27 കോടിക്കു വാങ്ങിയ ഋഷഭ് പന്തിന്റെ പ്രകടനം ലക്നൗവിന് ഷോക്ക് എന്ന് ഹർഭജൻ; ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ പ്രശ്നമെന്നും താരം

Mail This Article
ലക്നൗ∙ ഐപിഎൽ മെഗാ താരലേലത്തിൽ റെക്കോർഡ് തുകയായ 27 കോടി രൂപയ്‌ക്ക് ടീമിലെത്തിച്ച ഇന്ത്യൻ താരം ഋഷഭ് പന്തിന്റെ മോശം പ്രകടനം ലക്നൗ സൂപ്പർ ജയന്റ്സിനെ സംബന്ധിച്ച് വലിയ ഞെട്ടലെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഇന്ത്യൻ താരം കെ.എൽ. രാഹുലിനെ ടീമിൽ നിലനിർത്താതെ ലേലത്തിന് വിട്ടാണ്, ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന തുകയ്ക്ക് ലക്നൗ ഋഷഭ് പന്തിനെ സ്വന്തമാക്കിയത്. പിന്നീട് ടീമിന്റെ നായകസ്ഥാനവും ഏൽപ്പിച്ചു.
എന്നാൽ, സീസണിലെ ആദ്യ മത്സരത്തിൽത്തന്നെ തന്റെ മുൻ ടീമായ ഡൽഹി ക്യാപിറ്റൽസിനെതിരെ പൂജ്യത്തിനു പുറത്തായ പന്ത്, അടുത്ത മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 15 റൺസെടുത്തു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരെ 2 റൺസിനും പുറത്തായി. ഇതോടെയാണ് താരത്തിന്റെ മോശം ഫോം ക്രിക്കറ്റ് വൃത്തങ്ങളിൽ ചർച്ചയായത്.
‘‘സത്യത്തിൽ ഈ സീസണിൽ ഇതുവരെ ഋഷഭ് പന്തിന് കാര്യമായിട്ടൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ബാറ്റും പതിവിലും നിശബ്ദമാണ്. പന്ത് സ്ഥിരമായി നേരത്തെ പുറത്താകുന്ന സാഹചര്യത്തിൽ ടീം മാനേജ്മെന്റ് അടിയന്തരമായി എന്തെങ്കിലും ചെയ്യേണ്ടി വരും. ടീമിനെ സംബന്ധിച്ച് വലിയൊരു ഞെട്ടൽ തന്നെയാണ് പന്തിന്റെ ഫോം’ – ഹർഭജൻ പറഞ്ഞു.
‘‘ലക്നൗ സൂപ്പർ ജയന്റ്സിന് മുന്നോട്ടു പോകാനാകുന്നില്ല. ടോസ് നഷ്ടമായ ശേഷം പഞ്ചാബിനെതിരെ കാര്യമായി റൺസ് കണ്ടെത്താൻ അവർക്കായില്ല. നിക്കൊളാസ് പുരാൻ മികച്ച രീതിയിൽ കളിച്ചു. പക്ഷേ, ചെഹലിന്റെ അവസരോചിതമായ ഇടപെടലിൽ പുരാൻ വീണു. പുരാൻ പുറത്തായതോടെ ലക്നൗ തകർന്ന അവസ്ഥയിലായി.
‘‘അവസാന നിമിഷങ്ങളിൽ ആയുഷ് ബദോനിയും അബ്ദുൽ സമദും ഏതാനും മിന്നലടികളുമായി കളം നിറഞ്ഞതോടെയാണ് ലക്നൗവിന് പൊരുതാവുന്ന സ്കോർ ലഭിച്ചത്. പക്ഷേ, പഞ്ചാബിന്റെ ബാറ്റിങ് നിരയുടെ കരുത്തു വച്ചു നോക്കുമ്പോൾ ആ സ്കോറും പ്രതിരോധിക്കാൻ പാടായിരുന്നു’ – ഹർഭജൻ പറഞ്ഞു.