ചൈനയ്ക്കൊപ്പം ചേർന്ന് ‘ലൈഫ്ലൈൻ’ ഭീഷണി; മോദി സർക്കാർ പ്രയോഗിക്കേണ്ടത് സോഫ്റ്റ് പവര്‍; ശത്രുരാജ്യമാവുന്നോ ബംഗ്ലദേശ്?

Mail This Article
ഇന്ത്യയുടെ വിദേശ നയത്തിന് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടി അയൽരാജ്യമായ ബംഗ്ലദേശിലെ മാറ്റങ്ങളായിരുന്നു. വന്‍ ജനരോഷത്തെ തുടര്‍ന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കു സ്ഥാനം ഒഴിയേണ്ടി വന്നതും പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതുമായിരുന്നു ബംഗ്ലദേശിലുണ്ടായ പ്രധാന മാറ്റങ്ങൾ. 2009 മുതല്‍ നീണ്ട 15 വര്‍ഷം ധാക്കയില്‍ അധികാരത്തിലിരുന്ന ഷെയ്ഖ് ഹസീന ഇന്ത്യയോടു സ്നേഹവും ആഭിമുഖ്യവുമുള്ള നേതാവായിരുന്നു. ഈ പ്രതിപത്തി അവരുടെ നയങ്ങളിലും നിലപാടുകളിലും എപ്പോഴും പ്രതിഫലിച്ചു. അവരുടെ ഭരണകാലത്ത് ഇരുരാജ്യങ്ങള്‍ക്കും ഇടയിൽ ഊഷ്മള ബന്ധം നിലനിര്‍ത്താനും കഴിഞ്ഞു. ഷെയ്ഖ് ഹസീന ഭരണത്തിലിരുന്ന ഒന്നര ദശാബ്ദക്കാലം അയൽരാജ്യങ്ങളില്‍ നമുക്ക് എപ്പോഴും വിശ്വസിക്കുവാൻ കഴിഞ്ഞ രാഷ്ട്രമായിരുന്നു ബംഗ്ലദേശ്. മറ്റ് അയല്‍രാജ്യങ്ങളെ അപേക്ഷിച്ചു ബംഗ്ലദേശിനു ഭൂമിശാസ്ത്രപരമായ പ്രാധാന്യം കൂടിയുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന ഏഴു സംസ്ഥാനങ്ങളിലേക്കുള്ള കര മാര്‍ഗമുള്ള ഏക പാത ബംഗ്ലദേശിന്റെ വടക്കു ഭാഗത്തു കൂടിയാണു പോകുന്നത്. ഈ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുകളെല്ലാം ഇതുവഴിയാണ് പോകാറുള്ളതും. അതുപോലെ ഇവിടെ നിന്നുള്ള ഉല്‍പന്നങ്ങള്‍ ഇന്ത്യയിലെ ബാക്കി ഭാഗങ്ങളിലേക്കും വിദേശത്തേക്കും അയയ്ക്കണമെങ്കില്‍ ഈ വഴിയിലൂടെ സഞ്ചരിച്ചു ബംഗാളില്‍ എത്തണം. പട്ടാളത്തിന്റെ ഭാഷയില്‍ ചിക്കന്‍സ് നെക്ക് (Chickens Neck) എന്നറിയപ്പെടുന്ന ഈ പാതയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമാണു ചൈനയുമായി യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്ക് ഏറ്റവും വേഗം പരുക്കേല്‍ക്കാവുന്ന മര്‍മ സ്ഥാനം. ഇവിടെ തടസ്സം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള ‘ലൈഫ് ലൈന്‍’ വേഗത്തിൽ നഷ്ടമാകും.