രണ്ടു തേനീച്ചപ്പെട്ടിയുണ്ടെങ്കിൽ വീട്ടാവശ്യത്തിന് ചെറുതേൻ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Mail This Article
ചെറുതേനിന് വിലയും മൂല്യവും കൂടുതലുണ്ട്. ഒന്നോ രണ്ടോ തേനീച്ചക്കൂട് പരിപാലിച്ചാൽ വീട്ടാവശ്യത്തിനു വേണ്ടത്ര ചെറുതേൻ ലഭിക്കും. ചെറുതേനീച്ച പലതരമുണ്ട്. നമ്മുടെ നാട്ടിൽ സാധാരണ കാണുന്ന ചെറുതേനീച്ച കറുത്ത നിറത്തിലുള്ളതാണ്.
ചെറുതേനീച്ചക്കർഷകരിൽനിന്ന് കൂടോടുകൂടി ഇപ്പോൾ ചെറുതേനീച്ചക്കോളനി വാങ്ങാൻ കിട്ടും. മതിലിലോ തറയിലോ മറ്റോ അവയുടെ സ്വാഭാവിക കോളനിയുണ്ടെങ്കിൽ അതിനെ മൺകുടത്തിലേക്കു മാറ്റിയാലും മതി. വർഷത്തിൽ ഒരു തവണ മാത്രമാണ് ചെറുതേനീച്ചക്കൂട്ടിൽനിന്നു വിളവെടുക്കാനാവുക. അതു ജനുവരി–മാർച്ച് കാലത്താണ്. ഒരു കൂട്ടിൽനിന്നു ശരാശരി 250 ഗ്രാം തേൻ ലഭിക്കും.
ചെറു പുൽച്ചെടി മുതൽ തെങ്ങുവരെ, വൈവിധ്യമാർന്ന സ്രോതസ്സുകളിൽനിന്നു ചെറുതേനീച്ചകള്‍ തേൻ ശേഖരിക്കും. അതുകൊണ്ടുതന്നെ ചെറുതേനിന് ഔഷധമൂല്യവും കൂടുതലാണ്. ചെറുതേനീച്ച കുത്തില്ല. അതിനാൽ തേനെടുക്കാനും ബുദ്ധിമുട്ടില്ല. എങ്കിലും തേൻ സംഭരിക്കുന്ന സമയത്ത് തേനീച്ച നമ്മുടെ ചെവിയിലും മൂക്കിലുമൊക്കെ കയറാതിരിക്കാന്‍ മുന്‍കരുതൽ വേണം. തേനട കൈകൊണ്ടു പിഴിഞ്ഞ് തേനെടുക്കരുത്. കയ്യിലുള്ള ബാക്ടീരിയകളും മറ്റും തേനിൽ കലരാനും തേൻ കേടാകാനും ഇതിടയാക്കും. വൃത്തിയുള്ള സ്പൂണും മറ്റും ഉപയോഗിച്ചു വേണം തേനെടുക്കാൻ. ഇങ്ങനെ ശേഖരിക്കുന്ന തേൻ ഒന്നു–രണ്ടു ദിവസം വെയിൽ കൊള്ളിക്കുന്നതു നന്ന്. ചെടികളിൽനിന്നു ശേഖരിക്കുന്ന തേനിനൊപ്പം ജലകണങ്ങളും കലരുക സ്വാഭാവികം. ഇതു നീക്കം ചെയ്യാനാണ് വെയിലത്തു വയ്ക്കുന്നത്. തേൻ കൂടുതൽ കാലം കേടു കൂടാതെയിരിക്കാൻ വെയിൽ കൊള്ളിക്കൽ ഉപകരിക്കും.
ഫോൺ: 98460 33337