'ജീവിതം എന്ന് പറഞ്ഞാൽ ജോലി മാത്രമല്ല, എഐ എല്ലാം മാറ്റിമറിക്കും'; ബിൽ ഗേറ്റ്‌സിന്റെ പ്രവചനങ്ങൾ ഇങ്ങനെ

Mail This Article
തൊഴില്‍ മേഖലകളിലടക്കം നിര്‍മിത ബുദ്ധി (എഐ) കടന്നു വരുന്നതോടെ ജീവിത രീതികള്‍ ആകെ മാറിയേക്കാം എന്ന മുന്നറിയിപ്പുമായും സമീപ ഭാവിയിൽ വൈറ്റ്കോളർ ജോലികളെല്ലാം ഇല്ലാതായേക്കുമെങ്കിലും, 'വിയർക്കുന്ന ജോലികൾ' കുറച്ചുകാലം തുടരുമൊന്നെക്കെയുള്ള അഭിപ്രായങ്ങളുമായി ബിൽ ഗേറ്റ്സ് അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇതാദ്യമായല്ല ഇത്തരം അഭിപ്രായങ്ങള്‍ ടെക് ബില്യണയർ പറയുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് മനുഷ്യരുടെ ജോലികള്‍ ഇല്ലാതാക്കിയേക്കില്ല, മറിച്ച് അവരുടെ ജോലി ഭാരം കുറച്ചേക്കാമെന്നും, വൈകാതെ ആഴ്ചയില്‍ 3 ദിവസം മാത്രം ജോലി ചെയ്യുന്ന കാലത്തേക്ക് എത്തിയേക്കാമെന്നുമാണ് അദ്ദേഹം പ്രവചിക്കുന്നത്.

എഐ നാടകീയമായ മാറ്റം കൊണ്ടുവന്നേക്കില്ല
ഭക്ഷണമുണ്ടാക്കല്‍ അടക്കമുള്ള പല ചെറിയ വീട്ടുജോലികളും യന്ത്രങ്ങളെ ഏല്‍പ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ഗേറ്റ്‌സ് പറഞ്ഞത് ട്രെവര്‍ നോവയുടെ 'വാട്ട് നൗ' എന്ന പോഡ്കാസ്റ്റിലാണ്. മനുഷ്യര്‍ കഠിനാധ്വാനം ചെയ്യേണ്ടാത്ത കാലം വൈകാതെ വന്നേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
എഐ ദുരുപയോഗം ചെയ്യപ്പെട്ടേക്കാല്‍ സംഭവിച്ചേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കഴിഞ്ഞ ജൂലൈയില്‍ 3000 വാക്കുകളുള്ള ഒരു ബ്ലോഗ് പോസ്റ്റ് അദ്ദേഹം ഇട്ടിരുന്നു. വ്യവസായ വിപ്ലവത്തില്‍ കണ്ടതുപോലെയൊരു നാടകീയമായ സമൂഹിക മാറ്റം എഐയുടെ കടന്നുവരവ് കൊണ്ട് ഉണ്ടായേക്കില്ല. എന്നാല്‍, അത് സമൂഹത്തിലേക്ക് കംപ്യൂട്ടറുകള്‍ വന്നപ്പോള്‍ ഉണ്ടായതിനു സമാനമായ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാമെന്നായിരുന്നു, ഗേറ്റ്‌സിന്റെ അഭിപ്രായം
ജീവിതം എന്നു പറഞ്ഞാല്‍ ജോലിയെടുക്കല്‍ മാത്രമല്ല
ഒരാള്‍ക്ക് ഉറക്കച്ചടവുണ്ടെങ്കില്‍ അയാളെ അലസന്‍ എന്നു വിളിക്കാമെന്നു പറഞ്ഞിരുന്നയാളാണ് ഗേറ്റ്‌സ്. എന്നാലിപ്പോള്‍ അദ്ദേഹം ആ കാഴ്ചപ്പാടിലും മാറ്റംവരുത്തി-'ജീവിതത്തിന്റെ ഉദ്ദേശം ജോലിയെടുക്കല്‍ മാത്രമല്ല' എന്നാണ് അദ്ദേഹം നിലപാട് മാറ്റിയത്.