കയ്യില്‍ കാശുണ്ടോ? പൗരത്വം തരാം; യു എസിലെ ഗോള്‍ഡന്‍ കാര്‍ഡ് വീസയെക്കുറിച്ച് അറിയാം

Mail This Article
ഗോള്‍ഡന്‍ വീസയും കയ്യില്‍പ്പിടിച്ച് നില്‍ക്കുന്ന സെലിബ്രിറ്റികളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. തങ്ങളുടെ രാജ്യത്ത് വലിയ നിക്ഷേപം നടത്തുന്ന വിദേശികള്‍ക്ക് താല്‍ക്കാലിക താമസത്തിനും ജോലി ചെയ്യാനും മറ്റും അനുമതി നല്‍കുന്ന റെസിഡന്‍സ് ബൈ ഇന്‍വെസ്റ്റ്‌മെന്‍റ്(RBI) പദ്ധതിയുടെ മറ്റൊരു പേരാണ് ഗോള്‍ഡന്‍ വീസ. ഇന്ന് ലോകത്ത് അഞ്ച് ഭൂഖണ്ഡങ്ങളിലായി 100 ലധികം രാജ്യങ്ങളിൽ ഗോള്‍ഡന്‍ വീസ നല്‍കിവരുന്നു. യു എ ഇയുടെ ഗോള്‍ഡന്‍ വീസ ലഭിച്ചവരില്‍, സൂപ്പര്‍സ്റ്റാര്‍ രജിനീകാന്തും ഷാരൂഖ്ഖാനും സഞ്ജയ് ദത്തും കൃതി സനോണും സാനിയ മിര്‍സയും ദുല്‍ഖര്‍ സല്‍മാനുമെല്ലാമുണ്ട്.
യുഎസില്‍ ജോലി ചെയ്യാനും അവിടേക്കും കുടിയേറാനും ആഗ്രഹിക്കുന്ന ആളുകള്‍ക്കായി ഗോൾഡ് കാർഡ് വീസ അവതരിപ്പിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമ്പന്നരായ വിദേശികളെ ആകര്‍ഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പത്തു പേരെങ്കിലും ജോലി ചെയ്യുന്ന കമ്പനിയിൽ 10 ലക്ഷം ഡോളർ മുതൽ മുടക്കുന്ന നിക്ഷേപകർക്ക്, 1990 മുതലുള്ള ഇബി 5 വീസയ്ക്കു പകരം, ഇനിമുതല്‍ ഗോൾഡ് കാർഡ് വീസ ലഭിക്കും. സ്ഥിരതാമസാനുമതിക്കുള്ള ഗ്രീൻ കാർഡിനു സമാനമാണിത്. തുടർന്നു പൗരത്വവും സ്വന്തമാക്കാം. ഉടമകളെ യുഎസിൽ അനിശ്ചിതമായി താമസിക്കാൻ അനുവദിക്കും, പൗരത്വം ഒരു ഓപ്ഷനായിരിക്കുമെങ്കിലും, ആഗോള നികുതി നിയമങ്ങൾ കാരണം മിക്കവരും അത് ഒഴിവാക്കാനാണ് സാധ്യത.
വില 43.7 കോടി രൂപ, ഒരു ദിവസം വിറ്റത് 1000 ഗോൾഡ് കാർഡ് വീസകള്‍
ഒരു ഗോൾഡ് കാർഡ് വീസയ്ക്ക് 50 ലക്ഷം ഡോളർ (ഏകദേശം 43.7 കോടി രൂപ) മുടക്കണം. ഇത്രയും പണം മുടക്കി വീസ വാങ്ങിക്കാന്‍ കഴിവുള്ള 37 ദശലക്ഷം ആളുകൾ ഈ ലോകത്ത് ഉണ്ടെന്നാണ് കണക്ക്. ഒരു ദശലക്ഷം പേര്‍ക്കെങ്കിലും വീസ നല്‍കണം എന്നാണ് ട്രംപിന്‍റെ കാഴ്ചപ്പാട്. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് വീസയുടെ ഡിമാന്‍ഡ്. ആദ്യദിനം തന്നെ ആയിരം ഗോൾഡ് കാർഡ് വീസകള്‍ നല്‍കിക്കഴിഞ്ഞതായി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് വെളിപ്പെടുത്തി.

പ്രതിസന്ധി ഘട്ടങ്ങളിൽ യുഎസിലേക്കു താമസം മാറാൻ ആഗ്രഹിക്കുന്ന സമ്പന്ന കുടുംബങ്ങൾക്ക് ഈ കാർഡ് ഒരു ഇൻഷുറൻസായി പ്രവർത്തിക്കും. എന്നാല്‍ ഇങ്ങനെ വന്നവര്‍ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ വീസ പിന്‍വലിക്കാനും സര്‍ക്കാരിന് അവകാശമുണ്ട്. മാത്രമല്ല, ഗോൾഡ് കാർഡ് ഉടമകൾക്ക് യുഎസിൽ ലഭിക്കുന്ന വരുമാനത്തിന് മാത്രമേ നികുതി നൽകേണ്ടതുള്ളൂ. അവർ വിദേശത്ത് സമ്പാദിക്കുന്ന പണത്തിന് നികുതി കൊടുക്കേണ്ടതില്ല.
ഇന്ത്യക്കാര്‍ക്ക് താല്‍പ്പര്യമുണ്ടോ?
ഇന്ത്യക്കാർ ഈ പദ്ധതിയിലേക്ക് ആകർഷിക്കപ്പെടാൻ സാധ്യതയില്ലെന്നു വിദഗ്ദ്ധർ പറയുന്നു. റെസിഡൻസി, പൗരത്വ വീസകൾക്കുള്ള പ്രാഥമിക അപേക്ഷകർ സാധാരണയായി റഷ്യക്കാരും ചൈനക്കാരുമാണ്. അവരുടെ രാജ്യങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങള്‍ മൂലം പലരും വിദേശത്തേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം ഉണ്ട്.

എന്നാല്‍, ഇബി-5 വീസ പരിപാടി പിൻവലിക്കുന്നത് ഇന്ത്യൻ നിക്ഷേപകർക്കും യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്കും ഉഭയകക്ഷി ബന്ധങ്ങൾക്കും കനത്ത പ്രഹരമായിരിക്കും. യുഎസിലെ റിയൽ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക മേഖലകളിലേക്ക് ഇന്ത്യൻ നിക്ഷേപകർ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കുന്നത് ആയിരക്കണക്കിന് ആളുകളെ അനിശ്ചിതത്വത്തിൽ ആക്കുമെന്നു വിലയിരുത്തപ്പെടുന്നു.
എന്നാല്‍, ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്ക്, ഗ്രീസിന്‍റെ ഗോൾഡൻ വീസ, പോർച്ചുഗലിന്‍റെ ഗോൾഡൻ വീസ, യുഎഇയിലെയും കാനഡയിലെയും നിക്ഷേപക പദ്ധതികൾ പോലുള്ള മറ്റ് മെച്ചപ്പെട്ട ആഗോള റെസിഡൻസി പ്രോഗ്രാമുകളുണ്ട്. കുറഞ്ഞ നിക്ഷേപ പരിധികളും കുറഞ്ഞ പ്രോസസിങ് സമയങ്ങളുമുള്ള ആകർഷകമായ റെസിഡൻസി ഓപ്ഷനുകൾ ഈ രാജ്യങ്ങൾ നൽകുന്നു.
ലോകത്തെ മികച്ച ഗോൾഡൻ വീസകള്‍
ലോകത്തെ ഒരു ശതമാനം ആളുകള്‍ക്ക് ഗോള്‍ഡന്‍ വീസ ഉണ്ടെന്നാണ് കണക്ക്. ഇവയില്‍ പലതും മികച്ച അവസരമാണ് നല്‍കുന്നത്.
വിദേശികൾക്ക് രാജ്യത്ത് സ്ഥിരതാമസം അനുവദിക്കുന്ന ഗോള്‍ഡന്‍ വീസ ഗ്രീസ് അവതരിപ്പിച്ചത് 2013 ലാണ്. ഇതിന് കുറഞ്ഞത് 250,000 യൂറോ($262,800) റിയൽ എസ്റ്റേറ്റ് നിക്ഷേപം ആവശ്യമാണ്, കൂടാതെ, പെർമിറ്റുകൾ ഓരോ അഞ്ച് വർഷത്തിലും പുതുക്കേണ്ടതുണ്ട്. അതേപോലെ, മാൾട്ട, ഇറ്റലി, യുഎഇ, സൈപ്രസ്, പോർച്ചുഗൽ, സ്പെയിൻ, ലാത്വിയ, ഡൊമിനിക്ക, ഗ്രെനഡ, തായ്‌ലൻഡ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ ഗോള്‍ഡന്‍ വീസ പദ്ധതികളും വളരെ മികച്ചവയായി കണക്കാക്കുന്നു.
ഗോൾഡൻ പാസ്‌പോർട്ട് എന്താണ്?
ഗണ്യമായ സാമ്പത്തിക നിക്ഷേപമോ സംഭാവനയോ നടത്തുന്നതിലൂടെ, വ്യക്തികൾക്ക് ആതിഥേയ രാജ്യത്ത് നിന്ന് ഉടനടി പൗരത്വവും പാസ്‌പോർട്ടും നേടാൻ കഴിയും. ഇത് വോട്ടുചെയ്യാനും ജോലി ചെയ്യാനും രാജ്യത്ത് താമസിക്കാനുമുള്ള കഴിവ് ഉൾപ്പെടെയുള്ള പൂർണ പൗരത്വ അവകാശങ്ങൾ നൽകുന്നു. കൂടാതെ നിരവധി സ്ഥലങ്ങളിലേക്ക് വീസ രഹിത യാത്രയും സാധ്യമാക്കുന്നു. മാൾട്ട പോലുള്ള രാജ്യങ്ങളും സെന്റ് കിറ്റ്സ് ആൻഡ് നെവീസ് പോലുള്ള നിരവധി കരീബിയൻ രാജ്യങ്ങളും അത്തരം പാസ്‌പോർട്ട് നല്‍കിവരുന്നു.
ഗോൾഡൻ പാസ്‌പോർട്ടുകൾക്കുള്ള നിക്ഷേപ പരിധി സാധാരണയായി ഗോൾഡൻ വീസകളേക്കാൾ കൂടുതലാണ്. മാത്രമല്ല, കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമേ ഇത് നല്‍കൂ.