കെ സ്മാർട് പഞ്ചായത്തുകളിലേക്ക്; ഫയൽനീക്കം ഈയാഴ്ച തടസ്സപ്പെടും

Mail This Article
തിരുവനന്തപുരം ∙ നഗരസഭകളിൽ ഉപയോഗിക്കുന്ന കെ സ്മാർട് ആപ്ലിക്കേഷൻ പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഓൺലൈൻ ഫയൽ നീക്കങ്ങളും സേവനങ്ങളും ഈയാഴ്ച തടസ്സപ്പെടും. ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐഎൽഡിഎം) ഇന്നു നിശ്ചലമാകും. 10 മുതലാകും പൂർണതോതിൽ പ്രവർത്തനം. 6ന് മുഴുവൻ ജോലികളും പൂർത്തിയാക്കുകയാണു ലക്ഷ്യം. നഗരസഭകളിലെ ഫയൽനീക്കങ്ങളും സേവനങ്ങളും 2 ദിവസം നിർത്തിവയ്ക്കുമെന്ന് ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) അധികൃതർ പറഞ്ഞു.
2021ൽ തുടങ്ങിയ ഐഎൽജിഎംഎസിലും 2002 മുതൽ പഞ്ചായത്തുകളിൽ നിലവിലുള്ള സോഫ്റ്റ്‍വെയറുകളിലുമായി ഉള്ള ഡേറ്റ 4 ഘട്ടങ്ങളിലായി ഇന്നു പുലർച്ചെ മുതൽ ബന്ധിപ്പിക്കും. 941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവയിലായി 2.10 കോടി ഫയലുകളും 1.17 കോടി കെട്ടിട വിവരങ്ങളുമാണ് ഐഎൽജിഎംഎസിലുള്ളത്. കെ സ്മാർട്ടിൽ നഗരസഭകളുമായി ബന്ധപ്പെട്ടുള്ള നിലവിലെ 37 ലക്ഷം ഫയലുകളിലേക്ക് ഇവയെ ബന്ധിപ്പിക്കും. ഈ നടപടികൾക്ക് 3 ദിവസം വരെ വേണ്ടി വരും. പഞ്ചായത്തുകളിലെ ജനന– മരണ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള വിവരങ്ങളും കെ സ്മാർട്ടിലേക്കു സംയോജിപ്പിക്കും. തുടർന്നു ഫയൽ മാപ്പിങ് നടത്തുന്നതോ
ടെ നടപടികൾ പൂർണമാകും. രാജ്യത്ത് ആദ്യമായാണ് ഒറ്റത്തവണയായി ആയിരത്തിൽപരം തദ്ദേശ സ്ഥാപനങ്ങളുടെ ഡേറ്റ പോർട്ടിങ്ങും ഡോക്കിങ്ങും നടക്കുന്നത്. ഐകെഎമ്മിന്റെ നേതൃത്വത്തിൽ വിദഗ്ധരുടെ നൂറംഗ സംഘമാണു ഇതിനായി പ്രവർത്തിക്കുന്നത്.
ശമ്പളം മുടങ്ങാതെ സംവിധാനം
ശമ്പളബില്ലുകളും മറ്റും ഐഎൽജിഎംസിൽ നേരത്തേ തയാറാക്കിവച്ചതിനാൽ നടപടികൾ തടസ്സപ്പെടില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. എന്നാൽ, ഓണറേറിയവും വേതനവും ഏതാനും ദിവസം വൈകും.