വമ്പൻ ആനകളുടെ ചെറിയ മുതുമുത്തച്ഛൻ; മൺമറഞ്ഞ ഈ ജീവിക്ക് മുയലിന്റെ വലുപ്പം

Mail This Article
ആനകളുടെ പരിണാമവഴിയിലെ പൂർവികരിൽ അറിയപ്പെടുന്ന ഏറ്റവും ആദ്യത്തെ ജീവി എറിത്തേറിയം ആണ്. മൊറോക്കോയിൽ നിന്നാണ് മൺമറഞ്ഞ ഈ ജീവിയുടെ ഫോസിലുകൾ കിട്ടിയിട്ടുള്ളത്. ആനകളുടെ പൂർവികരിൽ ഏറ്റവും ചെറിയ ജീവിയും എറിത്തേറിയം തന്നെ. ഏകദേശം 6 കോടിയോളം വർഷം മുൻപാണ് ഈ ജീവി ഭൂമിയിൽ ജീവിച്ചിരുന്നതെന്നാണു കരുതപ്പെടുന്നത്. 5 മുതൽ 6 കിലോ വരെയായിരുന്നു ഈ ചെറുജീവികളുടെ ഭാരം. ആനകളുടെ ചിഹ്നങ്ങളിലൊന്നായ തുമ്പിക്കൈ എറിത്തേറിയത്തിന് ഉണ്ടായിരുന്നില്ല.
കരമൃഗങ്ങളിൽ ഏറ്റവും വലുത്, ഏറ്റവും വലിയ തലച്ചോറുള്ള മൃഗം. ആനകൾക്ക് വിശേഷങ്ങൾ ഏറെയാണ്. നിലവിൽ 3 സ്പീഷീസുകളിലുള്ള ആനകളാണ് ലോകത്തുള്ളത്. ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന എന്നിവയാണ് ഇവ. ഏഷ്യൻ ആനകൾ ശ്രീലങ്കൻ, ഇന്ത്യൻ, സുമാത്രൻ എന്നീ വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യൻ വിഭാഗത്തിലുള്ള ആനകൾ ഭൂട്ടാൻ, കംബോഡിയ, ചൈന, ലാവോസ്, മലേഷ്യ, മ്യാൻമർ, നേപ്പാൾ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലുമുണ്ട്.

കരയിലെ വമ്പൻ ജീവികളായ ആനകൾ പ്രോബോസിഡ എന്ന വലിയ ജന്തുവിഭാഗത്തിൽപെട്ടവയാണ്. എലിഫന്റിഡെ എന്ന ജന്തുകുടുംബം മാത്രമാണ് ഇന്ന് ഈ ജീവിവിഭാഗത്തിലുള്ളത്. മൺമറഞ്ഞ മാമ്മത്തുകളും ആനകളും അടങ്ങുന്നതാണ് ഈ കുടുംബം. ചുരുക്കിപ്പറഞ്ഞാൽ ആനകൾ മാത്രമാണ് ഈ കുടുംബത്തിൽ അവശേഷിക്കുന്നത്. ഒരു വലിയ ജീവിക്കൂട്ടായ്മയുടെ ബാക്കിപത്രം.

ഇന്ത്യയുടെ ചരിത്രത്തിലെ സിന്ധു നദീതട സംസ്കാര കാലഘട്ടത്തിലാണ് ആനകളെ ആദ്യമായി മനുഷ്യർ ഇണക്കി വളർത്താൻ തുടങ്ങി, നാലായിരം വർഷങ്ങൾക്കു മുൻപാണ് ഇത്. ആനകളെ ഇണക്കിക്കൊണ്ടുനടക്കാൻ പരിശീലനം സിദ്ധിച്ച പാപ്പാൻമാർ അന്നേയുണ്ടായിരുന്നു. തടി പോലെയുള്ള ഭാരമേറിയ വസ്തുക്കൾ പിടിച്ചുമാറ്റുന്നതിൽ ആനകൾ ഉപയോഗിക്കപ്പെട്ടു.

യുദ്ധത്തിലും സൈന്യത്തിലും ആനകൾ ഉപയോഗിക്കപ്പെട്ടതായി ചരിത്രമുണ്ട്. ഇന്ത്യയിൽ വേദകാലഘട്ടം മുതൽ ആനകളെ യുദ്ധത്തിൽ പങ്കെടുപ്പിച്ചിരുന്നു. ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും ആനകളെ ഉപയോഗിച്ചുള്ള യുദ്ധത്തെപ്പറ്റി പരാമർശങ്ങളുണ്ട്.ചതുരംഗാടിസ്ഥാനത്തിലുള്ള പ്രാചീന ഇന്ത്യയിലെ സൈന്യങ്ങളുടെ നാലു ഘടകങ്ങളിൽ ഒന്ന് ആനകളായിരുന്നു. മഗധയിലെ രാജാവായ ബിംബിസാരന് ശക്തമായ ഒരു ഗജസൈന്യമുണ്ടായിരുന്നു. മഹാപദ്മ നന്ദന്റെ സൈന്യത്തിൽ ആറായിരത്തിലധികം ആനകളുണ്ടായിരുന്നു.

അലക്സാണ്ടർ ചക്രവർത്തിയെ നേരിട്ട ഇന്ത്യൻ രാജാവായ പോറസിന്റെ സൈന്യത്തിൽ 85 ആനകളുണ്ടായിരുന്നു. അക്കാമനീഡ്, സെലൂസിഡ്, സസാനിയൻ കാലഘട്ടങ്ങളിൽ ഇറാനിയൻ സൈന്യത്തിൽ ആനകൾ അവിഭാജ്യ ഘടകമായിരുന്നു. പേർഷ്യൻ വാർ എലിഫന്റ്സ് എന്നറിയപ്പെട്ട ഇവ കൂടുതലും ഇറാന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നാണ് നിയോഗിക്കപ്പെട്ടത്. ഇന്ത്യ, സിറിയ തുടങ്ങിയിടങ്ങളിൽ നിന്നുള്ള ആനകളെയും ഇറാനിൽ സൈനിക ആവശ്യത്തിനായി വാങ്ങിയിരുന്നു.
ആഫ്രിക്കയിലെ കാർത്തേജിന്റെ സൈന്യാധിപനായ ഹാനിബാൾ 218 ബിസിയിൽ ആൽപ്സ് പർവതങ്ങൾ കടന്ന് യൂറോപ്പിലേക്ക് യുദ്ധത്തിനായി പോയി. ദുഷ്കരമായ ആൽപ്സ് കടക്കാൻ ഹാനിബാളിനെ സഹായിച്ചത് തന്റെ ആനപ്പടയാണ്. മുപ്പതിലധികം ആനകൾ ഈ സംഘത്തിലുണ്ടായിരുന്നെങ്കിലും ഒരെണ്ണം മാത്രമാണ് ദൗത്യത്തെ അതിജീവിച്ചത്. ഹാനിബാളിന്റെ സ്വന്തം ആനയും ഇന്ത്യൻ ആന വിഭാഗത്തിൽപ്പെടുന്നതുമായ സുരൂസായിരുന്നു ഇത്.