ഇത് ബിരിയാണിക്കു വേണ്ടിയുള്ള കൂട്ടത്തല്ലോ? | Fact Check

Mail This Article
ചില യുവാക്കൾ തമ്മിലടിക്കുന്ന ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉത്തർപ്രദേശിൽ ബിരിയാണിക്ക് വേണ്ടി തമ്മിൽ തല്ലുന്നു എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്. രണ്ട് വിഭാഗമായി തിരിഞ്ഞ് തമ്മിൽ തല്ലുന്ന ആളുകളെ വിഡിയോയിൽ കാണാം. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബിജ്നോറിൽ ആളുകൾ തമ്മിലടിച്ചത് ഭക്ഷണത്തിന് വേണ്ടിയല്ല.
∙ അന്വേഷണം
"ഇന്നലെ UP ബിജ്നോറിൽ, ബിരിയാണിക്ക് വേണ്ടി കുട്യോൾടെ കബഡി മത്സരം..." എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണരൂപം കാണാം
വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ വിഡിയോ ഉൾപ്പെടെ 'ന്യൂസ് 24' എന്ന ഹിന്ദി മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭ്യമായി. ഉത്തർപ്രദേശിലെ ബിജ്നോറിൽ നിന്നും പകർത്തിയ ദൃശ്യമാണ് ഇതെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു. എന്നാൽ രാഷ്ട്രീയ തർക്കമാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആളുകൾ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ബെൽറ്റുകളും ഡ്രമ്മുകളുമെല്ലാം ഉപയോഗിച്ചാണ് തമ്മിൽ തല്ലിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഡിയോ ഉൾപ്പെടുന്ന എക്സ് പോസ്റ്റിൽ ബിജ്നോർ പൊലീസിന്റെ കമന്റ് കാണാം. സംഭവത്തെ കുറിച്ച് സ്യോഹാര പൊലീസ് സ്റ്റേഷൻ ഇൻ-ചാർജിനോട് അന്വേഷിക്കാനും ആവശ്യമായ നടപടി എടുക്കാനും നിർദ്ദേശിച്ചിട്ടുണ്ട് എന്നാണ് ബിജ്നോർ പൊലീസിന്റെ ഔദ്യോഗിക എക്സ് അക്കൌണ്ട് കമന്റ് ചെയ്തിരിക്കുന്നത്. എക്സ് പോസ്റ്റ് ഇവിടെ കാണാം
സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ദൈനിക് ഭാസ്കർ എന്ന മാധ്യമവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൊഹല്ല ചൗധരിയനിൽ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സംഘർഷം ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആളുകൾ പരസ്പരം ബെൽറ്റ് ഉപയോഗിച്ച് ആക്രമിച്ചുവെന്നും സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരിക്കേറ്റവരെ സിഎച്ച്സിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം തിരിച്ചയച്ചു എന്നും സംഘർഷത്തിന്റെ കാരണം പൊലീസ് അന്വേഷിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ സ്യോഹാര പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. "വിഡിയോയിലുള്ള സംഘർഷം ഭക്ഷണത്തിന്റെ പേരിലല്ല നടന്നത്. രണ്ട് കുട്ടികൾ തമ്മിലുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിലേക്ക് നയിച്ചത്. കുട്ടികളിലൊരാൾ മറ്റേ കുട്ടിയോട് നിന്നെ കാണാൻ ഗ്യാസ് സിലിണ്ടർ കൊണ്ടുവരുന്നവനെ പോലെയാണല്ലോ എന്ന് പറഞ്ഞ് കളിയാക്കി. ഇത് കുട്ടികൾ തമ്മിൽ തല്ലുന്നതിലേക്ക് നയിച്ചു. പിന്നീട് ഇത് ഏറ്റുപിടിച്ച് രക്ഷിതാക്കളും തമ്മിൽ തല്ലായി. രക്ഷിതാക്കളുടെ പക്ഷത്ത് ആളുകൾ രണ്ടായി സംഘം ചേർന്നതോടെ ഇത് കൂട്ടത്തല്ലിൽ കലാശിച്ചു. വൈകാതെ തന്നെ സ്ഥലത്തെ സ്ഥിതിഗതികൾ ശാന്തമായി. പരാതികൾ ഇല്ലാത്തതിനാൽ പൊലീസ് കേസ് എടുത്തിട്ടില്ല" സ്യോഹാര പൊലീസ് ഇൻചാർജ് സുർജിത്ത് സിങ് പറഞ്ഞു.
ലഭ്യമായ വിവരങ്ങളിൽ നിന്നും വൈറൽ വീഡിയോയിലെ സംഘർഷം ഭക്ഷണത്തെ ചൊല്ലി നടന്നതല്ലെന്ന് വ്യക്തമായി.
∙ വസ്തുത
വൈറൽ വിഡിയോയിലുള്ള സംഘർഷം ഭക്ഷണത്തിന് വേണ്ടിയുള്ളതല്ല. ഉത്തർപ്രദേശിലെ സ്യോഹാരയിൽ കുട്ടികൾ തമ്മിലുണ്ടായ വഴക്കാണ് രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള സംഘർഷത്തിലേക്ക് നയിച്ചത്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)