ചെങ്കടലിലെ അദ്ഭുതം! സ്വയം പ്രകാശിച്ച് വേട്ടക്കാരിൽനിന്ന് രക്ഷപ്പെടുന്ന ലൈറ്റ്ഫിഷ്

Mail This Article
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ ചെങ്കടൽ ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കുമിടയിൽ സ്ഥിതി ചെയ്യുന്നു.ഈജിപ്ത്, എറിത്രിയ, സൗദി, സുഡാൻ, ഇസ്രയേൽ, യെമൻ, സൊമാലിയ, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ ചെങ്കടലുമായി അതിർത്തി പങ്കിടുന്നു. ട്രൈക്കോഡെസ്മിയും എറിത്രിയം എന്ന ഒരിനം ആൽഗെയുടെ സാന്നിധ്യം ചിലപ്പോഴൊക്കെ ചെങ്കടലിലെ വെള്ളത്തിനു ചുവന്ന നിറം നൽകാറുണ്ട്. അങ്ങനെയാണ് ചെങ്കടലിന് ആ പേര് ലഭിച്ചത്.
ഉയർന്ന ലവണാംശവും താപനിലയുമൊക്കെയുണ്ടെങ്കിലും ചെങ്കടലിനൊരു ജൈവവൈവിധ്യമുണ്ട്. ചെങ്കടലിൽ കാണപ്പെടുന്ന ഒരു വ്യത്യസ്തമായ മത്സ്യമാണ് വിൻസിഗറിയ മബാഹിസ് അഥവാ ലൈറ്റ്ഫിഷ്. അപൂർവമായ ഒരു മത്സ്യമാണിത്. കടലാഴങ്ങളിൽ ജീവിക്കുന്നതിനാൽ ഈ മീനിനെ കണ്ടുകിട്ടുന്നതു തന്നെ അപൂർവമാണ്.
പേരു സൂചിപ്പിക്കുന്നതുപോലെ ഈ മത്സ്യത്തിന്റെ ശരീരത്തിൽ നിന്നു പ്രകാശം പുറപ്പെടാറുണ്ട്. ബയോലൂമിനൻസ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.
ചില മത്സ്യങ്ങൾ ഇരകളെ ആകർഷിക്കാനായി ബയോലൂമിനൻസ് ഉപയോഗിക്കാറുണ്ട്. ആംഗ്ലർ ഫിഷ് ഇതിനൊരു ഉദാഹരണമാണ്. എന്നാൽ ചെങ്കടലിലെ ലൈറ്റ്ഫിഷുകൾ ഇരകളെ ആകർഷിക്കാനല്ല മറിച്ച് വേട്ടക്കാരായ മറ്റു ജലജീവികളിൽനിന്നു രക്ഷ നേടാനായാണ് ശരീരത്തിലെ പ്രകാശം ഉപയോഗിക്കുക. വേട്ടക്കാരിൽ നിന്ന് അദൃശ്യരായി മാറിനിൽക്കാൻ ലൈറ്റ്ഫിഷുകൾക്ക് ഇതുവഴി സാധിക്കും.
∙ചെങ്കടലിലെ ഉപ്പുകുളം
ചെങ്കടലിൽ പ്രത്യേകതയാർന്ന പലമേഖലകളുമുണ്ട്. ചെങ്കടലിൽ പത്തടി വ്യാസത്തിൽ ഒരു മരണക്കുളം സ്ഥിതി ചെയ്യുന്നുണ്ട്. മനുഷ്യർക്കും കടൽജീവികൾക്കും ഒരുപോലെ മാരകമാകുന്ന ഒരു കുളമാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഒരു തരത്തിലുമുള്ള ജീവിവർഗങ്ങളെ വഹിക്കാൻ ഈ കുളത്തിനു കഴിവില്ല. കടുത്ത ഉപ്പുരസമാർന്നതാണ് ഇതിന്റെ വെള്ളം. ഓക്സിജന്റെ സാന്നിധ്യവും ഇതിലില്ല.
യുഎസിലെ മയാമി സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ മരണക്കുളം കണ്ടെത്തിയത്. അകപ്പെടുന്ന ഏതു കടൽജീവിയേയും ക്ഷണനേരത്തിൽ നിശ്ചലമാക്കാനും കൊല്ലാനുമുള്ള ശേഷി ഈ ഉപ്പുകുളത്തിനുണ്ട്. ജലജീവികൾക്കൊന്നും രക്ഷയില്ലെങ്കിലും ഇവിടെ വിവിധ തരം സൂക്ഷ്മജീവികൾ ജീവിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇവ തനതായ ഒരു ജൈവവൈവിധ്യം ഈ മരണക്കുളത്തിനു നൽകുന്നുണ്ട്.