‘ദ് ബിഗ് ബേബി’: കുണ്ടറയിൽനിന്ന് സിപിഎമ്മിന്റെ അമരത്തേക്ക്; പിണറായിക്കൊപ്പം വിഎസിനെ തിരുത്തി, ഇനി?

Mail This Article
‘സഖാവെ, ഞങ്ങടെ വിഎസിനു സീറ്റുണ്ടോ?’ എകെജി സെന്ററിനു മുന്നിൽ മണിക്കൂറുകളായി കാത്തുനിന്നിരുന്ന മാധ്യമപ്രവർത്തകർ കാത്തുവച്ച ചോദ്യം ആദ്യം ചോദിച്ചത് പാർട്ടിയിലെ സാധാരണ സഖാവാണ്. എകെജി സെന്ററിൽനിന്നു പുറത്തേക്കിറങ്ങിയ എം.എ.ബേബിയുടെ കയ്യിൽ പിടിച്ചു, തടഞ്ഞു നിർത്തിയാണ് ഇതു ചോദിച്ചത്. പ്രതീക്ഷയോടെ മാധ്യമപ്രവർത്തകർ ബേബിയെ വളഞ്ഞു, പാർട്ടി പ്രവർത്തകർ നേതാവിന്റെ രക്ഷയ്ക്കു ഓടിയെത്തി. അപ്പോഴും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ പ്രതികരിക്കാതെ, പ്രവർത്തകന്റെ കൈ തട്ടിമാറ്റി ബേബി നടന്നകന്നു. വി.എസ്.അച്യുതാനന്ദനു മത്സരിക്കാൻ സീറ്റ് നിഷേധിക്കും എന്ന അഭ്യൂഹം പരന്ന 2006ലെ നിയമസഭാ തിരഞ്ഞെടുപ്പു നാളുകളായിരുന്നു അത്. ഡിവൈഎഫ്ഐ പ്രവർത്തകരടക്കം പ്രതിഷേധിച്ചപ്പോൾ അന്നു കേരളത്തിൽ പലയിടത്തും കത്തിയമർന്നതു പിണറായി വിജയന്റെയും എം.എ.ബേബിയുടെയും കോലങ്ങളായിരുന്നു. പാർട്ടിയിലും പൊതുജനസമ്മതിയിലും മുന്നിലായ വിഎസിനെ നേരിടാൻ കണ്ണൂർ രാഷ്ട്രീയത്തിന്റെ കരുത്തും അച്ചടക്കവും പിണറായിക്കു പടച്ചട്ട തീർത്തു. പക്ഷേ, വിഎസ് പക്ഷത്തിന് വൻ ആധിപത്യമുള്ള കൊല്ലത്തു ബേബി നേരിട്ടതു വലിയ ആക്രമണമായിരുന്നു. എതിർപ്പുകളെയും തടസ്സങ്ങളെയും എന്നും പുഞ്ചിരിയോടെയാണു ബേബി നേരിട്ടത്. 2006ൽ കുണ്ടറ മണ്ഡലത്തിൽനിന്നു ബേബി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. വിഎസ് പക്ഷം നിശബ്ദമാക്കപ്പെട്ടപ്പോൾ പിന്നാലെ ബേബിയും കേരള രാഷ്ട്രീയത്തിൽനിന്നു സ്വയം പിന്നോട്ടിറങ്ങുന്ന കാഴ്ചയാണുണ്ടായത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവി ഇതിനു തുടക്കം കുറിച്ചു. അപ്പോഴും സിപിഎമ്മിലും എൽഡിഎഫ് സർക്കാരിലും സംഭവിക്കുന്ന പാളിച്ചകളും പോരായ്മകളും തുറന്നു പറയാനും തിരുത്തൽ വേണമെന്ന എതിർശബ്ദം ഉയർത്താനും ബേബി മടിച്ചില്ല.