സിലിക്ക ജെൽ വലിച്ചെറിഞ്ഞു കളയണ്ട: വീട്ടിൽ ഉപയോഗങ്ങൾ നിരവധി

Mail This Article
ഷൂസ്, ബാഗ് എന്നിവ വാങ്ങുമ്പോൾ അവയ്ക്കുള്ളിൽ വെളുത്ത നിറത്തിൽ ചെറിയ പായ്ക്കറ്റുകൾ കാണാറില്ലേ. കാര്യവും കാരണവും അറിയാതെ ഇവ എടുത്തു കളയുകയാണ് പതിവ്. എന്നാൽ ഈ പായ്ക്കറ്റുകളിൽ ഉള്ള സിലിക്ക ജെൽ ബീഡുകൾക്ക് ഒട്ടേറെ ഉപയോഗങ്ങളുണ്ട്.
ഇലക്ട്രോണിക് ഉൽപന്നങ്ങൾക്ക് സംരക്ഷണം നൽകുന്നു
പൊതുവേ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം വെള്ളത്തിൽ വീഴുകയോ നനയുകയോ ചെയ്യാതെ കാത്തുസൂക്ഷിക്കേണ്ടവയാണ്. എത്രയൊക്കെ ശ്രദ്ധിച്ചാലും അബദ്ധത്തിൽ ഒരിക്കലെങ്കിലും അവയിൽ വെള്ളം വീണെന്നു വരാം. ഇതു മാത്രമല്ല അന്തരീക്ഷത്തിലെ ഈർപ്പവും ഇവയ്ക്ക് ദോഷകരമാണ്. എന്നാൽ സിലിക്ക ജെല്ലിന് ഈർപ്പം വലിച്ചടുത്ത് ഇലക്ട്രോണിക് ഉപകരണങ്ങളെ സംരക്ഷിക്കാൻ കഴിയും.
മൊബൈൽ ഫോൺ : മൊബൈൽ ഫോണിൽ നനവുണ്ടായാൽ ചെറിയ ബാഗിലേക്ക് സിലിക്ക ജെൽ പായ്ക്കറ്റുകളോ ബീഡുകളോ പരമാവധി നിറച്ച് അതിനുള്ളിൽ ഫോൺ ഇറക്കി വയ്ക്കാം. സിലിക്ക ജെൽ വേഗത്തിൽ ഈർപ്പം വലിച്ചെടുക്കും.
പ്രധാനപ്പെട്ട രേഖകൾ സംരക്ഷിക്കാം
സർട്ടിഫിക്കറ്റുകൾ, ഫോട്ടോഗ്രാഫുകൾ, വിലപിടിപ്പുള്ള രേഖകൾ തുടങ്ങിയവയൊക്കെ നാശമാകാതെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും തരത്തിൽ നനവേറ്റാൽ അവ നാശമായി പോകും. ഇവ സീൽ ചെയ്തു വയ്ക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളിലാക്കി സിലിക്ക ജെല്ലിനൊപ്പം വച്ച് സംരക്ഷിക്കാവുന്നതാണ്.
ഫോട്ടോ ആൽബങ്ങളിൽ പേജുകൾക്കിടയിൽ സിലിക്ക ജെൽ പായ്ക്കറ്റുകൾ വയ്ക്കാം. പഴയ പുസ്തകങ്ങളിലെ മുഷിഞ്ഞ ഗന്ധം ഒഴിവാക്കാനും സിലിക്ക ജെൽ സഹായകമാണ്. ഇത്തരം പുസ്തകങ്ങൾ ഒരു ബാഗിനുള്ളിലാക്കി സിലിക്ക ജെൽ നിറച്ച ശേഷം ഏതാനും ദിവസങ്ങൾ അതേ നിലയിൽ തുടരാൻ അനുവദിക്കുക. പുറത്തെടുക്കുമ്പോൾ മുഷിഞ്ഞ ഗന്ധം അകന്നിട്ടുണ്ടാവും.
ലോഹങ്ങളെ തുരുമ്പിൽ നിന്ന് സംരക്ഷിക്കാനും സിലിക്ക ജെല്ലിന് കഴിയും. അതിനായി ടൂൾ ബോക്സ്, ടൂൾ കിറ്റ് എന്നിവയിൽ സിലിക്ക ജെൽ പായ്ക്കറ്റുകൾ വയ്ക്കുക. വായുവിൽ നിന്ന് അധിക ഈർപ്പം വലിച്ചെടുക്കുന്നതിലൂടെ ഇവയെ തുരുമ്പിൽ നിന്നും സംരക്ഷിക്കാൻ സിലിക്ക ജെല്ലിന് കഴിയും.
ബാത്റൂമിനുള്ളിൽ ഈർപ്പം തങ്ങിനിന്ന് കണ്ണാടികൾ മങ്ങുന്നത് സാധാരണമാണ്. ബാത്റൂമിലെ ഷെൽഫുകളിലോ കണ്ണാടികൾക്ക് സമീപമോ സിലിക്ക ജെൽ സൂക്ഷിക്കുന്നതിലൂടെ ഇത് തടയാനാവും.
ആഭരണങ്ങളോ വെള്ളി പാത്രങ്ങളോ സൂക്ഷിക്കുന്ന ബോക്സുകളിലും ഷെൽഫുകളിലും സിലിക്ക ജെൽ വച്ചാൽ ഈർപ്പം അടിച്ച് അവ മോശം അവസ്ഥയിലാകാതെ സംരക്ഷിക്കാനാവും.
സിലിക്ക ജെൽ 'റീചാർജ്' ചെയ്യാം
ഏറെക്കാലത്തെ ഉപയോഗംകൊണ്ട് സിലിക്ക ജെല്ലിന് നനവ് ആഗിരണം ചെയ്യാനുള്ള ശക്തി കുറയും. എന്നാൽ ഇവ പുനരുപയോഗിക്കാൻ കഴിയും എന്നതാണ് പ്രത്യേകത. നല്ല വെയിൽ ലഭിക്കുന്ന ദിവസങ്ങളിൽ സിലിക്ക ജെൽ പായ്ക്കറ്റുകൾ ഏതാനും മണിക്കൂറുകൾ പുറത്തെടുത്ത് വയ്ക്കാം. അവയിൽ ആഗിരണം ചെയ്യപ്പെട്ടിരിക്കുന്ന ഈർപ്പം ഇതോടെ നീക്കം ചെയ്യപ്പെടും. പിന്നീട് വീണ്ടും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യാം.