ADVERTISEMENT

ഭൂമി മുഴുവനായി കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. ധ്രുവ പ്രദേശങ്ങളിലടക്കം ഓരോ വർഷങ്ങൾ പിന്നിടുമ്പോഴും പ്രകൃതി കൂടുതൽ കൂടുതൽ അപകടകരമാം വിധം മാറിമറിയുകയാണ്. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഇതേ നിരക്കിൽ മുന്നോട്ടുപോയാൽ ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് എന്താകുമെന്ന ആശങ്കകൾ ഉയർന്നു തുടങ്ങിയിട്ട് കാലങ്ങളായി. എന്നാൽ എത്രയൊക്കെ തിരുത്തിക്കുറിക്കാൻ ശ്രമിച്ചാലും ഇനി ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകില്ലെന്നും പ്രകൃതി കൂടുതൽ രൗദ്രഭാവം കാണിക്കുമെന്നുമാണ് നിലവിലെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂമിയിൽ മനുഷ്യന് ജീവിക്കാൻ വളരെ കുറച്ചു സ്ഥലങ്ങൾ മാത്രമേ അവശേഷിക്കു എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ളതിനേക്കാൾ ശരാശരി ആഗോള താപനില ഇതിനകം 1.5 ഡിഗ്രി സെൽഷ്യസ് വർധിച്ചു. കഴിഞ്ഞ വർഷമാണ് നമ്മൾ ഈ ഭയാനകമായ നാഴികക്കല്ല് പിന്നിട്ടത്. നൂറ്റാണ്ടിന്റെ അവസാനത്തിനു മുൻപ് തന്നെ രണ്ട് ഡിഗ്രി സെൽഷ്യസ് എന്ന നിലയിലേക്ക് ഇത് എത്തും. ആഗോള ശരാശരിയിൽ 0.5 ഡിഗ്രി സെൽഷ്യസ് അധിക ചൂട് ഉണ്ടാകുന്നതിലൂടെ പൂർണ്ണ ആരോഗ്യവാനായ ഒരു മനുഷ്യനു പോലും ജീവിക്കാനാവാത്തത്ര ചൂടുള്ള പ്രദേശങ്ങൾ മൂന്നിരട്ടിയാകുമെന്നാണ് നിലവിലെ പഠനങ്ങളിൽ തെളിയുന്നത്. അതായത് ഒന്നിച്ച് കണക്കാക്കുമ്പോൾ യുഎസിന്റെയത്ര വലുപ്പമുള്ള ഭൂപ്രദേശം വാസയോഗ്യമല്ലാതെ എഴുതിത്തള്ളുന്നതിന് തുല്യമായ അവസ്ഥയായിരിക്കും ഇത്.

Silhouette of the Power plant in Kiev.
Silhouette of the Power plant in Kiev.

ആഗോളതാപനത്തിന്റെ തീവ്രത സംബന്ധിച്ച ഏറ്റവും നേരിയ തോതിലുള്ള പ്രവചനങ്ങളാണ് ഇത് എന്നതും എടുത്തുപറയണം. ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ഭൂമിയിൽ സ്വസ്ഥമായി ജീവിക്കണമെങ്കിൽ എത്രത്തോളം തയ്യാറെടുപ്പുകൾ ആവശ്യമായി വന്നേക്കും എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. പല പ്രദേശങ്ങളും ഇതിനോടകം തന്നെ നിലനിൽപ്പ് ബുദ്ധിമുട്ടിലാകുന്നതിന്റെ സൂചനകൾ തന്നു തുടങ്ങിയിട്ടുണ്ട്. പേർഷ്യൻ/അറേബ്യൻ ഗൾഫ്, ഇന്തോ-ഗംഗാ സമതലം, തെക്കൻ യുഎസ്, മെക്സിക്കോ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഹോട്ട്‌സ്‌പോട്ടുകൾ തുടങ്ങിയ പ്രദേശങ്ങളിൽ യുവാക്കൾക്കു പോലും താങ്ങാനാവാത്ത, പരിധികൾ ലംഘിക്കുന്ന തീവ്രമായ ചൂട് അനുഭവപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ആഫ്രിക്കയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും ചില പ്രദേശങ്ങളാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത്.

ആഗോളതാപനം 2 ഡിഗ്രി സെൽഷ്യസിന് താഴെയായി നിലനിർത്തുക എന്ന പ്രഖ്യാപിത ലക്ഷ്യമുണ്ടെങ്കിലും അത് കൈവരിക്കുന്നത് അത്ര എളുപ്പമല്ല എന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഫോസിൽ ഇന്ധനങ്ങൾ പുറത്തുവിടുന്നത് തുടരുകയും അന്തരീക്ഷ കാർബൺ ആഗിരണം ചെയ്യുന്ന ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നത് യഥാർത്ഥത്തിൽ ആഗോളതാപനത്തിന്റെ തോത് ത്വരിതപ്പെടുത്തുകയാണ്. രണ്ട് ഡിഗ്രി സെൽഷ്യസ് എന്ന ലക്ഷ്യവും കടന്ന് ചൂട് അധികരിക്കുമ്പോൾ പല പ്രദേശങ്ങളും പ്രായഭേദമന്യേ ജനങ്ങൾക്ക് ജീവിക്കാനാവാത്ത നിലയിലാവും. ജീവിക്കാനാവുന്ന പ്രദേശങ്ങളിലേക്ക് കുടിയേറ്റങ്ങൾ വലിയതോതിൽ വർദ്ധിക്കുന്നത് വെള്ളം, ഭക്ഷ്യവിതരണം എന്നിവയ്ക്കു വേണ്ടിയുള്ള യുദ്ധങ്ങളിൽ വരെ കലാശിക്കും. 

വരാനിരിക്കുന്ന ദിനങ്ങൾ എത്രത്തോളം ഭീകരമാണെന്ന് വൈകിയ വേളയിലെങ്കിലും തിരിച്ചറിഞ്ഞ് മാറ്റം കൊണ്ടുവരേണ്ടത് മനുഷ്യന്റെ നിലനിൽപ്പിനുള്ള ഏക പിടിവള്ളിയാണെന്നാണ് ഗവേഷകരുടെ നിഗമനം. പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾ തിരഞ്ഞെടുക്കുക, കാർബൺ വലിച്ചെടുക്കുന്ന ആവാസവ്യവസ്ഥകളെ പരമാവധി സംരക്ഷിക്കുക എന്നിവയാണ് ഇതിനുള്ള ഏറ്റവും മികച്ച നടപടികൾ. നേച്ചർ റിവ്യൂസ് എർത്ത് ആൻഡ് എൻവയോൺമെന്റിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

English Summary:

Uninhabitable Earth: The Alarming Reality of Climate Change

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com