ജീവിതത്തിൽ ഒരാൾ മാത്രം മതി: ഭാവി ഭർത്താവിനെക്കുറിച്ചുള്ള മഹ്വാഷിന്റെ വാക്കുകൾക്ക് ചെഹലിന്റെ ‘ലൈക്ക്’

Mail This Article
മുംബൈ∙ ഭാവി ഭർത്താവിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ വിവരിച്ചുകൊണ്ടുള്ള ആർജെ മഹ്‍വാഷിന്റെ ഇൻസ്റ്റഗ്രാം വിഡിയോ ‘ലൈക്ക്’ ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ. ചെഹലും മഹ്‍വാഷും ഡേറ്റിങ്ങിലാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ജീവിതത്തിൽ ഒരാളെ മാത്രം പങ്കാളിയായി സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നു മഹ്‍വാഷ് വിഡിയോയിൽ പറയുന്നുണ്ട്. ‘‘ആര് എന്റെ ജീവിതത്തിലേക്കു വന്നാലും, അയാൾ മാത്രമായിരിക്കും എനിക്കൊപ്പമുണ്ടാകുക. സുഹൃത്തും കാമുകനും ഭർത്താവും അയാളായിരിക്കും. ഒന്നിനും കൊള്ളാത്ത ആളുകളെ എനിക്ക് ആവശ്യമില്ല.’’– മഹ്‍വാഷ് ആരാധകരോടു പ്രതികരിച്ചു.
ഒരാൾ മാത്രമായിരിക്കും തന്റെ ജീവിതത്തിൽ ഉണ്ടാകുകയെന്നും മഹ്‍വാഷ് വ്യക്തമാക്കി. അതേസമയം നിരവധി പേരാണ് ചെഹലിനെ ഉദ്ദേശിച്ചാണ് മഹ്‌വാഷിന്റെ പ്രതികരണമെന്ന ‘കമന്റുമായി’ വരുന്നത്. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ ചെഹലും മഹ്‍വാഷും ഒരുമിച്ചെത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നത്. അതേസമയം ചെഹലുമായി സൗഹൃദം മാത്രമാണുള്ളതെന്ന് മഹ്‍വാഷ് പ്രതികരിച്ചു.
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ താരമാണു ചെഹൽ. പഞ്ചാബിന്റെ കളി ലക്നൗവിൽ നടക്കുന്ന സമയത്ത്, കിങ്സ് ടീം താമസിച്ച ഹോട്ടലിൽനിന്നുള്ള ചിത്രങ്ങൾ മഹ്‍വാഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ചെഹലിനും ധനശ്രീ വർമയ്ക്കും കഴിഞ്ഞ മാസം കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. നാലു കോടിയിലേറെ രൂപയാണ് ധനശ്രീക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം ജീവനാംശമായി നൽകിയത്.