‘ഈ സദസിലെ ഏറ്റവും സുന്ദരി’: നാടകീയമായി പുതിയ പ്രണയം വെളിപ്പെടുത്തി ശിഖർ ധവാൻ? വൈറലായി ദൃശ്യങ്ങൾ – വിഡിയോ

Mail This Article
ന്യൂഡൽഹി∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ ഐറിഷ് യുവതിയുമായി പ്രണയത്തിൽ? ചാംപ്യൻസ് ട്രോഫിക്കിടെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗാലറിയിൽ ശിഖർ ധവാനെയും അജ്ഞാത യുവതിയെയും ഒരുമിച്ചു കണ്ടതിനു പിന്നാലെ ഉടലെടുത്ത അഭ്യൂഹങ്ങൾക്കിടെയാണ്, യുവതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ടൂർണമെന്റിൽ ഇന്ത്യ ബംഗ്ലദേശിനെതിരായ ആദ്യ മത്സരം കളിക്കുമ്പോഴാണ് ഗാലറിയിൽ ധവാനും ഐറിഷ് യുവതിയും ശ്രദ്ധ കവർന്നത്.
അയർലൻഡിൽ നിന്നുള്ള സോഫി ഷൈനാണ് ധവാന്റെ ഹൃദയം കവർന്ന ഈ യുവതിയെന്നാണ് സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ കണ്ടെത്തൽ. അടുത്തിടെ ഒരു ചടങ്ങിൽവച്ച് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മടിച്ചാണെങ്കിലും ധവാൻ മറുപടി നൽകുക കൂടി ചെയ്തതോടെ ഇക്കാര്യം ഉറപ്പിച്ച മട്ടിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ.
‘‘സത്യമാണ്. ഞാൻ അതെല്ലാം വിട്ടുകഴിഞ്ഞു. ഭാഗ്യമില്ലാത്തയാളാണ് ഞാൻ എന്ന് ഒരിക്കലും പറയില്ല. പക്ഷേ, ഈ മേഖലയിലെ പരിചയക്കുറവു സൃഷ്ടിച്ച പ്രശ്നങ്ങൾ തീർച്ചയായും ഉണ്ടായിരുന്നു. ഇപ്പോൾ എനിക്ക് ആവശ്യത്തിലധികം അനുഭവങ്ങളുടെ കരുത്തുണ്ട്. ഈ ബന്ധം എന്നെ ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു’ – ധവാൻ പറഞ്ഞു.
ഇനിയുമൊരു പ്രണയബന്ധത്തിന് തയാറാണോ എന്ന ചോദ്യത്തിന്, ‘ഞാൻ എക്കാലത്തും പ്രണയത്തിലാണ്’ എന്നായിരുന്നു ധവാന്റെ മറുപടി. പുതിയ പ്രണയിനിയെക്കുറിച്ചുള്ള ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ധവാന്റെ മറുപടി ഇങ്ങനെ:
‘‘നോക്കൂ. ക്രിക്കറ്റ് പിച്ചിൽ എങ്ങനെയാണ് ബോളർമാർ എറിയുന്ന ബൗൺസറുകൾ നേരിടേണ്ടത് എന്ന് എനിക്ക് നന്നായിട്ടറിയാം. ഇപ്പോൾ നിങ്ങളും അത്തരമൊരു ശ്രമമാണ് എനിക്കെതിരെ നടത്തുന്നത് എന്ന് മനസ്സിലാകുന്നുമുണ്ട്. പക്ഷേ ഞാൻ പിടിതരില്ല’ – ധവാന്റെ മറുപടി.
‘‘എന്തായാലും ഞാൻ ആരുടെയും പേരു പറയാൻ പോകുന്നില്ല. പക്ഷേ, ഈ മുറിയിലെ ഏറ്റവും സുന്ദരിയായ യുവതിയാണ് എന്റെ വനിതാ സുഹൃത്ത്. ഇനി അത് ആരാണെന്ന് നിങ്ങൾ തന്നെ കണ്ടെത്തിക്കോളൂ’ – ധവാൻ പറഞ്ഞു. പിന്നീട് ഇതേ വിഡിയോയിൽ ക്യാമറ സദസിലെ ഒരു യുവതിയിലേക്കു തിരിയുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. ചാംപ്യൻസ് ട്രോഫിക്കിടെ ധവാനൊപ്പം കണ്ട യുവതിയാണ് ഇതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
ആദ്യ ഭാര്യയായ അയേഷ മുഖർജിയും ധവാനും 2023ൽ ഔദ്യോഗികമായി വേർപിരിഞ്ഞിരുന്നു. 2011ലാണ് അയേഷ മുഖർജിയും ധവാനും വിവാഹിതരായത്. അയേഷയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2023 ഒക്ടോബറിൽ അയേഷയിൽനിന്ന് ധവാന് വിവാഹമോചനം ലഭിച്ചു. ഇരുവരുടെയും 11 വയസ്സുകാരനായ മകൻ സൊറാവർ അയേഷയ്‌ക്കൊപ്പമാണ്. മകനെ കാണാനും സംസാരിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ടെങ്കിലും അതിനു സാധിക്കുന്നില്ലെന്ന പരാതിയുമായി ധവാൻ അടുത്തിടെ രംഗത്തെത്തിയിരുന്നു.