സേവിങ്സ് അക്കൗണ്ടിന് എത്ര പലിശ കിട്ടും? കാലാവധി തീരുന്ന അന്ന് അവധിയാണെങ്കിൽ കൂടുതൽ കിട്ടുമോ?

Mail This Article
നിക്ഷേപങ്ങൾക്ക് പലിശ നിരക്കുകൾ നിശ്ചയിക്കുന്നത് ഇപ്പോൾ അതത് ബാങ്കുകൾ തന്നെയാണ്. ഏത് നിക്ഷേപത്തിന് എത്ര കാലാവധിക്ക് എന്തു പലിശ നിരക്ക് നൽകണം എന്നൊന്നും റിസർവ് ബാങ്ക് നിർദ്ദേശിക്കുന്നില്ല. ഓരോ ബാങ്കിന്റേയും നിക്ഷേപാവശ്യം അനുസരിച്ച് വിവിധ കാലാവധികളിലേക്ക് പലിശ നിരക്കുകൾ നിശ്ചയിക്കുകയാണ്.
കൂടിയ കാലാവധിക്ക് കൂടിയ പലിശ നിരക്ക് കുറഞ്ഞ കാലാവധിക്ക് കുറഞ്ഞ പലിശ നിരക്ക് എന്ന രീതിയൊന്നുമല്ല ഇപ്പോൾ. ബാങ്കിന്റെ അസറ്റ് ലയബിലിറ്റി മാനേജ്മെന്റിന്റെ ഭാഗമായി ഏത് തരം നിക്ഷേപമാണ് ഉടനെ വേണ്ടത്, എത്ര കാലാവധിക്കാണ് നിക്ഷേപം വേണ്ടത്, എത്ര നിക്ഷേപമാണ് വേണ്ടത് എന്നതിനെയെല്ലാം ആശ്രയിച്ചാണ് പുതിയ നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് നിശ്ചയിക്കുക.

പക്ഷപാതം പാടില്ല
ഓരോ ഇടപാടുകാരനും ഓരോ നിക്ഷേപത്തിനും വേറെ വേറെ പലിശ നിരക്ക് നൽകാൻ പാടില്ല. എല്ലാ ശാഖകളിലും പലിശ നിരക്കുകൾ ഒന്നു തന്നെ ആയിരിക്കണം. ഓരോ തരം നിക്ഷേപത്തിനും ഓരോ കാലയളവിനും പലിശ നിരക്ക് എത്രയെന്നു മുൻകൂട്ടി നിശ്ചയിച്ച് ബാങ്കിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇതനുസരിച്ച് മാത്രമേ പലിശ നൽകാവൂ.
പലിശ നിരക്കുകൾ ബാങ്കുകളും ഇടപാടുകാരും തമ്മിൽ ചർച്ച ചെയ്ത് വിലപേശി തീരുമാനിക്കുവാൻ പാടില്ല. പലിശ നിരക്കുകൾ നിശ്ചയിക്കുവാൻ ബാങ്കുകൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെങ്കിലും അത് ഉയർന്ന ഉത്തരവാദിത്തത്തോടെ വേണം നിറവേറ്റുവാൻ എന്ന് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.
പലിശ നിരക്കുകൾ ന്യായമാകണം, നിശ്ചയിച്ച നിക്ഷേപത്തിനും കാലാവധിയിലും സുസ്ഥിരവും അചഞ്ചലവുമായിരിക്കണം,സുതാര്യമായിരിക്കണം എന്നൊക്കെയുണ്ട്. ഓരോ നിക്ഷേപത്തിനും കാലാവധിക്കും ബാങ്ക് തീരുമാനിച്ച പലിശനിരക്കുകൾ ബാങ്കിന്റെ രേഖകളിലും കോർ ബാങ്കിങ് സൊല്യൂഷനിലും ഉണ്ടാകണം. ഇത് റിസർവ് ബാങ്കിന്റെ പരിശോധനക്കും സൂപ്പർവൈസറി അവലോകനത്തിനും വിധേയമാണ്.
നിക്ഷേപങ്ങൾ രണ്ടു തരം
സ്ഥിര നിക്ഷേപങ്ങളെ റീറ്റെയ്ൽ നിക്ഷേപങ്ങൾ എന്നും ബൾക്ക് നിക്ഷേപങ്ങൾ എന്നും വേർതിരിച്ചാണ് പറയുക. മൂന്ന് കോടി രൂപ വരെയുള്ള ഇന്ത്യൻ രൂപയിലുള്ള കാലാവധി നിക്ഷേപങ്ങളാണ് റീറ്റെയ്ൽ നിക്ഷേപങ്ങൾ. റീറ്റെയ്ൽ സ്ഥിര നിക്ഷേപങ്ങൾക്ക് തുകയുടെ വലിപ്പ ചെറുപ്പമനുസരിച്ച് പലിശ നിരക്ക് മാറുവാൻ പാടില്ല.
മൂന്ന് കോടിയോ അതിന് മുകളിലുള്ളതോ ആയ കാലാവധി നിക്ഷേപങ്ങളാണ് ബൾക്ക് നിക്ഷേപങ്ങളായി കണക്കാക്കുന്നത്. റീജിയണൽ റൂറൽ ബാങ്കുകൾക്കും ലോക്കൽ ഏരിയ ബാങ്കുകൾക്കും ഇത് ഒരു കോടി രൂപയാണ്. ബൾക്ക് നിക്ഷേപങ്ങൾക്ക് പലിശ നിരക്കുകൾ വേറെ നിശ്ചയിക്കാവുന്നതാണ്. എന്നാൽ ഒരു ദിവസം സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് ഒരേ പലിശ നിരക്ക് മാത്രമേ നൽകുവാൻ കഴിയൂ.

കാലാവധി ദിവസം അവധിയാണെങ്കിൽ
നിക്ഷേപ കാലാവധി തീരുന്നത് ബാങ്കിടപാടുകൾ ഇല്ലാത്ത ദിവസമാണെങ്കിൽ ഡെപ്പോസിറ്റ് അടുത്ത പ്രവർത്തി ദിവസം തിരിച്ചു നൽകുമ്പോൾ നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്കിൽ ഒരു ദിവസത്തെ അധിക പലിശ കൂടി നൽകണം. നിക്ഷേപം പുതുക്കി ഇടുകയാണെങ്കിൽ കാലാവധിയാകുന്ന ദിവസം മുതൽ കാലാവധി തുക മുതലും പലിശയും അടക്കം പുതുക്കി ഇടണം.
നിക്ഷേപം കാലാവധിക്ക് മുമ്പ് തിരിച്ചെടുത്താൽ
ഒരു കോടി വരെയുള്ള നിക്ഷേപങ്ങൾ കാലാവധിക്ക് മുമ്പ് ഇടപാടുകാർ ആവശ്യപ്പെട്ടാൽ അത് തിരിച്ചു നൽകേണ്ടതുണ്ട്. കാലാവധിക്ക് മുമ്പ് നിക്ഷേപം തിരിച്ച് നൽകുമ്പോൾ പിഴപ്പലിശ ബാധകമാണോ അല്ലയോ എന്നത് ബാങ്കുകൾക്ക് നിശ്ചയിക്കാം. എന്നാൽ കാലാവധി നിക്ഷേപം കാലാവധിക്ക് മുമ്പ് തിരിച്ചെടുത്താൽ ആദ്യമേ തീരുമാനിച്ച പലിശ നിരക്കിൽ പലിശ ലഭിക്കില്ല. നിക്ഷേപം ബാങ്കിൽ കിടന്ന കാലാവധിക്ക് ബാധകമായ പലിശ നിരക്കിലാകും നിക്ഷേപതുക തിരിച്ചു നൽകുക. പിഴപ്പലിശ ഉണ്ടെങ്കിൽ അതും കുറയ്ക്കും.
പ്രവാസി നിക്ഷേപം
ഇന്ത്യയിൽ സ്ഥിര താമസക്കാരായ ഇടപാടുകാരുടെ കാലാവധി നിക്ഷേപത്തിന്റെ കുറഞ്ഞ കാലാവധി ഏഴു ദിവസവും വിദേശ ഇന്ത്യക്കാരുടേത് ഒരു വർഷവും ആണ്. വിദേശ ഇന്ത്യക്കാരുടെ NROഡെപ്പോസിറ്റിനും കുറഞ്ഞ കാലാവധി ഏഴു ദിവസം ആണ്. ഈ കുറഞ്ഞ കാലാവധിക്ക് മുമ്പ് നിക്ഷേപം തിരിച്ചെടുത്താൽ പലിശ ഒന്നും തന്നെ ലഭിക്കില്ല.
വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം, ഇടപാടുകാരൻ ഇന്ത്യയിലേക്ക് സ്ഥിരതാമസത്തിന് മടങ്ങി വന്നതിന് ശേഷം, RFC നിക്ഷേപമാക്കി മാറ്റിയിടുകയാണെങ്കിൽ ആദ്യമേ നിശ്ചയിച്ച പലിശ തുടർന്നും ലഭിക്കും. പിഴപ്പലിശ ഈടാക്കില്ല. ഒരു വർഷത്തിന് മുമ്പാണ് ഇങ്ങനെ മാറ്റിയിടുന്നതെങ്കിൽ നിക്ഷേപം നിലനിന്ന കാലാവധിക്ക് സേവിങ്സ് ബാങ്ക് നിക്ഷേപത്തിന് ബാധകമായ പലിശ നൽകും.
നിക്ഷേപകൻ മരിച്ചാൽ
കാലാവധി നിക്ഷേപം ഉള്ള ഇടപാടുകാരൻ മരിച്ചാൽ അവകാശികൾക്ക് തുക തിരിച്ചു നൽകുന്ന സമയം വരെ നിക്ഷേപം ബാങ്കിൽ കിടന്ന കാലാവധിക്ക് ബാധകമായ പലിശ നിരക്ക് നൽകും. നിക്ഷേപ തുക മുഴുവനും അവകാശികൾ വിവിധ നിക്ഷേപങ്ങളാക്കി അവരവരുടെ പേരിൽ നിക്ഷേപം കിടന്ന അതേ കാലാവധിക്ക് നിക്ഷേപിച്ചാൽ പിഴപ്പലിശയൊന്നും ഈടാക്കില്ല.
അതുപോലെ, ഒരു ബാങ്കിലെ നിക്ഷേപം മറ്റൊരു ബാങ്കിലേക്ക് മാറ്റുന്ന സാഹചര്യം ഉണ്ടായാൽ ഇടപാടുകാരന് വേണമെങ്കിൽ പിഴപ്പലിശയൊന്നും കൂടാതെ കാലാവധിക്ക് മുമ്പ് നിക്ഷേപം പിൻവലിക്കാം.
കാലാവധി കഴിഞ്ഞും തിരിച്ചെടുക്കാത്ത നിക്ഷേപങ്ങൾക്കോ?
.jpg)
കാലാവധി കഴിഞ്ഞ ഡെപ്പോസിറ്റ് തിരിച്ചെടുക്കാതെയോ പുതുക്കി ഇടാതെയോ ബാങ്കിൽ തന്നെ തുടരുകയാണെങ്കിൽ അത്തരം ഡെപ്പോസിറ്റുകൾക്ക് കാലാവധി കഴിഞ്ഞ് തിരിച്ചെടുക്കുന്ന ദിവസം വരെ സേവിങ്സ് ബാങ്ക് അക്കൗണ്ടിന് ബാധകമായ പലിശയാണ് ലഭിക്കുക. ഈ പലിശ നിരക്ക് സേവിങ്സ് ബാങ്ക് നിരക്കിനേക്കാൾ കുറവാണെങ്കിൽ കുറഞ്ഞ പലിശ നിരക്കാകും ബാധകം.
ജോലിക്കാർക്കും മുതിർന്ന പൗരന്മാർക്കും അധിക പലിശ
മുതിർന്ന പൗരന്മാർക്ക് (60 വയസിന് മുകളിൽ) കൂടുതൽ പലിശ നൽകാം. ബാങ്കിലെ ജോലിക്കാർക്കും റിട്ടയർ ചെയ്തവർക്കും മറ്റും ഒരു ശതമാനം വരെ അധിക പലിശ നൽകാൻ അനുവാദമുണ്ട്. ബാങ്ക് ജോലിയിൽ നിന്ന് വിരമിച്ച മുതിർന്ന പൗരന്മാരാണെങ്കിൽ പലിശ നിരക്കിലുള്ള ഈ രണ്ടു ആനുകൂല്യങ്ങളും നൽകാവുന്നതാണ്. ഇതിന് അവർ ഇന്ത്യയിൽ സ്ഥിരതാമസക്കാരായിരിക്കണം എന്ന് മാത്രം.
സേവിങ്സ് ബാങ്ക് നിക്ഷേപത്തിന് പലിശയെത്ര?
സേവിങ്സ് ബാങ്ക് നിക്ഷേപത്തിന് ഇപ്പോൾ ഒരേ പലിശ ശതമാനമല്ല ബാങ്കുകൾ നൽകുന്നത്. അക്കൗണ്ടിൽ വയ്ക്കുന്ന തുകയുടെ അളവനുസരിച്ച് വേണമെങ്കിൽ വിവിധ പലിശ ശതമാനം നൽകാം. എന്നാൽ ഒരു ലക്ഷം രൂപ വരെയുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് പലിശ ശതമാനം ഒരു പോലെയായിരിക്കണം.
പലിശ തുക പൈസ അടക്കം വരികയാണെങ്കിൽ
ഇന്ത്യൻ രൂപയിലുള്ള നിക്ഷേപമാണെങ്കിൽ പലിശ തുക നൽകുമ്പോൾ അത് പൈസയില്ലാതെ അടുത്ത രൂപയിലേക്ക് റൗണ്ട് ഓഫ് ചെയ്യണം. വിദേശ കറൻസിലുള്ള നിക്ഷേപമാണെങ്കിൽ പലിശ തുക രണ്ടു ഡെസിമൽ വരെ ആകാം.
പലിശ എപ്പോൾ നൽകണം?
സേവിങ്സ് ബാങ്ക് നിക്ഷേപത്തിന് മൂന്ന് മാസം കൂടുമ്പോഴോ അതിന് മുമ്പോ പലിശ നൽകണം. കാലാവധി നിക്ഷേപങ്ങൾക്ക് മൂന്നുമാസം കൂടുമ്പോഴോ നിക്ഷേപത്തിന്റെ കാലാവധി കഴിയുമ്പോഴോ ബാങ്കും ഇടപാടുകാരനും തമ്മിലുള്ള തീരുമാനമനുസരിച്ച് പലിശ നൽകാം. കാലാവധി കഴിയുമ്പോഴാണ് പലിശ നൽകുന്നതെങ്കിൽ, നിക്ഷേപ കാലാവധി മൂന്നുമാസത്തിന് മേലെയാണെങ്കിൽ ഇടപാടുകാരാണ് കൂട്ടുപലിശക്ക് അർഹതയുണ്ട്.
കറന്റ് അക്കൗണ്ടിനും പലിശ
റിസർവ് ബാങ്കിന്റെ തീരുമാനം അനുസരിച്ച് കറന്റ് അക്കൗണ്ടിന് ബാങ്കുകൾ പലിശ നൽകേണ്ടതില്ല. എന്നാൽ കറന്റ് അക്കൗണ്ട് ഇടപാടുകാരൻ മരിച്ചാൽ, അക്കൗണ്ടിലുള്ള തുക അവകാശികൾക്ക് തിരിച്ച് നൽകുന്ന സമയം വരെ, തിരിച്ചു നൽകുന്ന ദിവസം സേവിങ്സ് ബാങ്ക് അക്കൗണ്ടിന് ബാധകമായ പലിശ കൂടെ ചേർത്ത് നൽകണം.
ലേഖകൻ ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനുമാണ്