ട്രാഫിക് കാരണം മനുഷ്യർക്ക് മാത്രമല്ല ദേഷ്യം! ഗാലപ്പഗോസിലെ പക്ഷികളും ക്ഷുഭിതരെന്ന് പഠനം

Mail This Article
റോഡിലേക്കിറങ്ങുമ്പോൾ തിക്കും തിരക്കും, നിർത്താതെയുള്ള ഹോണടി, ഇടയ്ക്കിടെയുണ്ടാകുന്ന ബ്ലോക്കുകൾ...ട്രാഫിക് കുരുക്കുകൾ ആളുകൾക്ക് നന്നായി ദേഷ്യമുണ്ടാക്കുന്ന സംഗതികളാണ്. എന്നാൽ മനുഷ്യർക്കു മാത്രമല്ല, ചില പക്ഷികൾക്കും ഇത് അലോസരമുണ്ടാക്കുന്നുണ്ടെന്നാണു പഠനങ്ങൾ പറയുന്നത്. ഗാലപ്പഗോസ് യെലോ വാർബ്ലർ എന്ന പക്ഷികളാണ് ഇവ. ഈ കൂട്ടത്തിൽപെട്ട ആൺപക്ഷികൾ, ട്രാഫിക്കിന്റെ ശബ്ദത്തിനിടെ മറ്റ് ആൺപക്ഷികളുടെ കരച്ചിൽകേട്ടാൽ വളരെയേറെ രോഷാകുലരാകുമത്രേ.
തങ്ങളുടെ മേഖലയിലേക്കു കയറുന്ന മറ്റ് ആൺപക്ഷികളെ ഗാലപ്പഗോസ് യെലോ വാർബ്‌ളർ പ്രത്യേക കരച്ചിൽ ശബ്ദങ്ങൾ പുറപ്പെടുവിച്ചാണ് അകറ്റുന്നത്.എന്നാൽ ട്രാഫിക് ശബ്ദം ഉയരുന്ന ഘട്ടത്തിൽ ഇതു നടക്കില്ല. പലപ്പോഴും ട്രാഫിക്കിന്റെ ശബ്ദത്തിൽ പക്ഷികളുടെ ശബ്ദം കേൾക്കാതെ പോകും. ഇതോടെ ദേഷ്യപ്പെടുന്ന പക്ഷികൾ മറ്റു പക്ഷികളെ ആക്രമിക്കുമെന്നു ഗവേഷകർ പറയുന്നു.ഗാലപ്പഗോസിലെ 2 ദ്വീപുകളിലാണ് ഗവേഷകർ പഠനം നടത്തിയത്.

തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുനിന്നകന്ന് സ്ഥിതി ചെയ്യുന്ന അതിപ്രശസ്ത ദ്വീപുകളാണ് ഗാലപ്പഗോസ്. ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തെക്കുറിച്ചുള്ള പഠനത്തിന്റെ പരീക്ഷണശാലയായതോടെയാണു ഗാലപ്പഗോസ് ദ്വീപുകൾ ലോകപ്രശസ്തിയിലേക്കുയർന്നത്. ഭീമശരീരം പ്രാപിച്ചവയായിരുന്നു ദ്വീപിലെ ജീവികളിൽ പലതും.
അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായി രൂപീകരിക്കപ്പെട്ട ദ്വീപാണു ഗാലപ്പഗോസ്. 21 അഗ്നിപർവതങ്ങൾ ഈ ദ്വീപസൂഹത്തിലുണ്ട്. ഇതിൽ 13 എണ്ണം ഇപ്പോഴും സജീവമാണ്. ഇസബെല്ലയാണ് ഏറ്റവും കൂടുതൽ അഗ്നിപർവത പ്രവർത്തനം നടക്കുന്ന ദ്വീപ്. വൂൾഫ് ഉൾപ്പെടെ 6 അഗ്നിപർവതങ്ങൾ ഇവിടെയുണ്ട്.ഗാലപ്പഗോസിൽ ആകെമാനം കാൽ ലക്ഷത്തോളം ആളുകൾ താമസിക്കുന്നുണ്ട്.