'വയറു നിറച്ച് ആഹാരം കഴിച്ചിട്ട് മാസങ്ങള്‍': ചെക്ക് കേസിൽപ്പെട്ട് ഒമാനില്‍ മലയാളി ജയിലിൽ; ഒറ്റമുറിയിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ കുടുംബം

Mail This Article
മസ്കത്ത് ∙ പ്രവാസ ലോകത്തെ മറഞ്ഞിരിക്കുന്ന ദുരിതക്കാഴ്ചകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം സ്വദേശികളായ കുടുംബത്തിന്റെ കരളലിയിക്കുന്ന കഥ. ഭര്‍ത്താവിന് സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുണ്ടായ ജയില്‍ വാസവും ഭാര്യയും നാല് കുട്ടികളും പ്രായമായ അമ്മയും അടങ്ങുന്ന കുടുംബത്തിന് സമ്മാനിച്ചത് തീഷ്ണമായ ജീവിതാനുഭവങ്ങളാണ്. ഭക്ഷണവും വിദ്യാഭ്യാസവും ആരോഗ്യ പരിചരണവും അടക്കം മുടങ്ങിയ ഈ കുടുംബം മസ്കത്തിലെ മബേലയില്‍ മുറിയില്‍ ജീവിതം തള്ളി നീക്കുകയാണ്.
കുടുംബ നാഥനായ തിരുവനന്തപുരം നെയ്യാറ്റിന്‍കര തിരുമല സ്വദേശി ഷിബു ലിവിങ്സ്റ്റണ് 2000 ഒക്ടോബര്‍ ആറിനാണ് ആദ്യമായി ഒമാനില്‍ എത്തുന്നത്. എന്‍ജിനീയര്‍ ആയിരുന്ന ഷിബു മസ്കത്തില് നിര്‍മാണ മേഖലയില്‍ ഡിസൈന്‍ ആന്‍ഡ് സൂപ്പര്വിഷന് കണ്‍സള്‍ട്ടിങ് കമ്പനി നടത്തി വരികയായിരുന്നു. അല്‍ ഖൂദ്, സലാല, ദുകം, മസ്കത്ത് എന്നിവടങ്ങളില്‍ ശാഖകളുണ്ടായിരുന്ന സ്ഥാപനത്തില്‍ ഇരുപതോളം ജീവനക്കാരും ജോലി ചെയ്തിരുന്നു.
നല്ല നിലയില്‍ പ്രവര്‍ത്തിച്ചുപോന്നിരുന്ന കമ്പനിയില്‍ ഉണ്ടായ സാമ്പത്തിക ബാധ്യതകള്‍ മൂലം അദ്ദേഹം വിവിധ ചെക്ക് കേസുകളില്‍ അകപ്പെട്ട് ജയിലില്‍ ആവുകയായിരുന്നു. സമാഇല്‍ ജയിലിലാണ് ഇപ്പോള്‍ ഷിബു ഉള്ളത്. കുടുംബ നാഥന് ജയിലില്‍ ആയതോടെ കുടുംബവും പ്രതിസന്ധിയിലായി. തങ്ങളുടെ പക്കല്‍ മതിയായ രേഖകള്‍ ഇല്ല എന്ന കാരണത്താല്‍ താമസ കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങാനും ഇവര്‍ക്ക് സാധിച്ചില്ല. ഇതോടെ ഈ കെട്ടിടത്തില്‍ മാത്രമായി അമ്മയും മക്കളും ജീവിതം തള്ളി നീക്കുന്ന അവസ്ഥയിലാണുള്ളത്.
2015ല്‍ ഷിബുവിന്റെ പിതാവ് മരണപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് 72 വയസ്സ് പ്രായമായ ഇവരുടെ മാതാവും മബേലയില്‍ എത്തിയിരുന്നു. വാര്‍ദ്ധക്യത്തിന്റെ ക്ഷീണവും അസുഖങ്ങളും ഉള്ള മാതാവിന് മരുന്നും ചികിത്സയും ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ഇതിനിടെ ഇപ്പോള്‍ താമസിച്ചു വരുന്ന കെട്ടിട വാടക ഒരു വര്‍ഷം കുടിശ്ശിക ആയതിനാല്‍ ഏപ്രില്‍ 22ന് ഒഴിയണമെന്നും കെട്ടിട ഉടമ നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇതോടെ കുടുംബം ആകെ പ്രയാസത്തിലായിട്ടാണുള്ളത്.
ഷിബു ജയിലില്‍ ആയതോടെ കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങി. മസ്കത്തിലെ ഇന്ത്യന്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഫീസ് അടയ്ക്കാന്‍ കഴിയാതെ വന്നതോടെ തുടര്‍ പഠനത്തിന് അവസരം നിഷേധിക്കപ്പെട്ടു. മൂത്ത പെണ്‍കുട്ടിക്ക് ഈ ഫെബ്രുവരിയില്‍ ഇരുപത് വയസ്സ് കഴിഞ്ഞു. പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായി. പരീക്ഷാ ഫലവും സര്‍ട്ടിഫിക്കറ്റും സ്കൂള്‍ അധികൃതര്‍ ഇതുവരെയും നല്‍കിയിട്ടില്ല.
മൂന്ന് കുട്ടികളും 2020-21 അധ്യായന വര്‍ഷത്തിലാണ് അവസാനം സ്കൂളുകളില്‍ പോയിട്ടുള്ളത്. മൂത്ത മകള്‍ പത്താം ക്ലാസിലും രണ്ടാമത്തെ മകള്‍ ഏഴാം ക്ലാസിലും വാദികബീര്‍ ഇന്ത്യന്‍ സ്കൂളിലാണ് പഠനം നടത്തിയിരുന്നത്. മൂന്നാമത്തെ മകന് മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ ഏഴാം ക്ലാസിലുമായിരുന്നു.
2019 ഏപ്രില്‍ മാസം ജനിച്ച നാലാമത്തെ കുട്ടിക്ക് അഞ്ച് വയസ്സ് പൂര്‍ത്തിയായിട്ടും ജനന സര്‍ട്ടിഫിക്കേറ്റ് പോലും ശരിയാക്കുവാന്‍ കഴിയാതെ പ്രതിസന്ധിയില്‍. മനസ്സ് അറിഞ്ഞു വയറ് നിറച്ച് ആഹാരം കഴിച്ചിട്ട് മാസങ്ങള്‍ ആയെന്ന് കുട്ടികള്‍ വിഷമം പങ്കുവയ്ക്കുന്നു. മാനസികവും കായികയുവുമായ ആരോഗ്യം പൂര്‍ണ്ണമായും ഈ കുട്ടികള്‍ക്ക് നഷ്ടപ്പെട്ട് കഴിഞ്ഞു.