നവോന്മേഷത്തിന്റെ ആഘോഷനിലാവ്; ശവ്വാൽ അമ്പിളി തെളിഞ്ഞു: മൈലാഞ്ചിയണിയുന്ന തിരക്കിൽ മൊഞ്ചത്തിമാർ

Mail This Article
അബുദാബി ∙ ക്ഷമയുടെയും മനോധൈര്യത്തിന്റെയും പുതിയ പാഠങ്ങൾ പകർന്ന റമസാന് പരിസമാപ്തി. വ്രതശുദ്ധിയിൽ സ്ഫുടം ചെയ്തെടുത്ത മനസ്സുമായി വിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷത്തിൽ. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത നവോന്മേഷത്തോടെയാണ് ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. സൗദിയിലെ തുമൈർ, ഹോത്ത സുദൈർ എന്നിവിടങ്ങളിൽ കണ്ട പെരുന്നാൾ പിറവി ആഹ്ലാദം കൂട്ടി.
യുഎഇ, സൗദി, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, എന്നീ രാജ്യങ്ങൾ 29 നോമ്പ് പൂർത്തിയാക്കിയാണ് പെരുന്നാളിനെ വരവേൽക്കുന്നത്. ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഇന്ന് റമസാൻ 30 പൂർത്തിയാക്കി നാളെ പെരുന്നാൾ ആഘോഷിക്കും. ഉപവാസത്തിലൂടെ ആർജിച്ചെടുത്ത ജീവിതവിശുദ്ധിയിലൂടെ തുടർജീവിതം ധന്യമാക്കണമെന്ന് മതപണ്ഡിതർ ഓർമിപ്പിച്ചു.
ഒരുമാസക്കാലം ശീലിച്ച ആഹാരക്രമവും നിയന്ത്രണവും തുടരുന്നത് മെച്ചപ്പെട്ട ആരോഗ്യം കാത്തുസൂക്ഷിക്കാൻ നല്ലതാണെന്ന് ആരോഗ്യവിദഗ്ധരും സൂചിപ്പിച്ചു. വ്രതകാലത്ത് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം കുറവായതാണ് ഈ നിരീക്ഷണത്തിലേക്ക് ഡോക്ടർമാർ എത്തിയത്.
ശവ്വാൽ അമ്പിളി തെളിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽ ദൈവ പ്രകീർത്തനങ്ങൾ (തക്ബീർ) വാനോളം ഉയർന്നു. സ്വദേശി, വിദേശി കുടുംബങ്ങളും ബാച്ച്‌ലേഴ്സ് കേന്ദ്രങ്ങളും ആഘോഷത്തിത്തിമിർപ്പിലായി. പെരുന്നാൾ വിഭവങ്ങളും പെരുന്നാൾ കോടിയും നേരത്തെ ഒരുക്കിവച്ചാണ് വിശ്വാസികൾ മാസപ്പിറവിക്കായി കാത്തിരുന്നത്. മാതാപിതാക്കളും കുട്ടികളുമെല്ലാം ചേർന്നായിരുന്നു പ്രവാസി സദ്യവട്ടത്തിന് തയാറെടുപ്പ് നടത്തിയത്.
എന്നാൽ ഇതിന് സമയം കിട്ടാത്തവരെല്ലാം കൂടി ഇന്നലെ സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതോടെ വിപണി ഉഷാറായി. ഷോപ്പിങ് മാളുകൾ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സ്പെഷൽ വിഭവങ്ങൾ ഹോട്ടലിൽ പാഴ്സൽ ബുക്ക് ചെയ്തവരുമുണ്ട്.
വർണദീപങ്ങൾകൊണ്ട് നാടും നഗരവും അലങ്കരിച്ച് രാജ്യവും പെരുന്നാൾ ആഘോഷമാക്കി. ഈദ് ആശംസകൾ അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ മിന്നിത്തിളങ്ങി. അൽമഖ്ത, മുസഫ, ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, ഷഹാമ പാലങ്ങളിലും ഹൈവേകളിലും ദുബായ്, ഷാർജ തുടങ്ങി മറ്റു എമിറേറ്റുകളിലെ പ്രധാന റോഡുകളിലും കെട്ടിടങ്ങളിലുമെല്ലാം വർണദീപങ്ങൾ മിഴിതുറന്നു.
ഉപവാസത്തിലെ പാകപ്പിഴകൾക്ക് പരിഹാരമായി നിശ്ചയിച്ച ഫിത്ർ സകാത്ത് നൽകിയാണ് വിശ്വാസികൾ ഈദ്ഗാഹിലേക്കു നീങ്ങിയത്. പെരുന്നാൾ ദിനത്തിൽ ആരും പട്ടിണി കിടക്കരുതെന്ന മാനവികത കൂടിയുണ്ട് ഇതിന്. അതത് പ്രദേശത്തെ പ്രധാന ധാന്യമാണ് ഫിത്ർ സകാത്ത് (ഏകദേശം രണ്ടര കിലോ) ആയി നൽകേണ്ടത്. തത്തുല്യ തുക പണമായി നൽകുന്നതിനും അനുമതിയുണ്ട്. യുഎഇ മതകാര്യ മന്ത്രാലയം 25 ദിർഹമാണ് ഫിത്ർ സകാത്തായി നിശ്ചയിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെ എണ്ണം അനുസരിച്ച് വീട്ടുടമയാണ് ഫിത്ർ സകാത്ത് നൽകേണ്ടത്.

മൈലാഞ്ചി മൊഞ്ച്
ശവ്വാൽ അമ്പിളി തെളിഞ്ഞതോടെ മൊഞ്ചത്തിമാരും മൈലാഞ്ചിയണിയുന്ന തിരക്കിലായിരുന്നു. ഒരിടത്ത് ഒത്തുചേർന്നാണ് വരയിൽ വിസ്മയം തീർത്ത് കൈകളിൽ മൈലാഞ്ചി അണിഞ്ഞത്. ഹെന്ന ഡിസൈനിങ്ങിൽ സ്വദേശി, വിദേശി വ്യത്യാസമില്ല. ആഘോഷം ഏതുമാകട്ടെ കൈകളിൽ മൈലാഞ്ചി തെളിയുന്നതോടെ വീടുകളിൽ നിറയുന്നു ആഘോഷത്തിന്റെ വർണപ്രപഞ്ചം.