ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; സീസണിലെ ആദ്യ ന്യൂനമർദമായി ശക്തിപ്രാപിക്കും

Mail This Article
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ സീസണിലെ ആദ്യ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. സംസ്ഥാനത്ത് ഇന്നും ഇടി മിന്നലോടുകൂടിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളുടെ മലയോര മേഖലയിലുമാണ് കൂടുതൽ സാധ്യത. തിങ്കളാഴ്ച മുതൽ നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന വേനൽ മഴയിൽ ചെറിയ കുറവിനു സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയിൽ പലയിടത്തും വെള്ളം കയറുകയും നാശനഷ്ടമുണ്ടാവുകയും ചെയ്തു. ഇടുക്കി നെടുങ്കണ്ടത്തിന് സമീപം ഇടിമിന്നലേറ്റ് വീട് തകർന്നു. കഷ്ടിച്ചാണ് വീട്ടുകാർ രക്ഷപ്പെട്ടത്. കോഴിക്കോട് ഇടിമിന്നലേറ്റ് ഒരു സ്ത്രീ മരിച്ചു. കോട്ടയം മുണ്ടക്കയത്ത് തൊഴിലുറപ്പ് വനിതകളായ 5 പേർക്ക് ഇടിമിന്നലേറ്റു. കാസർകോട് കോളംകുളത്ത് ഇടിമിന്നലിൽ തെങ്ങിന് തീപിടിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.