചു. നിജു ഇൻവെസ്റ്റ് ചെയ്തിട്ടുമില്ല, എന്നിട്ട് ഈ പൈസ മുഴുവൻ ഞാൻ തിരികെ കൊടുക്കണമെന്നു പറയുന്നതിൽ എന്താണ് ന്യായം? നിജു എന്റെ ഭാര്യ സൈറയെ വിളിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയും നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തു. അതോടെ നിജു ആകെ നൽകിയ 5 ലക്ഷം രൂപ സൈറ തിരിച്ചു കൊടുത്തു. എന്നിട്ടും നിജുവിന്റെ ശല്യം തീർന്നില്ല. അപ്പോഴേക്കും സൈറ മാനസികമായി ആകെ തളർന്നിരുന്നു. അവൾ എന്നെ വിളിച്ച് അലറിക്കരഞ്ഞു. അതിനു ശേഷം ഞാൻ നിജുവുമായി സംസാരിച്ചു. അതിന്റെ ക്ലിപ്പുകൾ തെറ്റായ രീതിയിൽ വ്യഖ്യാനിക്കപ്പെട്ടു. 

ഞങ്ങൾ പണം കൊടുക്കില്ല എന്നു മനസ്സിലായപ്പോഴാണ് നിജു കേസ് കൊടുത്തത്. പിന്നീടൊരു ദിവസം കോംപ്രമൈസിനു വേണ്ടി നിജു രണ്ട് വെൻഡേഴ്സിനെ എന്റെ വീട്ടിലേക്ക് അയച്ചു. എല്ലാം ഒരു തെറ്റിദ്ധാരണ ആയിരുന്നു എന്ന് പ്രസ് കോൺഫറൻസ് വിളിച്ചു പറയാം എന്ന് നിജു അറിയിക്കുകയും ചെയ്തു. ഈ പ്രശ്നത്തിന്റെ പേരിൽ ഞാനും എന്റെ കുടുംബവും മാനസികമായി ഉരുകി ഇല്ലാതായി. നാട്ടുകാരുടെ മുഴുവൻ ചീത്ത കേട്ടു. ഞങ്ങളെ മാനസികമായി തകർത്തതിനു ശേഷം ഇങ്ങനെയൊക്കെ ചെയ്തിട്ട് എന്താണ് കാര്യം? നിജു പരസ്യമായി മാപ്പ് പറയണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ നിജു അത് വിസമ്മതിച്ചു. പിന്നീട് കോംപ്രമൈസിന് വന്ന വെൻഡേഴ്സിന്റെ ഫോൺ കോളുകളും ഇയാൾ എടുക്കാതെയായി. നിജു തങ്ങൾക്കു തരാനുള്ള പൈസ വാങ്ങിയെടുത്തോളാം എന്ന് വെൻഡേഴ്സ് എന്നോടു പറഞ്ഞു. അങ്ങനെ ആ വിഷയം അവിടെ തീർന്നു. ഞാനും ഭാര്യയും കഴിഞ്ഞ മാസം 29ന് പൊലീസ് സ്റ്റേഷനിൽ പോയി മൊഴി കൊടുത്തു. കേസുമായി മുന്നോട്ടു പോവുകയാണ്. സത്യം പറഞ്ഞാൽ മതിയായി. എനിക്കും കുടുംബത്തിനും ജോലി ചെയ്യണം, ജീവിക്കണം. ദയവായി ഉപദ്രവിക്കരുത്’, ഷാൻ റഹ്മാൻ പറഞ്ഞു. 

English Summary:

Shaan Rahman makes clarity in allegations

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com