‘കറുമ്പി’ എന്ന പരിഹാസം; ലെസ്ബിയനായാൽ എന്താണ് പ്രശ്നം? മഞ്ജു പത്രോസ് പറയുന്നു

Mail This Article
‘കറു കറുത്തൊരു പെണ്ണാണ്, കടഞ്ഞെടുത്തൊരു മെയ്യാണ്! എന്നെല്ലാം നമുക്ക് എഴുതാനേ സാധിക്കൂ. വിവാഹത്തിലേക്ക് എത്തുമ്പോൾ വെളുത്ത പെണ്ണിനു പിറകെ പോകും.’– സമൂഹത്തിൽ ഇരുണ്ട നിറമുള്ളവര്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് മലയാളിയുടെ പ്രിയതാരം മഞ്ജു പത്രോസ് പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നിറത്തിന്റെ പേരിൽ നേരിട്ട അനുഭവം പങ്കുവച്ചപ്പോൾ അത് വലിയ ചർച്ചയായി. എന്നാൽ ഇരുണ്ട നിറമുള്ള ഒരു സാധാരണക്കാരൻ ദിനംപ്രതി ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ടെന്നും മഞ്ജു പറഞ്ഞു. ഇരുണ്ട നിറമായതിന്റെ പേരിൽ കുട്ടിക്കാലത്ത് അപകർഷതാ ബോധമുണ്ടായിരുന്നു. വളർന്നപ്പോള്‍ ഈ അപകർഷതാബോധം ആത്മവിശ്വാസമായി മാറിയതിനെ കുറിച്ച് പറയുകയാണ് മഞ്ജു. പുതുതലമുറയിലെ അക്രമ വാസനയെ കുറിച്ച് ഒരു കൗമാരക്കാരന്റെ അമ്മ എന്ന നിലയിൽ വ്യക്തമായ കാഴ്ചപ്പാടും മഞ്ജു പങ്കുവച്ചു. സുഹൃത്ത് സിമി ബാബുവുമായുള്ള സൗഹൃദത്തെ കുറിച്ചും മനോരമ ഓൺലൈനോട് മനസ്സു തുറക്കുകയാണ് മഞ്ജു പത്രോസ്.
‘കറുമ്പി’ എന്ന് കളിയാക്കിയ സമൂഹം
കുട്ടിക്കാലത്ത് നിറത്തിന്റെ പേരിൽ കേൾക്കേണ്ടി വരുന്ന ചെറിയ കളിയാക്കലുകളാണ് പിന്നീട് ട്രോമയായി മാറുന്നത്. അന്ന് അതൊരു തെറ്റാണെന്നോ ബോഡി ഷെയ്മിങ് ആണെന്നോ ആർക്കും അറിയില്ല. കറുമ്പി എന്നൊക്കെ വിളിച്ചുള്ള ചെറിയ കളിയാക്കലുകളിൽ നിന്നാണ് എനിക്കൊക്കെയുണ്ടായ ബുദ്ധിമുട്ടുകൾ തുടങ്ങുന്നത്. അഞ്ചു വയസ്സുള്ള ഒരു കുട്ടിക്ക് കറുത്തതാണെന്നോ വെളുത്തതാണെന്നോ ഒന്നും താരതമ്യം ചെയ്യാൻ സാധിക്കില്ല. നമ്മുടെ ചുറ്റിലുമുള്ള ആളുകൾ നമ്മളെ അയ്യേ കറുമ്പി, വെയിലത്തു പോകല്ലേ കറുത്തു പോകും എന്നൊക്കെ മറ്റുള്ള കുട്ടികളോട് പറയുമ്പോൾ ഇരുണ്ട നിറമുള്ള അഞ്ചോ–പത്തോ വയസ്സുള്ളവൾക്ക് അവൾ മോശക്കാരിയാണെന്ന് തോന്നിത്തുടങ്ങും. നമ്മൾ മറ്റുള്ളവരെ പോലെയല്ല. കറുത്താണിരിക്കുന്നതെന്നും കറുപ്പാകുമ്പോൾ കൊള്ളില്ലെന്നുമുള്ള ഒരുതരം അപകർഷതാ ബോധം ഉണ്ടാകും. പറയുന്ന ആളുകൾ ചിലപ്പോൾ കളിയാക്കണം എന്നു കരുതി പറയുന്നതാകില്ല. പക്ഷേ, അന്ന്് തുടങ്ങുന്നതാണ് അൽപം ഇരുണ്ട നിറമുള്ള ഓരോ വ്യക്തിയുടെയും ഉള്ളിലെ ട്രോമ. അങ്ങനെയൊക്കെ ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നെയൊക്കെ പണ്ട് കറുമ്പി എന്നു തന്നെയാണ് വിളിച്ചിരുന്നത്. കുറെ അങ്ങനെ പറയുമ്പോൾ മറ്റുള്ളവരോട് വഴക്കുണ്ടാക്കിയിരുന്നു എന്ന് എന്റെ അമ്മച്ചി പറയാറുണ്ട്.
കറുമ്പി എന്ന വിളി എന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. കൗമാരപ്രായമായപ്പോൾ വലിയ രീതിയിലുള്ള അപകർഷതാ ബോധം എനിക്കുണ്ടായിരുന്നു. കാരണം നമ്മളെന്തോ കുറഞ്ഞ ആളുകളാണ്. നമ്മളെ ആരും നോക്കില്ല, കറുത്തു പോയാൽ കാണാൻ ഭംഗിയില്ല. എന്നൊക്കെയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് എന്നെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്. ഞാൻ കറുത്ത ആളാണല്ലോ എന്ന ചിന്ത എപ്പോഴും അലട്ടിയിരുന്നു. വെളുത്തയാളുകൾക്കൊപ്പം പോകാൻ ഒരു ഉൾഭയമുണ്ടായിരുന്നു. ചുറ്റിലുമുള്ളവർ അങ്ങനെ കളിയാക്കിയതിൽ നിന്നുവന്നതാണ് ഭയം. എന്റെ അടുത്ത സുഹൃത്ത് സിമിയെ കറുത്തവളാണെന്നു പറഞ്ഞ് ഒരു ടീച്ചർ ഡാൻസിൽ നിന്ന് മാറ്റി നിർത്തിയ അനുഭവം വളരെ വിഷമത്തോടെ അവൾ പറഞ്ഞിരുന്നു. അത് എല്ലാകാലത്തും അവൾക്കൊരു ട്രോമയായിരുന്നു. പറയുന്നവർക്ക് ഇതെല്ലാം ഇത്ര കാര്യമാക്കേണ്ട കാര്യമുണ്ടോ എന്നു തോന്നും. പക്ഷേ, ഈ സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഒരാൾക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ചീഫ് സെക്രട്ടറിക്കുണ്ടായ ആത്മവിശ്വാസം എല്ലാവർക്കും ഉണ്ടാകില്ല
ഒരു ഡ്രെസ് എടുക്കാൻ പോകുമ്പോൾ പോലും ഇരുണ്ട നിറമുള്ള വ്യക്തി ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകും. കാരണം നീ കറുത്തതല്ലേ, നിനക്കിത് ചേരില്ല എന്ന് പലരും പറയും. ഈ ഡ്രെസ്സിട്ടാൽ നീ കൂടുതൽ ഇരുണ്ടതാകും എന്നൊക്കെ പറയും. നീ കറുത്തവനാണ്, മറ്റുള്ളവർക്കൊപ്പം നിൽക്കാനുള്ള അർഹത നിനക്കില്ല എന്നൊക്കെ തോന്നിപ്പിച്ചുക്കൊണ്ടിരിക്കും. സമൂഹത്തിൽ ഉയർന്ന തസ്തികയിലിരിക്കുന്ന ഒരാൾക്ക് ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നപ്പോൾ സമൂഹം പതറിപ്പോയി. ചീഫ് സെക്രട്ടറിക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായിക്കൂടാ. അയ്യോ കഷ്ടം. എന്നാണ് എല്ലാവരും പറയുന്നത്. ഈ അവസ്ഥയിലൂടെ എത്രയാളുകൾ ദിനംപ്രതി കടന്നുപോകുന്നു. ചീഫ് സെക്രട്ടറിയ്ക്ക് ഉന്നതപദവിയിലിരിക്കുന്നതിന്റെ കോൺഫിഡന്‍സുള്ളതു കൊണ്ടാണ് ഇതെല്ലാം തുറന്നു പറയാൻ സാധിച്ചത്. പക്ഷേ, അതിനു പോലും കഴിയാത്തവരുണ്ട്. സമൂഹത്തിൽ പലകാരണങ്ങളാൽ അടിച്ചമർത്തപ്പെട്ട ഇരുണ്ട മനുഷ്യരുണ്ട്. അവരെ നമ്മൾ പരിഗണിക്കണം. ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള സാഹചര്യം അവർക്കും ഉണ്ടാകണം.
അഭിനയരംഗത്തേക്കു വന്നപ്പോൾ അത്തരത്തിലുള്ള മാറ്റിനിർത്തലുകളുണ്ടായിട്ടില്ല. കുറച്ചു ബോധമുള്ള മനുഷ്യർക്കൊപ്പം ജോലിചെയ്യാൻ സാധിച്ചതാണ് എന്റെ ഭാഗ്യം. നമുക്ക് അൽപം കൂടി ലോകപരിചയമായതോടെ ഇതൊന്നും വലിയ കാര്യമല്ലെന്നും നമ്മളെ ബാധിക്കുന്നതല്ലെന്നും മനസ്സിലായി. എന്നെ പോലെ ബാല്യകാലത്തിൽ ഇത്തരം പ്രശ്നങ്ങൾ നേരിട്ടവരിലേക്ക് ഇനിയും ട്രോമ കുത്തിവയ്ക്കാതിരിക്കാനാണ് ഞാൻ സംസാരിക്കുന്നത്. ഇനി വരുന്ന കുട്ടികൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകരുതെന്നാണ് കരുതുന്നതത്. ഇപ്പോൾ ഇത്തരം വിമർശനങ്ങൾ വരുമ്പോൾ ശ്രദ്ധിക്കാറില്ല. എന്നെ ഇപ്പോൾ ആരെങ്കിലും പറയുമ്പോൾ എനിക്കൊന്നും തോന്നാറില്ല. പക്ഷേ, നമ്മൾ ഒരു കൂട്ടത്തിൽ നിൽക്കുമ്പോൾ അവിടെ ആരെങ്കിലും കളിയാക്കപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ എല്ലാം തികഞ്ഞ ആളുകളാണോ എന്ന് ചോദിക്കും.
കുട്ടികളെ ജീവിതത്തിന്റെ നല്ലവശം പഠിപ്പിക്കണം
നമുക്കിവിടെ വളരെ സന്തോഷകരമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ട്. പക്ഷേ, പലപ്പോഴും അനാവശ്യ കാര്യങ്ങൾ തിരഞ്ഞാണ് നമ്മൾ പോകുന്നത്. എനിക്കു ചുറ്റുമുള്ളവരെ എനിക്ക് സ്നേഹിക്കാൻ കഴിയുന്നു, ജോലി നന്നായി ചെയ്യാന്‍ കഴിയുന്നു ഇതെല്ലാം എന്റെ സന്തോഷം ഇരട്ടിപ്പിക്കുന്നതാണ്. എനിക്കിഷ്ടമുള്ളതു പോലെ ഞാൻ ഉച്ചത്തിൽ പാട്ടുപാടും. പൊട്ടിച്ചിരിക്കും, സങ്കടം വരുമ്പോൾ കരയും അതുതന്നെയാണ് ഞാൻ എന്റെ മകനോടും പറയാറുള്ളത്. പ്രശ്നങ്ങളുണ്ടാകും. പക്ഷേ, നമ്മൾ അതിലേക്കു പോകാതിരിക്കുക. നമ്മൾ ഒരു താളത്തിൽ നമ്മുടെ പ്രശ്നങ്ങളെ അഭിമുഖീകരിച്ചാൽ മതി. ഈ കുട്ടികൾ അവരുടെ അൽപ സമയത്തെ സന്തോഷത്തിനു വേണ്ടിയാണ് ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നത്. ആത്യന്തികമായി അതിൽ നിന്ന് സുഖമില്ലെന്ന് അവർ മനസ്സിലാക്കുന്നില്ല. ഇപ്പുറത്ത് ജീവിതം മനോഹരമാക്കാനുള്ള പലകാര്യങ്ങളുമുണ്ട്. സൗഹൃദം, പ്രണയം, പുതിയ അറിവുകൾ നേടാനുള്ള ആഗ്രഹം ഇതെല്ലാം മറ്റൊരു വശത്തുണ്ട്. അതിലേക്കെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചാൽ നമുക്ക് ജീവിതം കൂടുതൽ മനോഹരമാക്കാൻ സാധിക്കും. ജീവിതത്തെ അങ്ങനെ പാകപ്പെടുത്തണമെന്ന് ഞാന്‍ മകനോട് പറയാറുണ്ട്. സത്യത്തിൽ അവനെ പഠിക്കാൻ വിടാനൊക്കെ എനിക്കു പേടിയാണ്. കാരണം അവൻ ചെന്നെത്തുന്ന സ്ഥലം എങ്ങനെയായിരിക്കും? എനിക്കെപ്പോഴും അവന്റെ കൂടെ നിൽക്കാൻ സാധിക്കില്ലല്ലോ ഇത്തരം ആശങ്കകളെല്ലാം ഉള്ള ഒരു അമ്മയാണ് ഞാൻ. എല്ലാവരെയും സ്നേഹിക്കണമെന്നും നന്നായി പെരുമാറണമെന്നും അവനോട് പറയാറുണ്ട്. നിന്നെ പോലെയോ നിന്റെ അമ്മയെ പോലെയോ ആയിരിക്കില്ല നീ പരിചയപ്പെടുന്ന വ്യക്തി. അവരുടെ മോശം വശം നിന്നിലേക്ക് എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ആകാംക്ഷയില്ല, അടച്ചാക്ഷേപിക്കരുത്!
മുൻപൊക്കെ ഒരു സെന്റ് ഓഫ് എന്നു പറയുമ്പോൾ എത്ര നല്ല ഓർമകളാണ്. കഴിഞ്ഞ ദിവസം ഒരു വിഡിയോ കണ്ടു. ക്ലാസിലെ സീലിങ് ഫാനൊക്കെ തകർക്കുകയാണ് കുട്ടികൾ. ഡസ്റ്റർ, ചോക്ക് ഇതൊക്കെ നമുക്ക് പ്രിയപ്പെട്ട ഓർമകളായിരുന്നു. ഞാന്‍ സ്കൂളിൽ നിന്ന് ഒരു വെള്ള ചോക്കുമായാണ് തിരികെ വന്നത്. പത്തുവർഷം നമ്മുെട ഭാഗമായിരുന്നു അതെല്ലാം. എന്റെ ടേബിളിൽ ഞാൻ പേരുവരെ എഴുതി വച്ചിരുന്നു. ആ കാലത്തിൽ നിന്ന് നമ്മുടെ കുട്ടികള്‍ എങ്ങനെയാണ് ഇങ്ങനെ മാറിയതെന്ന് ആലോചിക്കുമ്പോൾ അതിശയം തോന്നും. തീർച്ചയായും സാഹചര്യം മാറി. പക്ഷേ, പൂർണമായും ഇക്കാര്യത്തിൽ കുട്ടികളെ കുറ്റം പറയാൻ സാധിക്കില്ല. റേഡിയോയിൽ ഒരു ശബ്ദരേഖ കേൾക്കാനും ദൂരദർശനിൽ നാലുമണിയുടെ ഒരു സിനിമ കാണാനും ക്ഷമയോടെ കാത്തിരുന്ന തലമുറയാണ് എന്റേത്. ഇന്നത്തെ കുട്ടികൾക്ക് അതിന്റെ ആവശ്യമില്ല. എന്തു വേണമെങ്കിലും അവരുടെ വിരൽതുമ്പിലുണ്ട്. പുതിയ തലമുറയ്ക്ക് ഒന്നിനോടും ഒരുതരത്തിലുമുള്ള ആകാംക്ഷയും ഇല്ല. പുതിയ തലമുറയ്ക്കു മുന്നിൽ എല്ലാം ആവശ്യത്തിൽ കൂടുതൽ ഉണ്ട്. അതുകൊണ്ടു തന്നെ അവർക്ക് ഒന്നിനും ഒരു വിലയുമില്ലാത്ത ഒരു അവസ്ഥയുണ്ട്. എല്ലാം എല്ലാവരിലേക്കും എത്തുന്നത് ഒരു പരിധിവരെ നല്ലതാണ്. പക്ഷേ, ഇവർക്ക് പുതിയതായി ഒന്നും ചെയ്യാനില്ല എന്നാണ് മറുവശം. അപ്പോൾ കുറച്ച് തല്ലിപ്പൊട്ടിച്ചേക്കാം എന്നൊക്കെ കരുതുന്നുണ്ടോ എന്നറിയില്ല. എന്നാൽ പൂർണമായും ഇവർ മോശക്കാരാണെന്നു പറയാൻ സാധിക്കില്ല. കാരണം വെള്ളപ്പൊക്കത്തിന്റെയും കോവിഡിന്റെയുമെല്ലാം സമയത്ത് പുതിയ തലമുറയുടെ സാമൂഹിക പ്രതിബദ്ധത കേരളം കണ്ടറിഞ്ഞതാണ്.
ലൈംഗിക വിദ്യാഭ്യാസം വീട്ടിൽ നിന്ന് പഠിപ്പിക്കണം
ഇന്നത്തെ കുട്ടികൾക്കു സ്നേഹം വളരെ പ്രകടമായി വേണം. പിന്നെ മാതാപിതാക്കളും കുട്ടികളും തമ്മിൽ തുറന്ന സംസാരം ഉണ്ടാകണം. ഈ ലോകത്തിൽ എന്തുകാര്യത്തെ കുറിച്ചും എനിക്ക് എന്റെ മകനോട് പറയാം. തിരിച്ച് അവനും അങ്ങനെ തന്നെയാണ്. ഞാനും മകനും തമ്മിൽ അത്തരത്തിൽ ഒരു ബന്ധം ഉണ്ടാക്കിയെടുത്തതാണ്. എന്റെ അമ്മച്ചിയുടെ കൂടെയാണ് അവന്‍ നിൽക്കുന്നത്. വണ്ടിയിൽ നിന്നൊന്ന് വീണാൽ പോലും ഏറ്റവും അവസാനമാണ് എന്നെ വിളിച്ചു പറയുക. കാരണം അവന്റെ അമ്മ കരയും എന്ന് അവന് നന്നായി അറിയാം. അവന് നോവുന്നത് അവന്റെ അമ്മയ്ക്കു വേദനയാണെന്ന് വ്യക്തമായി അറിയാം. ‘ദേ വിഷമിക്കരുത് മഞ്ജു പത്രോസേ. ഞാൻ പറയുന്ന കാര്യം കേട്ടാൽ നീ ഇരുന്ന് കരയും. എന്ന് പറഞ്ഞുകൊണ്ടാണ് അവൻ ഇത്തരത്തിലുള്ള എന്തെങ്കിലും കാര്യം പറയുന്നത്. എന്നെ എടി, പോടി, മഞ്ജു എന്നൊക്കെ അവൻ വിളിക്കും. അമ്മ, അച്ഛൻ, മക്കൾ എന്ന ചില മതിൽക്കെട്ടുകൾ ഉണ്ടല്ലോ. ഇന്നത്തെ തലമുറയ്ക്ക് അതുപാടില്ല.
ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാം കണ്ടുപഠിക്കാനുള്ള സൗകര്യമുണ്ട്. ഫോൺ നോക്കിയാൽ തന്നെ ലൈംഗികത എന്താണെന്ന് അവർക്കു മനസ്സിലാകും. അത് നമ്മൾ പ്രത്യേകമായി പഠിപ്പിക്കേണ്ടതില്ല. നിന്റെ അമ്മയ്ക്കും മറ്റൊരു സ്ത്രീക്കും ഒരേ ശരീരമാണ്. ലൈംഗികത എന്നത് വെറും കാട്ടിക്കൂട്ടലുകൾ മാത്രമല്ലെന്നും വിഡിയോയിലും മറ്റും കാണുന്ന വൈകൃതമല്ല അതെന്നും ഞാന്‍ അവന് പറഞ്ഞുകൊടുത്തിട്ടുണ്ട്. കാണുന്ന എല്ലാ സ്ത്രീകളും നിനക്കുള്ളതല്ല. അതിൽ നിന്റെ സുഹൃത്തുക്കളും അമ്മയും അനിയത്തിയും എല്ലാമുണ്ടാകും. നിന്റെ കൂടെ പിറന്നവരല്ലെങ്കിൽ കൂടി അവരെയെല്ലാം നിനക്ക് അങ്ങനെ കാണാൻ കഴിയണം എന്നുപറയാറുണ്ട്.
ലെസ്ബിയനായാൽ എന്താണ് കുഴപ്പം?
ഞങ്ങൾ ലെസ്ബിയന്‍ കപ്പിളാണെന്നൊക്കെ ആളുകള്‍ അവരുടെ സുഖത്തിനു വേണ്ടി പറയുന്നതാണ്. ഇനി ലെസ്ബിയനായാൽ തന്നെ എന്താണു കുഴപ്പം? അവർക്കും ജീവിക്കേണ്ടേ. ഗേ ആയവർക്കും ലെസ്ബിയനായവർക്കും ഈ സമൂഹത്തിൽ ജീവിക്കണം. ഈ ഭൂമി പുരുഷനും സ്ത്രീക്കും മതി എന്ന വാദത്തോടെല്ലാം എനിക്ക് യോജിപ്പില്ല. രണ്ട് സ്ത്രീകൾ ഒരുമിച്ചു നിന്ന് സംസാരിച്ചാൽ പോലും സംശയത്തോടെ നോക്കുന്ന സമൂഹമാണ് നമുക്ക് ചുറ്റിലുമുള്ളത്. സമൂഹത്തെ ഉപദ്രവിക്കാത്ത എന്തും മനുഷ്യന് ചെയ്യാമല്ലോ. ഞാനും സിമിയും ലെസ്ബിയൻസ് ആണെന്നിരിക്കട്ടെ. അങ്ങനെയാണെങ്കിൽ തന്നെ എന്താണു തെറ്റ്? ഞങ്ങൾ ലെസ്ബിയനാണെങ്കിൽ തന്നെ മറ്റാർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടോ? സമൂഹത്തിനു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലല്ലേ ഇതെല്ലാം പ്രശ്നമാകുന്നത്. ഞങ്ങള്‍ തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമാണ്. എന്റെ ഏറ്റവും കംഫർട്ട് സ്പെയ്സാണ് സിമി. ഈ ഭൂമിയിലുള്ള എന്തിനെ കുറിച്ചും ഞങ്ങൾക്കു സംസാരിക്കാന്‍ സാധിക്കും. എന്റെ ചിന്തയും സന്തോഷവുമായി വളരെ ചേർന്നു പോകുന്ന ഒരാൾ. അതിനെ ലെസ്ബിയൻസ് എന്നുവിളിക്കുന്നത് എന്തിനാണെന്നു മനസ്സലായില്ല.