കൃഷ്ണമണിയില് വരെ ടാറ്റൂ, ഏഴുവർഷം ലഹരിക്ക് അടിമ: ജീവിതം തിരിച്ചു പിടിച്ച് 'നീലക്കണ്ണുള്ള വെളുത്ത ഡ്രാഗൺ'

Mail This Article
ആമ്പർ ലുക്ക് എന്ന പേരിനേക്കാൾ ഓസ്ട്രേലിയൻ ജനതയ്ക്ക് അവളെ പരിചിതം ‘നീലക്കണ്ണുള്ള വെളുത്ത ഡ്രാഗൺ’ എന്ന പേരിലാണ്. കൃഷ്ണമണികളിലെ വ്യത്യസ്തമായ ടാറ്റൂകൾ കാരണമാണ് അവൾക്ക് ആ പേരു കിട്ടിയത്. സമൂഹമാധ്യമ ഇൻഫ്ലുവൻസറായ ആമ്പറിന് ‘ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത ഓസ്ട്രേലിയൻ വനിത’ എന്ന വിശേഷണം കൂടിയുണ്ട്. രണ്ടു കാലഘട്ടങ്ങളിലെ വ്യത്യസ്ത ചിത്രങ്ങൾ പങ്കുവച്ച് ഫോളോവേഴ്സിനെ അമ്പരപ്പിച്ചിരിക്കുകയാണ് ആമ്പറിപ്പോൾ. ഏഴുവർഷമായി താൻ പതിവായി മെത്ത് എന്ന ലഹരിമരുന്ന് ഉപയോഗിക്കുമായിരുന്നുവെന്ന് വെളിപ്പെടുത്തിയ ആമ്പർ, ലഹരി ഉപയോഗിക്കുന്ന സമയത്തെയും അതുനിർത്തിയതിനു ശേഷവുമുള്ള തന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് മാനസികമായും ശാരീരികമായും പരിവർത്തനത്തിനു വിധേയമായ അനുഭവം വിശദീകരിച്ചത്.
2019 ൽ ദിവസവും രാപകൽ വ്യത്യാസമില്ലാതെ അമിതമായ അളവിൽ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്നും ആ ദുശ്ശീലത്തെ മറികടക്കാനുള്ള ഇച്ഛാശക്തിയില്ലാതിരുന്ന ആ കെട്ടകാലത്തുനിന്നു ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചു വരില്ലെന്നാണ് കരുതിയിരുന്നതെന്നും അവർ വെളിപ്പെടുത്തി. പക്ഷേ, ഒന്നര വർഷം മുൻപ് ലഹരിയെ എന്നെന്നേക്കുമായി ജീവിതത്തിന്റെ പടി കടത്താൻ സാധിച്ചു. അതിനു ശേഷമുള്ള ചിത്രമാണ് അഭിമാനത്തോടെ പങ്കുവച്ചതെന്നും അവർ പറയുന്നു.
വളരെ ശക്തയായ, ആത്മവിശ്വാസം തുളുമ്പുന്ന ചിത്രം പങ്കുവച്ചുകൊണ്ട് തന്റെ മാറ്റത്തിനുള്ള കാരണം ആമ്പർ തുറന്നു പറയുന്നതിങ്ങനെ - ‘‘ഒന്നര വർഷമായി യാതൊരു തരത്തിലുള്ള ലഹരി വസ്തുക്കളും ഞാൻ ഉപയോഗിക്കുന്നില്ല. എന്റെ മൂന്നു നായ്ക്കുട്ടികളോടൊപ്പം സ്നേഹം പങ്കിട്ട്, ഇഷ്ടമുള്ള കാർ വാങ്ങി, അങ്ങനെ ജീവിതത്തിലെ സന്തോഷങ്ങളെ ഒന്നൊന്നായി തിരികെ പിടിക്കുകയാണ്. ലഹരി ഉപയോഗിച്ചു കൊണ്ടിരുന്ന സമയത്ത് ആളുകൾ എന്നെ മോശം വാക്കുകളുപയോഗിച്ച് അഭിസംബോധന ചെയ്യുകയും മോശം രീതിയിൽ പെരുമാറുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇപ്പോൾ പൂർണമായും ലഹരി മുക്തി നേടിയിട്ടും പലരും അതൊന്നും വിശ്വസിച്ച മട്ടില്ല. പക്ഷേ അതൊന്നും എന്നെ ബാധിക്കുന്നേയില്ല. സ്വയം തിരിച്ചറിയുന്നതിനും സ്വന്തം വിജയങ്ങൾ ആഘോഷിക്കുന്നതിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്’’ .
തിരിച്ചുവരവിൽ ആമ്പറിനെ പോലെ തന്നെ അവരുടെ ഫോളവേഴ്സും ആഹ്ലാദത്തിലാണ്. കമന്റുകളിലൂടെ ഫോളവേഴ്സ് പിന്തുണയും ആഹ്ലാദവും പങ്കുവയ്ക്കുന്നുണ്ട്. ലഹരി ഉപയോഗിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞതിനും അതിൽനിന്ന് കരകയറിയതിനെ കുറിച്ചുള്ള അനുഭവങ്ങൾ വെളിപ്പെടുത്തിയതിനും ഒരുപാട് നന്ദി എന്ന് പറഞ്ഞു കൊണ്ടാണ് ഫോളോവേഴ്സിൽ ചിലർ ആംബറിനെ അഭിനന്ദിക്കുന്നത്. ഈ ഊർജ്ജം കെടാതെ കാക്കണമെന്നും ഒരിക്കലും ലഹരിയുടെ വഴിയിലേക്ക് തിരിച്ചു നടക്കരുതെന്നും അവരെ ഓർമിപ്പിക്കുന്നവരും കുറവല്ല.