ഏഷ്യൻ റബർ മാർക്കറ്റിൽ രക്തച്ചൊരിച്ചിൽ, വൻ ഇടിവ്; മ്യാൻമർ പ്രതിസന്ധിയിൽ അടയ്‌ക്ക കുതിച്ചു: ഇന്നത്തെ (7/4/25) അന്തിമ വില

Mail This Article
ഏഷ്യൻ റബർ മാർക്കറ്റുകളിൽ ഇടപാടുകളുടെ ആദ്യ മിനിറ്റുകളിൽ തന്നെ രക്തച്ചൊരിച്ചിൽ. നിക്ഷേപകർ കൂട്ടത്തോടെ ബാധ്യതകൾ വിറ്റുമാറാൻ മത്സരിച്ചത് ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബറിനെ സമ്മർദ്ദത്തിലാക്കി. കഴിഞ്ഞവാരം എട്ടു ശതമാനം ഇടിവ് നേരിട്ട റബറിന് ഇന്ന് ഓപ്പണിങ് വേളയിൽ വീണ്ടും എട്ടു ശതമാനം വിലത്തകർച്ച സംഭവിച്ചു. ഇടപാടുകളുടെ രണ്ടാം പകുതിയിൽ വിലത്തകർച്ച പത്തു ശതമാനത്തിലേക്കു നീങ്ങി. 320 യെന്നിൽ വിപണനം പുനരാരംഭിച്ച റബർ ഒരവസരത്തിൽ 285 യെന്നിലേക്ക് ഇടിഞ്ഞു. അപ്രതീക്ഷിത തകർച്ചയ്‌ക്ക് ഇടയിൽ ഒരു വിഭാഗം ഊഹക്കച്ചവടക്കാർ ഷോട്ട് കവറിങ്ങിന് നീക്കം നടത്തി. എന്നാൽ പുതിയ ബയ്യർമാരുടെ അഭാവം തിരിച്ചുവരവിന് തടസമായി. സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളിലും റബറിന് തളർച്ച നേരിട്ടു. അതേസമയം പ്രദേശിക അവധി മൂലം പ്രമുഖ റെഡി മാർക്കറ്റായ ബാങ്കോക്ക് ഇന്ന് പ്രവർത്തിച്ചില്ല. വിദേശത്തെ മാന്ദ്യം ഇന്ത്യൻ റബറിലും പ്രതിഫലിച്ചു. കർണാടകത്തിൽ നാലാം ഗ്രേഡ് കിലോ 195 ലേക്ക് താഴ്‌ന്നു. കൊച്ചിയിൽ ക്വിന്റലിന് 600 രൂപ ഇടിഞ്ഞ് 19,500ൽ വ്യാപാരം നടന്നു.
പാൻ മസാല വ്യവസായികൾ അടയ്‌ക്ക സംഭരിക്കാൻ കാണിച്ച ഉത്സാഹം വിലക്കയറ്റത്തിന് അവസരം ഒരുക്കി. ഏതാനും മാസങ്ങളായി തളർച്ചയിൽ നീങ്ങിയ അടയ്‌ക്കവില പെട്ടെന്ന് ഉയർന്നത് കണ്ട് സ്റ്റോക്കിസ്റ്റുകൾ വിൽപ്പനയിലേക്ക് ശ്രദ്ധതിരിക്കാൻ ഇടയുണ്ട്. ഇറക്കുമതി ചുരുങ്ങിയതാണ് വ്യവസായികളെ ആഭ്യന്തര മാർക്കറ്റിലേയ്‌ക്ക് അടുപ്പിച്ചത്. മ്യാൻമറിലെ ഭൂകമ്പത്തിനു ശേഷം അവിടെ നിന്നും കള്ളക്കടത്തായി എത്തിയിരുന്നു അടയ്‌ക്ക വരവ് പെട്ടെന്നു നിലച്ചത് വ്യവസായികളെ പ്രതിസന്ധിലാക്കി. കൊച്ചിയിൽ അടയ്‌ക്ക വില ക്വിന്റലിന് 13,000 രൂപ വർധിച്ച് 35,000 രൂപയിലേക്ക് ഉയർന്നു.

ഉത്സവാഘോഷ ഡിമാൻഡ് മുൻ നിർത്തി ആഭ്യന്തര വിദേശ ഇടപാടുകാർ ഏലക്ക വാരി കൂട്ടാൻ ഉത്സാഹിച്ചെങ്കിലും വിലയിൽ കാര്യമായ മുന്നേറ്റമില്ല. കാർഷിക മേഖലയിൽ രാവിലെ നടന്ന ലേലത്തിൽ 60,684 കിലോ ഏലക്ക വിൽപ്പനയ്‌ക്ക് എത്തിയതിൽ 60,434 കിലോയും വിറ്റഴിഞ്ഞു. വിവിധ വിദേശ രാജ്യങ്ങളുമായി നേരത്തെ ഉറപ്പിച്ച കച്ചവടങ്ങൾ പ്രകാരമുള്ള കയറ്റുമതി പുരോഗമിക്കുന്നു. വിഷു, ഈസ്റ്റർ വിൽപ്പന മുന്നിൽ കണ്ട് ആഭ്യന്തര ഇടപാടുകാരും ചരക്ക് സംഭരിക്കുന്നുണ്ട്. മികച്ചയിനങ്ങൾ കിലോ 3023 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 2593 രൂപയിലും കൈമാറി.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക