ജലയാത്ര സുരക്ഷിതമാക്കാൻ പരിശോധന

Mail This Article
കണ്ണൂർ ∙ വേനലവധിക്കാലത്തെ ജലയാത്രകൾ സുരക്ഷിതമാക്കാൻ ബോട്ട് ജെട്ടികളിൽ കർശന പരിശോധന. കേരള ഇൻലാൻഡ് വെസൽ റൂൾ പ്രകാരം കേരള മാരിടൈം ബോർഡ് രൂപീകരിച്ച സ്ക്വാഡാണു പരിശോധനയ്ക്കു നേതൃത്വം നൽകുന്നത്. ആവശ്യമെങ്കിൽ കോസ്റ്റൽ പൊലീസിന്റെ സഹായവും തേടും. കണ്ണൂർ, കാസർകോട് ജില്ലകളിൽ റജിസ്ട്രേഷനുള്ള നൂറ്റിഅൻപതോളം ജലയാനങ്ങളാണുള്ളത്. ഇവയ്ക്കുപുറമേ, അവധിക്കാലത്ത് അനധികൃതമായി ബോട്ടുകൾ സർവീസ് നടത്താനുള്ള സാധ്യത കൂടി മുന്നിൽക്കണ്ടാണു പരിശോധന.
റജിസ്ട്രേഷൻ, ലൈസൻസ്, ഫിറ്റ്നസ്, ഇൻഷുറൻസ് എന്നിവയും ആവശ്യമായ എണ്ണം ലൈഫ് ജാക്കറ്റുകളും ബോട്ടുകളിൽ ഉണ്ടോയെന്നു പരിശോധിച്ച് ഉറപ്പാക്കുന്നുണ്ട്. മലിനീകരണ നിയന്ത്രണത്തിനുള്ള നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ബോട്ടുകളുടെ വലിപ്പത്തിന് അനുസരിച്ചു നിയമപ്രകാരം ആവശ്യമായ ജീവനക്കാരുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സ്രാങ്ക്, ലാസ്കർ, എൻജിൻ ഡ്രൈവർ എന്നീ ജോലികൾ ചെയ്യുന്നവർ പരിശീലനം ലഭിച്ചവരായിരിക്കണമെന്നു നിർബന്ധമുണ്ട്.
മാഹി മോന്താലിൽ നിബന്ധനകൾ ലംഘിച്ചു സർവീസ് നടത്തിയ 4 സ്പീഡ് ബോട്ടുകൾക്കും 3 ശിക്കാര ബോട്ടുകൾക്കും സ്റ്റോപ് മെമ്മോ നൽകി. പരിശോധനയ്ക്ക് അഴീക്കൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ പി.കെ.അരുൺ കുമാർ, സീനിയർ പോർട്ട് കൺസർവേറ്റർ അജിനേഷ് മാടങ്കര, എം.റിജു, കെ.സുധീഷ് എന്നിവർ നേതൃത്വം നൽകി. പരിശോധനകൾ തുടരുമെന്നും സുരക്ഷിതയാത്ര ഉറപ്പാക്കാനായി ഉല്ലാസയാത്രകൾക്ക് എത്തുന്നവർ ബോട്ടുകൾ നിയമാനുസൃതം സർവീസ് നടത്തുന്നവയാണെന്ന് ഉറപ്പാക്കണമെന്നും സ്ക്വാഡ് അറിയിച്ചു.