'സിസേറിയനിലൂടെ ജനിച്ച കുഞ്ഞുങ്ങൾക്ക് അമിത ഉത്കണ്ഠ സാധ്യത'! | Fact Check

Mail This Article
സിസേറിയൻ അഥവാ സി–സെക്ഷൻ വഴി ജനിച്ചവർ ഉത്കണ്‌ഠ (anxiety) പോലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും കുട്ടികളുടെ തല അമർത്തിക്കൊണ്ടുള്ള ഒരു വ്യായാമം ഇതിന് പരിഹാരമാണെന്നുമുള്ള അവകാശവാദവുമായുള്ള പോസ്റ്റ് സമൂഹമാധ്യമത്തിൽ വൈറലാകുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത പരിശോധിക്കാനായി മനോരമ ഓൺലൈൻ ഹെൽപ്‌ലൈൻ നമ്പരിലും ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. പ്രചാരണത്തിന്റെ വാസ്തവമറിയാം
∙ അന്വേഷണം
"നിങ്ങൾ ഒരു സിസേറിയൻ കുഞ്ഞാണെങ്കിൽ, ഇത് പരീക്ഷിച്ച് നോക്കൂ! നിങ്ങളുടെ രണ്ടുകൈകളും നിങ്ങളുടെ നെറ്റിയിൽ വച്ച്, ക്ലാമ്പ് ചെയ്യുന്നതു പോലെ ഉറപ്പിച്ച് പിടിക്കണം. കൈകൂട്ടി തല താഴേക്ക് വലിക്കണം, തുടർന്ന് വലത്തുനിന്ന് ഇടത്തേക്ക് നീങ്ങണം, അതിനുശേഷം ആഴത്തിൽ ശ്വസിക്കണം. നാം ചെയ്യുന്നത് മസ്തിഷ്‌കത്തിലെ ഫ്രണ്ടൽ ലോബ് (frontal lobe) വേർതിരിക്കുന്നതാണ്. ജനിച്ചപ്പോൾ ഒരു കുഞ്ഞ് പ്രസവകാലത്തിലൂടെ കടക്കേണ്ടതുണ്ട്. അതുവഴി തലക്ക് ആവശ്യമായ സമ്മർദ്ദം ലഭിക്കുകയും, എല്ലാ ക്രേനിയൽ (cranial) അസ്ഥികളും ശരിയായി ബാലൻസാകുകയും ചെയ്യുന്നു. സിസേറിയൻ വഴി പിറക്കുമ്പോൾ ഈ സമ്മർദ്ദ വിതരണപ്രക്രിയ സംഭവിക്കുന്നില്ല. അതിനാൽ ഫ്രണ്ടൽ ലോബ് അകപ്പെടുന്നു, ഇതാണ് ഉത്കണ്ഠയും അവ്യക്തമായ ചിന്തകളും ഉണ്ടാകാൻ കാരണമാകുന്നത്. ഇത് പരീക്ഷിച്ച് നോക്കൂ, നെറ്റി അമർത്തി പിടിച്ച് കുലുക്കൂ, എന്നാണ് വൈറൽ വിഡിയോയിലെ വ്യക്തി അവകാശപ്പെടുന്നത്.പോസ്റ്റ് കാണാം
സിസേറിയൻ വഴി ജനിക്കുന്നവർക്ക് ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമോയെന്നത് സംബന്ധിച്ച് ഏതെങ്കിലും പഠനങ്ങളോ റിപ്പോർട്ടുകളോ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നാണ് ഞങ്ങൾ ആദ്യം അന്വേഷിച്ചത്.എന്നാൽ ഇത്തരത്തിലുള്ള ശാസ്ത്രീയമായ പഠനങ്ങളോ റിപ്പോർട്ടുകളോ ഒന്നും തന്നെ ലഭ്യമായില്ല.
കൂടുതൽ സ്ഥിരീകരണത്തിനായി വിവിധ ആശുപത്രികളിലെ ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്‌ധ ഡോക്‌ടർമാരുമായി ഞങ്ങൾ സംസാരിച്ചു.അവരെല്ലാം തന്നെ ഈ അവകാശവാദം നിഷേധിക്കുകയാണുണ്ടായത്. സി-സെക്ഷൻ ജനനവും ഉത്കണ്ഠയും തമ്മിൽ യാതൊരു ബന്ധവുമില്ല.സി-സെക്ഷൻ വഴി ജനിച്ച കുട്ടികൾക്ക് ഉത്കണ്ഠാ പ്രശ്നങ്ങളുണ്ടെന്നും അതിന് പരിഹാരമായി തല അമർത്തി വലിച്ച് മസ്തിഷ്‌കം "റീസെറ്റ്" ചെയ്യാമെന്ന അവകാശവാദം തീർത്തും വിഡ്ഢിത്തമാണെന്ന് ഗൈനക്കോളജി വിദഗ്ദർ വ്യക്തമാക്കി.കൂടാതെ വ്യാപകമായി നടത്തപ്പെടുന്ന ശസ്ത്രക്രിയയായ സിസേറിയൻ ജനനങ്ങൾ സുരക്ഷിതമാണെന്നും അവർ പറഞ്ഞു.
∙ വസ്‌തുത
സി-സെക്ഷനും ഉത്കണ്ഠയും തമ്മിലുള്ള ബന്ധത്തെ പിന്തുണയ്ക്കുന്നതോ വൈറൽ വിഡിയോയിൽ വിവരിക്കുന്ന വ്യായാമത്തിന്റെ ഫലപ്രാപ്തിയെ പിന്തുണയ്ക്കുന്നതോ ആയ ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. പ്രചാരണം അടിസ്ഥാനരഹിതമാണ്.