ഹൈദരാബാദ് 120ന് ഓൾഔട്ട്! സീസണിലെ മൂന്നാം തോൽവി; കൊൽക്കത്തയ്ക്ക് 80 റൺസ് വിജയം

Mail This Article
കൊൽക്കത്ത∙ സൺറൈസേഴ്സിന് എന്തു പറ്റി? ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദിന്റെ വമ്പൻ ഇന്നിങ്സുകൾ കണ്ട ആരാധകർ ടീമിന്റെ മൂന്നാം തോൽവിക്കു പിന്നാലെ ചോദിക്കുകയാണ്. ഐപിഎൽ ചരിത്രത്തിലെ 300 റൺസ് എന്ന റെക്കോർഡ് സ്കോർ തൊടാൻ ലക്ഷ്യമിട്ട് ഓരോ മത്സരവും കളിക്കുന്ന ഹൈദരാബാദ് കൊൽക്കത്തയ്ക്കെതിരെ 120 റൺസിന് ഓൾഔട്ട്!. ഈഡന്‍ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് 16.4 ഓവറിൽ പുറത്താകുകയായിരുന്നു. കൊൽക്കത്തയ്ക്ക് 80 റൺസിന്റെ വമ്പൻ വിജയം. തോൽവിയോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തേക്ക് ഹൈദരാബാദ് വീണു.
മറുപടി ബാറ്റിങ്ങിൽ 21 പന്തിൽ 33 റൺസെടുത്ത ഹെൻറിച് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. ഒൻപതു റൺസെടുക്കുന്നതിനിടെ ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവരെ നഷ്ടമായ ഹൈദരാബാദിനു പിന്നീടൊരു തിരിച്ചുവരവ് സാധ്യമാകാതെ പോയി. കൂട്ടത്തകർച്ച ഒഴിവാക്കാനായിരുന്നു സൺറൈസേഴ്സ് ബാറ്റർമാരുടെ പിന്നീടുള്ള ശ്രമങ്ങൾ. ക്ലാസനു പുറമേ കമിന്തു മെൻഡിസ് (20 പന്തിൽ 27), നിതീഷ് കുമാർ റെഡ്ഡി (15 പന്തിൽ 19), പാറ്റ് കമിൻസ് (15 പന്തിൽ 14) എന്നിവരും ഹൈദരാബാദിനായി രണ്ടക്കം കടന്നു. കൊൽക്കത്തയുടെ ഇംപാക്ട് പ്ലേയർ വൈഭവ് അറോറയും വരുൺ ചക്രവർത്തിയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.
ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണു നേടിയത്. അർധ സെഞ്ചറി സ്വന്തമാക്കിയ വെങ്കടേഷ് അയ്യരാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 29 പന്തുകൾ നേരിട്ട താരം 60 റൺസെടുത്തു പുറത്തായി. 32 പന്തുകള്‍ നേരിട്ട അങ്ക്രിഷ് രഘുവംശി 50 റൺസെടുത്തു പുറത്തായി. അജിൻക്യ രഹാനെ (27 പന്തിൽ 38), റിങ്കു സിങ് (17 പന്തിൽ 32) എന്നിവരാണ് കൊൽക്കത്തയുടെ മറ്റു പ്രധാന സ്കോറർമാർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്കു മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 16 റൺസെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ക്വിന്റൻ ഡി കോക്കിന്റെയും സുനിൽ നരെയ്ന്റെയും വിക്കറ്റുകൾ കൊൽക്കത്തയ്ക്കു നഷ്ടമായിരുന്നു. ക്യാപ്റ്റൻ രഹാനെയും അങ്ക്രിഷ് രഘുവംശിയും ചേർന്നാണ് കൊൽക്കത്തയുടെ സ്കോർ ഉയർത്തിയത്.
സ്കോർ 97ൽ നിൽക്കെ സീഷൻ അൻസാരിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ട്രാവിസ് ഹെഡ് ക്യാച്ചെടുത്തു രഹാനെയെ പുറത്താക്കി. അർധ സെഞ്ചറിക്കു തൊട്ടുപിന്നാലെ രഘുവംശിയെ മെൻഡിസ് ഔട്ടാക്കി. എന്നാല്‍ വെങ്കടേഷ് അയ്യരും റിങ്കു സിങ്ങും തകർത്തടിച്ചതോടെ കൊൽക്കത്ത സുരക്ഷിതമായ സ്കോറിലെത്തി. ഹൈദരാബാദിനായി മുഹമ്മദ് ഷമി, പാറ്റ് കമിൻസ്, സീഷൻ അൻസാരി, ഹർഷൽ പട്ടേൽ, കമിന്ദു മെൻഡിസ് എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.