തൂവൽപോലെ, കെട്ടിയ മണി പോലെ, സീപെൻ! കടലിലെ ഇലക്ട്രിക് ബൾബ്

Mail This Article
അതിവിചിത്രമായ ജൈവ വൈവിധ്യം നിലനിൽക്കുന്ന ഇടങ്ങളാണ് സമുദ്രങ്ങൾ. വിചിത്ര രൂപവും സവിശേഷതകളുമെല്ലാമുള്ള അനേകം ജീവികൾ സമുദ്രത്തിൽ, പ്രത്യേകിച്ച് ആഴക്കടലിലുണ്ട്. ഇക്കൂട്ടത്തിൽ ആകൃതികൊണ്ട് പ്രശസ്തരാണ് സീപെന്നുകൾ. പവിഴപ്പുറ്റുകൾ, ജെല്ലിഫിഷ് തുടങ്ങിയ ജീവികളടങ്ങിയ നിഡേറിയ എന്ന ജീവിവർഗത്തിൽ ഉൾപ്പെടുന്നതാണ് സീപെന്നുകൾ. ഈ വിഭാഗത്തിൽ തന്നെ 14 ജീവി കുടുംബങ്ങളുണ്ട്. 450ഓളം ഇവയിലെ സ്പീഷീസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 200 എണ്ണമെങ്കിലും ഇപ്പോഴും ഉണ്ടെന്ന് കരുതപ്പെടുന്നു. സീപെൻ വിഭാഗത്തിൽപ്പെട്ട ജീവികൾ ലോകമെങ്ങുമുള്ള സമുദ്രജലങ്ങളിൽ അധിവാസം ഉറപ്പിച്ചിട്ടുണ്ട്. സീപെന്നുകളെ ചിലയിടങ്ങളിൽ അക്വേറിയങ്ങൾ അലങ്കരിക്കാനും മറ്റുമായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവരുടെ പരിചരണം വളരെ പാടുള്ള കാര്യമാണ്. ഇവയ്ക്ക് പ്രത്യേക ഭക്ഷണമൊക്കെ വേണം. ഇതു ലഭിച്ചില്ലെങ്കിൽ ഇവ നശിച്ചുപോകും.

ഒരൊറ്റ ജീവിയല്ല സീപെൻ എന്നുള്ളതാണ് ഏറ്റവും കൗതുകകരമായ കാര്യം. പോളിപുകൾ എന്നു പേരുള്ള ജീവികളുടെ കൂട്ടമാണ് സീപെൻ. ഓരോ സീപെൻ കോളനിയിലും അനേകം പോളിപ്പുകളുണ്ടാകും. ചില സീപെന്നുകളിൽ 35000 വരെയുണ്ടാകും പോളിപ്പുകളുടെ എണ്ണം. വെള്ളം വലിച്ചെടുത്ത് വികസിക്കാനും പുറത്തേക്കുവിട്ടു ചുരുങ്ങാനുമുള്ള കഴിവ് സീ പെന്നുകൾക്കുണ്ട്. സീപെൻ കോളനിയിൽ അവിടവിടെയായി ടെന്റക്കിൾ ഘടനകളുണ്ടാകും. ഈ ഘടനകളാൽ പിടിച്ചെടുക്കുന്ന ചെറുജീവികളെ ഭക്ഷിച്ചാണ് സീപെന്നുകൾ നിലനിൽക്കുന്നത്. തൊടുകയോ മറ്റേതെങ്കിലും തരത്തിൽ ശല്യപ്പെടുത്തുകയോ ചെയ്യുമ്പോൾ സീപെന്നുകൾ കത്താറുണ്ട്.
സീപെന്നുകളുടെ കൂട്ടത്തിൽ സവിശേഷ ആകൃതിയുള്ള ജീവിയാണ് സോലുംബെല്ലുല സീ പെൻ. കടലിന്റെ അടിത്തട്ട് വരെ തൊട്ടുകിടക്കുന്ന ടെന്റക്കിളുകളോടെയാണ് ഈ ജീവി സ്ഥിതി ചെയ്യുന്നത്. ആറരയടി നീളമുള്ളതാണ് ഇതിന്റെ ടെന്റക്കിളുകൾ. കടലിന്റെ അടിത്തട്ടിൽ കുത്തിനിർത്തിയ കമ്പിൽ കെട്ടിയിട്ട മണി പോലെയുള്ള ആകൃതിയാണ് സോലുംബെല്ലുലയ്ക്ക് ഉള്ളത്.