‘പകരം’ വീട്ടി പ്രതിസന്ധിയിലായി യുഎസ്: സകല സാധനങ്ങള്‍ക്കും വില മേൽപ്പോട്ട്, പരിഭ്രാന്തി; ട്രംപിന്റേത് അടവോ അടിതെറ്റിയതോ?

Mail This Article
പ്രധാനമായും രണ്ട് കാര്യങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു ഇക്കുറി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ പോരാട്ടം. ഒന്ന്, അമേരിക്കയുടെ അതിർത്തികളിൽ സുരക്ഷാവലയം തീർത്ത് അനധികൃത കുടിയേറ്റത്തിന് തടയിടും. രണ്ട്, രാജ്യത്തിന്റെ ഭീമൻ വ്യാപാരക്കമ്മി കുറയ്ക്കാനായി ഇറക്കുമതി താരിഫ് നയം പൊളിച്ചെഴുതും. രണ്ടു കാര്യങ്ങളും അധികാരത്തിലേറി വൈകാതെ തന്നെ ട്രംപ് നടപ്പാക്കി. ആദ്യത്തേതിനെ ജനം കൈയടിയോടെ വരവേറ്റു. രണ്ടാമത്തേതിനെയോ..? ഇല്ല. ട്രംപിന്റെ താരിഫ് നയത്തെ ഉൾക്കൊള്ളാൻ യുഎസിലെ ജനത്തിന് പറ്റുന്നില്ല. ഉപ്പുതൊട്ട് ആഡംബര കാറുകൾക്ക് വരെ സകലമാന സാധനങ്ങൾക്കും വില കുതിച്ചുകയറുമെന്നായാൽ ആർക്കാണ് പിന്തുണയ്ക്കാനാവുക? വിപണിയിലാകെ പരിഭ്രാന്തി. ഓഹരി വിപണികൾ നിലംപൊത്തി. മുഖ്യ ഓഹരി സൂചികകളൊന്നായ ഡൗ ജോൺസ് മാത്രം രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 3000 പോയിന്റിലേറെ. ആപ്പിളും ടെസ്‍ലയുമടക്കം മുൻനിര ടെക് കമ്പനികളുടെ വിപണി മൂല്യത്തില്‍ നിന്നുമാത്രം കൊഴിഞ്ഞുപോയത് 1.8 ലക്ഷം കോടി ഡോളർ. ഏതാണ്ട് 153 ലക്ഷം കോടി രൂപ. ഇതിൽ ആപ്പിളിന്റെ മാത്രം നഷ്ടം 53,300 കോടി ഡോളർ (45 ലക്ഷം കോടി രൂപ). എൻവിഡിയയ്ക്ക് 39,300 കോടി ഡോളറും ടെസ്‍ലയ്ക്ക് 13,900 കോടിയും ആമസോണിന് 26,500 കോടിയും മെറ്റയ്ക്ക് 20,000 കോടിയും നഷ്ടമായി എന്നറിയുമ്പോൾ മനസ്സിലാക്കാം ട്രംപിന്റെ പകരച്ചുങ്കം നയം സൃഷ്ടിക്കുന്ന ആഘാതം. എന്താണ് യഥാർഥത്തിൽ സംഭവിച്ചത്? എങ്ങനെയാണ് ട്രംപിന്റെ നടപടികൾ യുഎസിന് തിരിച്ചടിയായത്? പകരച്ചുങ്ക പ്രഖ്യാപനങ്ങൾ യുഎസിന് ഗുണകരമോ ദോഷകരമോ?