‘ബൗണ്ടറിക്കു തൊട്ടുപിന്നാലെയാണ് വിക്കറ്റെങ്കിൽ മനസ്സിലാക്കാം, ഇത് ഒരുമാതിരി...’: ദിഗ്‌വേഷിനെ വിമർശിച്ച് ഗാവസ്കർ– വിഡിയോ

Mail This Article
ലക്നൗ∙ പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ വിക്കറ്റെടുത്ത ശേഷം ‘നോട്ട്ബുക്ക് സെലബ്രേഷനി’ലൂടെ വിവാദത്തിൽ ചാടിയ യുവതാരം ദിഗ്‌വേഷ് രതിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ആ ഘട്ടത്തിൽ അത്തരമൊരു പ്രകോപനപരമായ ആഘോഷത്തിന്റെ യാതൊരു കാര്യവുമുണ്ടായിരുന്നില്ലെന്ന് കമന്ററി ബോക്സിലുണ്ടായിരുന്ന ഗാവസ്കർ അഭിപ്രായപ്പെട്ടു. ബാറ്റർ ബൗണ്ടറി നേടിയശേഷം തൊട്ടടുത്ത പന്തിലാണ് വിക്കറ്റെങ്കിൽ ചിലപ്പോൾ ഇത്തരത്തിൽ ആഘോഷിച്ചേക്കാമെന്നും ഇവിടെ അത്തരമൊരു സാഹചര്യമുണ്ടായിരുന്നില്ലെന്നും ഗാവസ്കർ പറഞ്ഞു.
‘‘ക്രീസിലുള്ള ബാറ്റർ ഒരു ബൗണ്ടറിയോ സിക്സോ നേടിയശേഷം തൊട്ടടുത്ത പന്തിലാണ് വിക്കറ്റ് നേട്ടമെങ്കിൽ ഈ ആഘോഷത്തിന്റെ സാംഗത്യം എനിക്കു മനസ്സിലാകും. ഒരു ഓവറിൽ ആറു പന്തുകളാണ് ബോളർ എറിഞ്ഞുതീർക്കേണ്ടത്. അതിൽ അഞ്ചെണ്ണത്തിലും ബാറ്ററെ റൺസെടുക്കാൻ സമ്മതിക്കാതെ ബോൾ ചെയ്ത ശേഷം ആറാം പന്തിൽ വിക്കറ്റെടുക്കുമ്പോൾ ഇതുപോലെ ആഘോഷിക്കേണ്ട കാര്യമുണ്ടോ? എനിക്കറിയില്ല. അപ്രതീക്ഷിതമായി വിക്കറ്റ് ലഭിക്കുമ്പോൾ ഒരുപക്ഷേ, ഇത്തരത്തിൽ പെരുമാറുന്നതാകാം’ – ഗാവസ്കർ പറഞ്ഞു.
‘‘അന്ന് വിരാട് കോലിയുടെ കാര്യത്തിൽ സംഭവിച്ചത് എന്താണെന്ന് നമുക്കറിയാം. വില്യംസിനെതിരെ തുടർച്ചയായ പന്തുകളിൽ ബൗണ്ടറി നേടിയ ശേഷമാണ് അദ്ദേഹത്തിന്റെ പഴയ ആഘോഷം അനുകരിച്ചത്’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.
ഇന്നലെ നടന്ന പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഇന്ത്യൻ താരം ദിഗ്‌വേഷ് രതിയാണ് ഈ ആഘോഷം അനുകരിച്ച് ശ്രദ്ധ നേടിയത്. ഡൽഹി ടീമിൽ തന്റെ സഹതാരം കൂടിയായ പഞ്ചാബ് കിങ്സ് ഓപ്പണർ പ്രിയാൻഷ് ആര്യയെ പുറത്താക്കിയ ശേഷമായിരുന്നു ദിഗ്‌വേഷ് രതിയുടെ നോട്ട്ബുക്ക് സെലബ്രേഷൻ. പുറത്തായി മടങ്ങുന്ന താരത്തിന്റെ സമീപത്തുചെന്ന് സാങ്കൽപിക നോട്ട്ബുക്കിൽ കുറിക്കുന്നതുപോലെ അഭിനയിക്കുന്ന രീതിയാണിത്.
പഞ്ചാബ് ഓപ്പണർ പ്രിയാൻഷ് ആര്യയെ ഷാർദുൽ ഠാക്കൂറിന്റെ കൈകളിലെത്തിച്ച് പുറത്താക്കിയതിനു പിന്നാലെ, താരം പവലിയനിലേക്ക് നടക്കുമ്പോഴാണ് ദിഗ്‌വേഷ് ‘നോട്ട്ബുക്കു’മായി എത്തിയത്. എന്നാൽ, ഉടൻതന്നെ ഇതിൽ ഇടപെട്ട അംപയർ അനാവശ്യ ആഘോഷത്തിൽനിന്ന് ദിഗ്‌വേഷിനെ വിലക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. മത്സരത്തിനു പിന്നാലെ ബിസിസിഐ ദിഗ്‌വേഷന് മാച്ച്ഫീയുടെ 25 ശതമാനം പിഴ ചുമത്തി. മാത്രമല്ല, ഒരു ഡീമെറ്റിറ്റ് പോയിന്റുമുണ്ട്.
ദിഗ്‌വേഷിന്റെ ആഘോഷരീതിക്കെതിരെ സമൂഹമാധ്യമങ്ങളിലും കടുത്ത വിമർശനം ഉയർന്നിരുന്നു. പഞ്ചാബ് കിങ്സ് ബോളിങ്ങിലും ബാറ്റിങ്ങിലും വ്യക്തമായ മേധാവിത്തം പുലർത്തി അനായാസ വിജയത്തിലേക്ക് കുതിക്കുമ്പോഴായിരുന്നു ദിഗ്‌വേഷിന്റെ അനാവശ്യ ആഘോഷമെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. മത്സരത്തിൽ രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും ദിഗ്‌വേഷിന് കാര്യമായ ചലനമൊന്നും സൃഷ്ടിക്കാനായില്ലെന്നും ആഘോഷത്തെ വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
∙ കോലി പ്രശസ്തമാക്കിയ ആഘോഷം
ഇന്ത്യൻ സൂപ്പർതാരം വിരാട് കോലിയും വെസ്റ്റിൻഡീസ് താരം കെസ്രിക് വില്യംസും തമ്മിലുള്ള നേർക്കുനേർ പോരാട്ടങ്ങളിലൂടെയാണ് നോട്ട്ബുക് സെലബ്രേഷൻ രാജ്യാന്തര ക്രിക്കറ്റിൽ പ്രശസ്തമായത്. 2017 ജൂലൈ 7നു ജമൈക്കയിൽ നടന്ന ഇന്ത്യ–വെസ്റ്റിൻഡീസ് ട്വന്റി20 മത്സരത്തിൽ വില്യംസിന്റെ പന്തിലായിരുന്നു കോലി ഔട്ടായത്. വിക്കറ്റ് നേട്ടം വില്യംസ് തന്റെ സ്വതസിദ്ധമായ നോട്ട്ബുക്ക് സ്റ്റൈലിൽ (ഒരു ബാറ്റ്സ്മാന്റെ വിക്കറ്റ് ആദ്യമായി നേടുമ്പോൾ വില്യംസ് അതു തന്റെ സാങ്കൽപിക നോട്ടുബുക്കിൽ കുറിച്ചിടും) ആഘോഷിച്ചു.
രണ്ടുവർഷത്തിനുശേഷം 2019 ഡിസംബറിലായിരുന്നു വില്യംസിന് വിരാട് കോലിയുടെ തിരിച്ചടി. ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ റെക്കോർഡ് റൺ ചെയ്സിനു സാക്ഷ്യം വഹിച്ച ഹൈദരാബാദിൽ, വില്യംസ് എറിഞ്ഞ 16–ാം ഓവറിലെ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയ കോലി സ്വന്തം നോട്ട്ബുക്കിൽ വില്യംസിന്റെ പേരും എഴുതിച്ചേർത്തു. വില്യംസിന്റെ ‘നോട്ട് ബുക്ക്’ വിരാട് കോലി കാറ്റിൽ പറത്തിയപ്പോൾ, വീട്ടിയത് രണ്ടു വർഷം മുൻപു ബാക്കി വച്ച കണക്ക്.